You are Here : Home / USA News

പശു വധം മുതല്‍ ഫാസിസം വരെ: ഇന്‍ഡ്യയുടെ മാറുന്ന പ്രമാണങ്ങള്‍- വിചാരവേദിയില്‍ ചര്‍ച്ച

Text Size  

Story Dated: Friday, December 18, 2015 11:33 hrs UTC

വാസുദേവ് പുളിക്കല്‍

 

വിചാരവേദി ഡിസംബര്‍ 11-ന് കേരള കള്‍ചറല്‍ സെന്ററില്‍ ചേര്‍ന്ന സാഹിത്യ സദസ്സില്‍ ബാബു പാറക്കലിന്റെ 'ഇന്‍ഡ്യയുടെ മാറുന്ന പ്രമാണങ്ങള്‍' എന്ന ലേഖനം ചര്‍ച്ച ചെയ്തു. സാഹിത്യ വിഷയങ്ങള്‍ മാത്രമല്ല, ആനുകാലിക വിഷയങ്ങളും വിചാരവേദിയില്‍ചര്‍ച്ച ചെയ്യാറുണ്ട.് ആഗോള തലത്തില്‍ തന്നെ സാംസ്‌കാരികാധഃപതനം നടന്നു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സാംസ്‌കാരിക തലത്തിലും ഭരണ തലത്തിലും ഫാസിസ്റ്റ് ചിന്തകളുടെ കടന്നു കയറ്റം മനുഷ്യന്റെ സുരക്ഷിതത്വത്തിന് ഭംഗം വരുത്തുന്നു. മാഹാത്മാഗാന്ധിക്കു നേരെ നിറയൊഴിച്ച ഗോഡ്‌സെയെ ആരാധ്യപുരുഷനാക്കിയതും പശുമാംസം ഭക്ഷിച്ചതിന്റെ പേരില്‍ ഒരു മുസ്ലിം കുടംബത്തെ അക്രമിച്ചതും ഭൂമീദേവിയെ ആരാധിച്ചില്ല എന്ന കാരണത്താല്‍ ഒറീസ്സായില്‍ ഒരു മിഷനറിയേയും കുട്ടികളേയും ചുട്ടു കരിച്ചതും സംസ്‌കാരത്തിന്റെ അപചയവും അധഃപതനവും തന്നെ. മാനുഷിക മൂല്യങ്ങളെ തിരസ്‌ക്കരിക്കുന്ന ഇത്തരം സംഭവങ്ങള്‍ കണക്കിലെടുത്ത് വിലയിരുത്തുമ്പോള്‍ ഇന്‍ഡ്യയുടെ പ്രമാണങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന നിഗമനത്തില്‍ എത്താം എന്ന് സാംസി കൊടുമണ്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. വാസുദേവ് പുളിക്കല്‍ മഹാത്മ ഗാന്ധിയുടെ ആദര്‍ശ രാഷ്ട്ര ആശയങ്ങള്‍ അനുസ്മരിച്ചു കൊണ്ടാണ് സംസാരിച്ചത്. ആദര്‍ശ രാഷ്ട്രത്തില്‍ പ്രത്യേകം ഭരണകൂടത്തിന്റെ ആവശ്യമില്ല. ഓരോ വ്യക്തിയും അയല്‍ക്കാരന് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ സ്വയം ഭരണം നടത്തുക. അയല്‍ക്കാരന്റെ വികാരങ്ങള്‍ കൂടി മാനിക്കപ്പെടുമ്പോള്‍ സമത്വ സുന്ദരമായ ഒരു രാഷ്ട്രം താനെ സംജാതമാകും. അവിടെ നിയമ ലംഘനമോ പീഡനങ്ങളോ ഉണ്ടാകാത്തതിനാല്‍ പോലീസിന്റെ പോലും ആവശ്യമുണ്ടാവുകയില്ല. സമത്വ സുന്ദരമായ ഒരു സമൂഹം ഇല്ലാതെ പോകുന്നതിന്റെ കാരണക്കാര്‍ ജനങ്ങള്‍ തന്നെയാണ്. ജനങ്ങള്‍ സാമൂഹ്യ സംയമനത്തിന് തയ്യാറായാല്‍ സമൂഹം സമ്പന്നമാകും. രാജ്യം ദാരിദ്ര്യരേഖയുടെ താഴെ നില്‍ക്കുന്നത് മന്ത്രിമാര്‍, രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കാതെ, സ്വന്തം നേട്ടങ്ങള്‍ക്കും അഴിമതിക്കുമായി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തനിമയിലും ഭാരതീയ സംസ്‌കാരത്തിലും അഭിമാനിക്കുന്ന അമേരിക്കന്‍ മലയാളികള്‍ നാട്ടിലെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്‍ഡ്യയില്‍ നടക്കുന്ന അനാശാസ്യമായ കാര്യങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള മനസ്സാണ് ബബു പാറക്കലിന്റെ ലേഖനത്തില്‍ തെളിഞ്ഞു കാണുന്നതെന്ന് ഡോ. ജോയ് ടി. കുഞ്ഞാപ്പു ആമുഖമായി പറഞ്ഞു. ലേഖനത്തില്‍ വസ്തുതകള്‍ നിരത്തി വച്ചിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും പരിഹാരം ലേഖകന്‍ നിര്‍ദ്ദേശിക്കുന്നില്ല. ലേഖനം വിശദമായി വിശകലനം ചെയ്യുകയായിരുന്നു ഡോ. കുഞ്ഞാപ്പു. 65 വര്‍ഷം ഭരിച്ചിട്ടും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു സ്ഥാപനമാണ് അഴിമതി എന്ന് വസ്തുനിഷ്ഠമായി ലേഖനത്തില്‍ രേപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ പ്രശ്‌നം രൂക്ഷമാണ്. ശൂന്യാകാശം കീഴടക്കാന്‍ പണം ചിലവഴിക്കുമ്പോള്‍ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പദ്ധതികള്‍ മാറ്റിവയ്ക്കപ്പെടുന്നു എന്ന ശോചനീയാവസ്ഥ നിലനില്‍ക്കുന്നു. പശുമാംസം ഭക്ഷിക്കുന്നതിനെ പറ്റി പ്രതിപാദിച്ചിരിക്കുന്നതാണ് ലേഖനത്തിലെ പ്രസക്തമായ ഭാഗം. പശു കല്പകവൃക്ഷം പോലുള്ള ഒരു കല്പകമൃഗമാണെന്ന വിശ്വാസം ഭാരതത്തില്‍ വളര്‍ന്ന് വന്ന് അത് ആരാധനയായി മാറി. ഈയ്യിടെ ഫിലാഡെല്‍ഫിയായില്‍ ഒരു മോസ്‌ക്കില്‍ പന്നിയെ കൊണ്ടിട്ടപ്പോള്‍ മുസ്ലിംകള്‍ക്കുണ്ടായ വികാരത്തിന് തത്തുല്യമാണ് പശുവിന്റെ തല ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് കാണുമ്പോള്‍ ഹിന്ദുക്കള്‍ക്കുണ്ടാകുന്ന വികാരം. ഇത് മതപരമായ വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസത്തേക്കാള്‍ പ്രാധാന്യം ഭരണഘടനാപരമായ കാര്യത്തിനാണ്. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ പശുവധം നിരോധിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അങ്ങനെ വേണമെന്നും എഴുതിവച്ചിട്ടുണ്ട്. ഈ അധികാരത്തെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിക്ക്പോലും സാധ്യമല്ല. ഭാരതത്തില്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ഗോവധം നിരോധിച്ചിരിക്കുന്നത് തികച്ചും നിയമപരമാണ്. ഭരണഘടന അലകും പിടിയും മാറ്റുന്ന പ്രക്രിയക്ക് മാത്രമേ ഇത്തരം പ്രതിസന്ധിയില്‍ നിന്നും പുറത്തു കടക്കാന്‍ ഇനി സാധ്യമാവുകയുള്ളൂ. ഭരണഘടന മാത്രമേ ആത്യന്തികമായി സ്വീകരിക്കപ്പെടുകയുള്ളൂ, അതുകൊണ്ട് വസ്തുതകള്‍ സ്വീകരിച്ച് സമാധാനം കാണുകയും ഭരണഘടനക്ക് വിധേയരായി ജീവിക്കുകയും മാത്രമാണ് കരണീയമായിട്ടുള്ളത് എന്ന നിര്‍ദ്ദേശത്തോടെ ഡോ. ജോയ് ടി. കുഞ്ഞാപ്പു പ്രസംഗം അവസാനിപ്പിച്ചു. നിയമം വെളിപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം പലരുടെയും