You are Here : Home / USA News

ഡാലസ് ശ്രീഗൂരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാമണ്ഡല പൂജ ഡിസംബർ 26ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 23, 2015 12:47 hrs UTC

ഡാലസ്∙വൃശ്ചിക മാസം ഒന്നു മുതൽ ആരംഭിച്ച മണ്ഡലകാല പൂജകൾക്ക് വിരാമം കുറിച്ചു കൊണ്ടുളള മഹാമണ്ഡല പൂജ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീധർമ്മ ശാസ്താവിന്റെ സന്നിധിയിൽ ഡിസംബർ 26ന് ശനിയാഴ്ച നടത്തപ്പെടുന്നു. ക്ഷേത്രത്തിലെ സ്പിരിച്വൽ ഹാളിൽ ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ഗണപതി ഹോമത്തോടെ അന്നത്തെ ചടങ്ങുകൾക്ക് ആരംഭം കുറിക്കുമെന്ന്, കേരളാ ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് ഗോപാലപിളള അറിയിച്ചു. വ്രത ശുദ്ധിയോടെ മുദ്രമാല അണിഞ്ഞ അയ്യപ്പന്മാർ നിറയ്ക്കുന്ന നെയ്യ് തേങ്ങയും പൂജാ ദ്രവ്യങ്ങളും ഇരുമുടികളിലാക്കി ഗുരു സ്വാമിമാരായ സോമൻ നായരും, ഉണ്ണി നായരും കെട്ടുകൾ മുറുക്കുന്നതായിരിക്കും. അതിനുശേഷം കാനന പാതയിലൂടെയുളള ശരണയാത്രയെ അനുസ്മരിപ്പിക്കുന്ന ഘോഷയാത്രയായി അയ്യപ്പന്മാർ ക്ഷേത്രം വലംവച്ച് ക്ഷേത്രത്തിനുളളിൽ പ്രവേശിപ്പിക്കും. ക്ഷേത്ര മേൽ ശാന്തിമാരായ വിനയൻ നീലമന, മാധവൻ നമ്പൂതിരി എന്നിവർ നിർവ്വഹിക്കുന്ന അഭിഷേക പൂജാദികൾക്കുശേഷം, സർവ്വാലങ്കാര വിഭൂഷിതനായി മണികണ്ഠ സ്വാമി എല്ലാ ഭക്തജനങ്ങളെയും അനുഗ്രഹിക്കും. ഡാലസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നിർമ്മിതിക്കുശേഷം നടക്കുന്ന ആദ്യത്തെ മണ്ഡല പൂജകളിൽ അനേകം അയപ്പഭക്തർ പങ്കെടുത്തതായി കെഎച്ച്എസ് ട്രസ്റ്റി ചെയർമാൻ ഹരിപിളള അറിയിച്ചു. ക്ഷേത്രത്തിലെ അയപ്പ ഭജന സംഘം അനേകം അയപ്പഭക്തരുടെ ഭവനങ്ങളിൽ അയപ്പ ഭജനകൾ നടത്തിയിരുന്നു. മഹാമണ്ഡല പൂജകളിൽ പങ്കെടുത്ത് കലിയുഗ വരദിന്റെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ എല്ലാ ഭക്തരും എത്തിച്ചേരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.