You are Here : Home / USA News

വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെത്തിയ എ.കെ. ആന്റണിയുടെ പരിശോധനകള്‍ തുടങ്ങി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, December 22, 2015 01:34 hrs UTC

ന്യൂയോര്‍ക്ക്: വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെ പ്രശസ്തമായ റോച്ചസ്റ്റര്‍ മയോ ക്ലിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചതായി യു.എ. നസീര്‍ അറിയിച്ചു. ഡിസംബര്‍ 20-ന് ന്യൂഡല്‍ഹിയില്‍ നിന്ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ആന്റണിയും സംഘവും ചിക്കാഗോ വഴി ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ മയോ ക്ലിനിക്കില്‍ എത്തിയത്. എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, മകന്‍ അനില്‍ ആന്റണി എന്നിവരും കൂടെയുണ്ട്. മുന്‍ എ.കെ.എം.ജി. പ്രസിഡന്റും, എ.എ.പി.ഐ. പ്രസിഡന്റുമായ ഡോ. നരേന്ദ്ര കുമാര്‍, ജയ്‌ഹിന്ദ് ടി.വി. ഡയറക്ടര്‍ ഫെലിക്സ് സൈമണ്‍ എന്നിവര്‍ ചിക്കാഗോയില്‍ നിന്ന് നേതാക്കളെ അനുഗമിച്ചു. സാമൂഹ്യപ്രവര്‍ത്തകരായ വി.ടി. നജീബ്, വിശ്വനാഥ മേനോന്‍, മാത്യു തച്ചില്‍, ഉമര്‍ ഷെര്‍‌വാണി, അന്‍‌വര്‍ സാദിഖ്, ഉണ്ണികൃഷ്ണന്‍ കോട്ടയം (മയോ ക്ലിനിക്ക്), കെ.കെ. അഹമ്മദ് (വയനാട് ജില്ലാ ലീഗ് സെക്രട്ടറി) എന്നിവര്‍ വിമാനത്താവളത്തില്‍ നേതാക്കളെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച വൈകീട്ട് തന്നെ മയോ ക്ലിനിക്ക് ഇന്റര്‍നാഷണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. അമിത് ഘോഷ്, ഭാര്യയും മലയാളിയുമായ ഡോ. കാര്‍ത്തിക ഘോഷ് എന്നിവര്‍ ആന്റണിയെ പരിശോധിച്ചു. തിങ്കളാഴ്ച കാലത്ത് അര്‍ബുദരോഗ ചികിത്സാ വകുപ്പ് മേധാവിയും മലയാളിയുമായ ഡോ. ഷാജി കുമാര്‍, ഡോ. അമിത് ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ ആന്റണിയെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കി. അടുത്ത ദിവസങ്ങളില്‍ Urology, Entomytology തുടങ്ങി വിവിധ വകുപ്പുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. എ.കെ. ആന്റണിക്ക് പ്രതീക്ഷിച്ച രീതിയിലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഒന്നും കാണുന്നില്ലെന്നാണ് ഡോ. നരേന്ദ്ര കുമാറിന്റെ അഭിപ്രായം. എങ്കിലും, ഇന്ത്യയില്‍ നിന്നും ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ, ഭരണരംഗത്തെ പ്രമുഖര്‍ രോഗവിവരങ്ങള്‍ അന്വേഷിച്ച് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ആന്റണിയെ സഹായിക്കാന്‍ രമേശ് ചെന്നിത്തല തന്നെ നേരിട്ട് അമേരിക്കയില്‍ എത്തിയത് ഇന്ത്യയിലെ മാധ്യമ രംഗത്തെ പ്രമുഖരില്‍ വളരെ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്കില്‍ നിന്ന് യു.എ. നസീര്‍ അറിയിച്ചു. രമേശ് ചെന്നിത്തല ഡിസംബര്‍ 28-ന് കേരളത്തിലേക്ക് മടങ്ങും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.