സംശയങ്ങള്‍ക്ക് നിവാരണം കണ്ടെത്താന്‍ സഹായകമായി. ജനാധിപത്യത്തില്‍ സഹവര്‍ത്തിത്തം, സാഹോദര്യം സമത്വം എന്നതിനോടൊപ്പം തന്നെ അവരവര്‍ക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കാനും വസ്ത്രങ്ങള്‍ ധരിക്കാനുമുള്ള അവകാശമുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് അഭികാമ്യമായ കാര്യമല്ല. ജന്തു ബലിയെപറ്റി ഹിന്ദുമത ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മതസ്വാതന്ത്യത്തിനും രാഷ്ട്രസ്വാതന്ത്ര്യത്തിനും ഉപരിയായിട്ടുള്ളത് വ്യക്തി സ്വാതന്ത്ര്യമാണ് എന്ന് ഡോ. നന്ദകുമാറും മതേതരത്വത്തിന് പ്രാധാന്യം നല്‍കിയില്ലെങ്കില്‍ മതേതരത്വത്തിന്റെ പേരിലുള്ള ശ്രേയസ്സ് ഇല്ലാതെ പോവുകയും രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമുണ്ടാവുകയും ചെയ്യുമെന്നു രാജു തോമസ്സും അഭിപ്രായപ്പെട്ടു. പ്രമാണങ്ങളുടെ പ്രഭവസ്ഥാനം വേദസംസ്‌കാരത്തിലെ 'ഗ്വേദത്തില്‍ നിന്നാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ഡോ. ശശിധരന്‍ പ്രസംഗം ആരംഭിച്ചു. പ്രമാണത്തെ പ്രത്യക്ഷ പ്രമാണമെന്നും പരോക്ഷ പ്രമാണമെന്നും തരം തിരിച്ചിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കുന്നത് പ്രത്യക്ഷ പ്രമാണത്തിലും ഇല്ലാത്തത് ഉണ്ടെന്ന് തോന്നുത് പരോക്ഷ പ്രമാണത്തിലും ഉള്‍പ്പെടുന്നു. ആകാശത്തിന്റെ നിറം നീലയല്ലെങ്കിലും അത് നീലയായി തോന്നുന്നതും മരീചികയും പരോക്ഷ പ്രമാണത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. ബാബു പാറക്കലിന്റെ ലേഖനം സമകാലിക ഇന്‍ഡ്യയുടെ രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവും മതപരവുമായ അപചയത്തിന്റെ ആഴക്കയത്തിലേക്ക് എത്തിനോക്കാനുള്ള പ്രചോദനം നല്‍കുന്നു. ഹാരപ്പ, മോഹന്‍ജൊദാരോ സംസ്‌കാരങ്ങള്‍ (ഇപ്പോള്‍ ഇത് പാക്കിസ്ഥാനിലാണ്) തെളിയിക്കുന്നത് ക്രിസ്തുവിന് 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതത്തില്‍ നിലനിന്നിരുന്ന സംസ്‌കൃതിയുടെ സമ്പന്നതെയെയാണ്. ശൗച്യാലയങ്ങള്‍ വീടിന്റെ അകത്തു പോലും ഉണ്ടായിരുന്ന ഒരു സംസ്‌കാരം ഭാരതത്തിലുണ്ടായിരുന്നു. യൂറോപ്പിലും അമേരിക്കയിലും വീടിനകത്ത് ശൗച്യാലയങ്ങള്‍ ഉണ്ടാക്കാന്‍ പ്രചോദനം നല്‍കിയത് ഇന്‍ഡ്യന്‍ സംസ്‌കാരമാണ്. ആ സംസ്‌കാരമാണ് ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്നത്്. 