You are Here : Home / USA News

പ്രവാസി മലയാളി കുടുംബസംഗമത്തിന് തലസ്ഥാന നഗരി : പി.പി ചെറിയാന്‍ (ഗ്ലോബല്‍ ട്രഷറര്‍)

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, July 11, 2015 11:20 hrs UTC

2008 ആഗസ്റ്റ് മാസം അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയമതവര്‍ഗീയജാതി ചിന്താഗതികള്‍ക്കതീതമായി രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷന്‍(പി.എം.എഫ്)ന്റെ ആഗസ്റ്റ് 5,6,7 തീയതികളില്‍ നടക്കുന്ന ആഗോള കുടുംബസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് കേരള തലസ്ഥാന നഗരി അണിഞ്ഞൊരുങ്ങുകയാണ്.
2014 ഓഗസ്റ്റ് മാസം ആഗസ്റ്റ് മാസം കോട്ടയത്തു നടന്ന പ്രഥമ ആഗോള കുടുംബസംഗമം ചരിത്രത്താളുകളില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടുവെങ്കില്‍ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ആഗോള കുടുംബ സമ്മേളനം കേന്ദ്രസംസ്ഥാന മന്ത്രിമാര്‍വിദ്യാഭ്യാസമതസാംസ്‌കാരിക സാഹിത്യ നായകന്മാര്‍, ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടും, വിജ്ഞാനപ്രദമായ പഠനക്ലാസ്സുകള്‍, സിമ്പോസിയങ്ങള്‍, പൈതൃക പഠനയാത്ര, വനിതാ സമ്മേളനം, വിവിധ കലാപ്രകടനങ്ങള്‍ എന്നീ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും മറ്റൊരു അവിസ്മരണീയ അനുഭവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നേറുകയാണ്.
ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറുവാന്‍ പ്രവാസി മലയാളി ഫെഡറേഷനു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സംഖ്യാതീതമായ അംഗത്വ അപേക്ഷകള്‍. ജന്മം കൊണ്ട് കേരളീയനാണെങ്കില്‍ ഉപജീവനാര്‍ത്ഥമോ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ വിദേശരാജ്യങ്ങളില്‍ കുടിയേറിയവര്‍ പ്രവാസി മലയാളികള്‍ ആണെന്നുള്ള നിര്‍വചനമാണ് ഇത്രയധികം അംഗങ്ങളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള അടിസ്ഥാന കാരണം.
അന്യരാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ചിലവയിക്കുകയും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തതിനു ശേഷം കേരളത്തിലേക്ക് തിരിച്ചുവന്ന മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രവാസി മലയാളി ഫെഡറേഷന്‍ നിരവധി കര്‍മ്മ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ വോളണ്ടീയര്‍മാര്‍ ഇവരെ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിവരുന്നു.
അമേരിക്കയില്‍ തായ്‌വേരുറപ്പിച്ച് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍. അമേരിക്കയില്‍ താമസിച്ചു നിശബ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള മാത്യു മൂലേച്ചേരില്‍ ആണ് ഈ ആശയത്തിന്റെ സൂത്രധാരന്‍. കൂടാതെ കഴിവും, പ്രാപ്തിയും, സത്യസന്ധതയും, നിസ്വാര്‍ത്ഥ സേവനവും കൈമുതലായുള്ള ഒരുകൂട്ടം സന്നദ്ധസേവകര്‍ ലോകത്തിന്റെ വിവിധരാജ്യങ്ങളിലിരുന്ന് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അമേരിക്കയില്‍ നിന്നുള്ള ഡോ. ജോസ് കാനാട്ടാണ് സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഷിബി നാരമംഗലത്താണ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്.
1992 മുതല്‍ ഓസ്ട്രിയയില്‍ കുടിയേറി സ്ഥിരോത്സാഹവും, കഠിന പ്രയത്‌നവും കൊണ്ട് നിരവധി വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കമിടുകയും, സാമൂഹിക സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കൂത്താട്ടുകുളം പൂവംകുളത്ത് പനച്ചിക്കല്‍ ജോസ് മാത്യുവാണ് സംഘടനയുടെ ആഗോള കോര്‍ഡിനേറ്റര്‍. വിവിധ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും, സംഘടനയെ ഇന്നത്തെ നിലയില്‍ ലോക മലയാളി സംഘടനകളുടെ മുന്‍നിരയില്‍ എത്തിക്കുന്നതിനും സ്വാര്‍ത്ഥേച്ഛയില്ലാതെ കര്‍മ്മനിരതനായിട്ടുള്ള ജോസ് മാത്യു പനച്ചിക്കല്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ആഗോള കുടുംബസംഗമം വിജയിപ്പിക്കുന്നതിന് കണ്‍വെന്‍ഷന്‍ സ്വാഗതം സംഘാംഗങ്ങള്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഭഗീരതപ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ആഗസ്റ്റ് 5,6 തീയതികളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനും, ചര്‍ച്ചാ ക്ലാസ്സുകള്‍ക്കും, സംവാദങ്ങള്‍ക്കും, കലാപരിപാടികള്‍ക്കും തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിയില്‍ വേദിയൊരുങ്ങുമ്പോള്‍ ബിസിനസ് മീറ്റിങ്ങിനും സമാപന സമ്മേളനത്തിനും കനകക്കുന്ന് കൊട്ടാരം വേദിയാകുന്നു.
മാതൃരാജ്യത്തോടും, പിറന്നുവീണ മണ്ണിനോടും, കുടിയേറിയ രാജ്യത്തോടും കൂറുപുലര്‍ത്തുന്നതും തങ്ങളില്‍ അര്‍പ്പിതമായിട്ടുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും സനാതന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അംഗങ്ങളെ സജ്ജാരാക്കുക എന്ന അലിഖിത നിയമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു എന്നുള്ളതാണ് മറ്റുള്ള സംഘടനകളില്‍ നിന്നും പ്രവാസി മലയാളി ഫെഡറേഷനെ വ്യത്യസ്തമാക്കുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രതിജ്ഞാബദ്ധമായിട്ടുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നമുക്കും അണി ചേരാം!
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് മാത്യു പനച്ചിക്കല്‍(ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍): (91)9656012399; (91)9747409309(ഇന്ത്യ)
ഷൗക്കത്ത് പറമ്പില്‍(കണ്‍വീനര്‍):(91) 9446577797 (ഇന്‍ഡ്യ)
മനോജ് വര്‍ഗീസ്(കണ്‍വീനര്‍): (91)9656792467 (ഇന്‍ഡ്യ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.