1947 ആഗസ്റ്റ് പതിനഞ്ചിന് ഇന്‍ഡ്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല! യഥാര്‍ത്ഥത്തില്‍ നടന്നത് മതത്തിന്റെ പേരിലുള്ള വിഭജനമാണ്. മതമേധാവിത്വത്തിന്റെ മയൂരസിംഹാസനങ്ങള്‍ക്കു വേണ്ടിയും രാഷ്ടീയാധികാരത്തിന്റെ കനകസിംഹാസനങ്ങള്‍ ഒരുക്കുന്നതിനു വേണ്ടിയുമാണ്‍് ഈ വിഭജനം നടന്നത്. ഇന്‍ഡ്യയുടെ ഹൃദയത്തില്‍ തറച്ച ശല്യമായി, കോപമായി ഇന്നും അത് തുടരുന്നു. ധര്‍മ്മത്തിന്റേയും മതത്തിന്റേയും പേരിലുള്ള ദുരാചാരങ്ങളും അനാചാരങ്ങളും കുടികൊണ്ട നമ്മുടെ നാടിനെ തൊട്ടുണര്‍ത്തിയ പുരാണ കഥാപാത്രങ്ങളെ പോലും വെല്ലുന്ന വിവേകാനന്ദന്റേയും മഹാത്മഗാന്ധിയുടേയും സ്വപ്നമാണ് ഇവിടെ പൊലിഞ്ഞത്. അവിടം മുതല്‍ ഇന്‍ഡ്യയുടെ മാറാത്ത പ്രമാണങ്ങളുടെ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങി. ഭാരതത്തെ കണ്ടറിഞ്ഞ കണ്ണും കൊണ്ടറിഞ്ഞ ഹൃദയവുമുണ്ടായിരുന്ന അനേകം മനീഷികളുടെ പരമമായ സങ്കല്പമായിരുന്നു ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു പോലെ ഉത്തിഷ്ടതയും ജാഗ്രതയും ജീവിതത്തില്‍ പകര്‍ത്തണം. നല്ല വ്യക്തിയില്‍ നിന്നാണ് നല്ല സമൂഹം ഉണ്ടാകുന്നത്. നമ്മള്‍ നല്ലവരായി ജീവിക്കുക എന്നതിനാണ് പ്രാധാന്യം കല്പിക്കേണ്ടത്. ഒന്നിനേയും അന്ധമായി വിശ്വസിക്കാന്‍ തയ്യാറാകാതെ എല്ലാറ്റിനേയും യുക്തിപൂര്‍വ്വം കാണാന്‍ ശ്രമിക്കുക. അതില്‍ നിന്ന് ആനന്ദം കണ്ടെത്തുക. ആനന്ദം നമ്മുടെ ഉള്ളില്‍ തന്നെയുണ്ടെങ്കിലും അജ്ഞാനികള്‍ മറ്റൊന്നില്‍ ആനന്ദം തേടി പരക്കം പായുന്നു. ശ്രേയസ്സിലൂടെ ലഭിക്കുന്ന ആനന്ദവും പ്രേയസ്സിലൂടെ ലഭിക്കുന്ന ആനന്ദവുമുണ്ട്. രാഷ്ട്രീയ നേതാക്കന്മാര്‍ അധികാരമത്തില്‍ ശ്രേയസ്സിനെ വലിച്ചെറിഞ്ഞ് നൈമിഷിക സുഖമായ പ്രേയസ്സിന്റെ പിന്നാലെ പോയി സ്വയം നശിക്കുന്നതോടൊപ്പം നാടിനേയും നശിപ്പിക്കുന്നു. വേദങ്ങളും ബൈബിളും ഖുറാനും സമന്വയിക്കുന്ന സ്ഥാനത്തു നിന്നാണ് നമ്മുടെ യഥാര്‍ത്ഥ സംസ്‌കാരം ഉടലെടുക്കുന്നത്. പല സംസ്‌കാരങ്ങളും നശിച്ചു പോയിട്ടും ഭാരതീയ സംസ്‌കാരം നിലനില്‍ക്കുന്നത് അതിന്റെ മഹത്വം കൊണ്ടാണ്. ലോകത്തിലെ മഹാന്മാരെല്ലാം ജീവിച്ച് മഹാത്മാക്കളായത് അവര്‍ അവരെത്തന്നെ ഉയര്‍ത്തിക്കൊണ്ടാണ്. അല്ലാതെ മതങ്ങളും രാഷ്ട്രങ്ങളുമല്ല അവരെ മഹാത്മാക്കളായി മാറ്റിയതെന്ന് ഡോ. ശശിധരന്‍ അടിവരയിട്ട് പറഞ്ഞു. ശ്രേഷ്ഠമായതെല്ലാം വന്നത് യൂറോപ്പില്‍ നിന്നാണ് എന്ന് പറയുന്നതില്‍ യാതൊരു യാഥാര്‍ത്ഥ്യവുമില്ല. വാല്മീകി (വാത്മീകിയല്ല) മുതല്‍ വലിയകോയിത്തമ്പുരാന്‍ വഴി ഉറൂബിലെത്തി വായന നിര്‍ത്തിയതു കൊണ്ടാണ് സാഹിത്യ മീമാംസയുടെ അടിസ്ഥാന സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞത്. വാല്മീകിയും, വ്യാസനും, കാളിദാസനും, ആനന്ദവര്‍ദ്ധനനും, അഭിനവഗുപ്തനും, മഹിമാഭട്ടനും, ക്ഷേമേന്ദ്രനും, കുന്തകനും, വിശ്വനാഥനും പറഞ്ഞതിനപ്പുറം കെ. എം. ജോര്‍ജിനും, എസ്. ഗുപ്തന്‍ നായര്‍ക്കും, എം. ലീലാവതിക്കും, ശ്രീജനും ഒന്നും പറയാനില്ലെന്ന സത്യത്തിന് അടിവര ഇടാന്‍ കഴിഞ്ഞു. മൗലികതയില്ലാത്ത എഴുത്തുകാരെ വാനോളം പുകഴ്ത്തുന്ന മഹിമ സ്വയം വിലയിരുത്തിയാല്‍ നന്ന്. ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നത് മൗലിക മൂല്യമുള്ള സാഹിത്യകാരന്മാരേയും സാഹിത്യ സൃഷ്ടികളേയും ചൂണ്ടിക്കാണിക്കാത്തതിലുള്ള ന്യൂനതയാണെന്നും ഡോ. ശശിധരന്‍ തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. കാല്പനികത ഉടലെടുത്തത് പതിനേഴാം നൂറ്റാണ്ടില്‍ പാശ്ചാത്യ രാജ്യത്തല്ല, ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശതവാഹന രാജാവായ ഹാലനാണ് കാല്പനികതയുടേയും ഹൈക്കു കവിതകളുടേയും ഉപജ്ഞാതാവ്. വിമര്‍ശന സാഹിത്യത്തിന് ഒന്‍പതാം നൂറ്റാണ്ടില്‍ ( 820-890) ആനന്ദവര്‍ദ്ധനന്‍ തുടക്കം കുറിച്ചതാണ്. ഭാരതീയ സംസ്‌കാരത്തിന്റെ മഹനീയതയില്‍ ഭാരതീയര്‍ക്ക് ജാതിമതഭേദമന്യേ ആശ്വാസം കണ്ടെത്താന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ, 'തരുപ്പക്ഷിമൃഗങ്ങളോടും നരരോടും സുരരോടുമൊപ്പം സരള സ്‌നേഹം പങ്കിടുക' എന്ന കുമാരനാശാന്റെ കവിത ഉദ്ധരിച്ചു കൊണ്ട്ഡോ. ശശിധരന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചു വാല്മീകി മുതല്‍ ഉറുബു വരെ വായിച്ച് വായന നിര്‍ത്തിയവര്‍ യഥാര്‍ത്ഥ സാഹിത്യ മൂല്യം എന്തെന്ന് മനസ്സിലാക്കിയതു കൊണ്ട് ഉത്തരാധുനിക സാഹിത്യത്തിന്റെ പ്രവണതകളില്‍ കുരുങ്ങിക്കിടന്ന് സാമൂഹ്യ പ്രതിബദ്ധതക്ക് വിചിത്രമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്‍കി പുതിയ തലമുറയെ വഴി തെറ്റിക്കുന്നില്ല. ലോകത്ത് പൂര്‍ണ്ണ സംഖ്യയോടു കൂടി പെരുമാറിയിട്ടുള്ള ഒരു മനുഷ്യനേയും കാണാന്‍ സാധിക്കുകയില്ല. നമ്മള്‍ എല്ലാം ഭിന്ന സംഖ്യയോടുകൂടി പെരുമാറുന്നവരാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് വിവേകമുള്ളവരും പാണ്ഡിത്യമുള്ളവരും വിചാരവേദിയിലെ സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനാല്‍ രചനകളുടെ മൂല്യനിര്‍ണ്ണയം പരമാവധി കൃത്യമായി നിര്‍വ്വഹിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ, വിചാരവേദിയിലെ സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് സമൂഹത്തിനോട് പ്രതിബദ്ധതയുള്ളതുകൊണ്ട് അബദ്ധങ്ങള്‍ വിളിച്ച് പറയുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ചെറുകഥളും നോവലുകളും ലേനങ്ങളും എഴുതി മലയാള സാഹിത്യത്തിലേക്ക് തന്റേതായ സംഭാവന നല്‍കിയ കൊല്ലം തെല്‍മയുടെ നിര്യാണത്തില്‍ വിചാരവേദി അനുശോചനം രേപ്പെടുത്തുകയും എഴുത്തച്'ന്‍ പുരസ്‌കാരത്തിന് അര്‍ഹനായ പുതുശ്ശേരി രാമചന്ദ്രനെ അനുമോദിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.