You are Here : Home / USA News

കേരളം മാറണം; മനസ്‌ മാറ്റാന്‍ പ്രവാസികള്‍ മുന്‍കൈ എടുക്കണം: കെ.വി. തോമസ്‌

Text Size  

Story Dated: Sunday, July 12, 2015 12:15 hrs UTC

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‌ തുടക്കമായി; പ്രഫ. കെ.വി. തോമസിനും, ജോര്‍ജ്‌ കള്ളിവയലിനും സ്വീകരണം നല്‍കി ടൊറന്റോ: ലോകം മാറുന്നതിനൊപ്പം കേരളവും മാറണമെന്നും ഇക്കാര്യത്തില്‍ നാടിന്റെ മന:സ്ഥിതി മാറണമെന്നും മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റ്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനുമായ പ്രഫ. കെ.വി. തോമസ്‌ അഭിപ്രായപ്പെട്ടു. റോഡുകളുടെ കാര്യത്തില്‍ നാം ഇപ്പോഴും 30- 35 മീറ്ററില്‍ നില്‍ക്കുകയാണ്‌. ദേശീയപാതകളുടെ വീതി കൂട്ടരുതെന്ന്‌ ആവശ്യപ്പെട്ട ഒരേയൊരു സംസ്ഥാനം കേരളമാണ്‌. ഈ ആവശ്യവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനുപോലും ചിരിവന്നു. അടുത്ത വര്‍ഷം ജൂലൈയില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ നിര്‍വഹിക്കുകയായിരുന്നു പ്രഫ. കെ.വി. തോമസ്‌.

 

`44 നദികളുണ്ടെങ്കിലും കേരളത്തില്‍ കുടിവെള്ളമില്ല. മാലിന്യ സംസ്‌കരണത്തിന്‌ ശാസ്‌ത്രീയ പദ്ധതികളോ, പരിപാടികളോ നാളിതുവരെ ആസൂത്രണം ചെയ്യാനായിട്ടില്ല. ലോകവും മറ്റ്‌ സംസ്ഥാനങ്ങളും എല്ലാ രംഗങ്ങളിലും മുന്നേറുമ്പോള്‍ കേരളം ഇപ്പോഴും ഹര്‍ത്താലുകളും പണിമുടക്കുകളുമായി കഴിയുകയാണ്‌. ഇതിനു മാറ്റമുണ്ടാകണം. ലോകത്തിന്റെ മാറ്റങ്ങളും വളര്‍ച്ചയും കണ്ടും തൊട്ടുമറിയുന്ന മറുനാടന്‍ മലയാളികള്‍ നാടിനേയും നാട്ടുകാരേയും കുറ്റംപറഞ്ഞു പോകുന്നതിനു പകരം നമ്മുടെ നാട്ടിലും മാറ്റങ്ങളുണ്ടാക്കാനാണ്‌ ശ്രമിക്കേണ്ടത്‌. സമ്പന്നരായ പ്രവാസികള്‍ രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും വികസനത്തിനായി നിക്ഷേപത്തിനു തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. നാലു മലയാളികള്‍, പത്തുസംഘടന എന്ന രീതി അഭിലഷണീയമല്ല. ഐക്യത്തോടെ നിലനില്‍ക്കാനാകണം. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസികള്‍ മുന്‍കൈ എടുക്കണം. വിഭാഗീയത ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുത്‌. രാജ്യത്തിന്റെ ഐക്യവും അഖണ്‌ഡതയും കാത്തുസൂക്ഷിക്കാനാകണം പ്രവാസികള്‍ ശ്രമിക്കേണ്ടത്‌.' കെ.വി. തോമസ്‌ ചൂണ്ടിക്കാട്ടി. ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

 

ഫൊക്കാനാ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസിനേയും, ദീപിക അസോസിയേറ്റ്‌ എഡിറ്ററും ഡല്‍ബി ബ്യൂറോ ചീഫുമായ ജോര്‍ജ്‌ കള്ളിവയലിനേയും ഉപഹാരം നല്‍കി ആദരിച്ചു. സ്‌പോണ്‍സര്‍കൂടിയായ ജോസി കാരക്കാട്ടിന്‌ രജിസ്‌ട്രേഷന്‍ നല്‍കിയാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. യു.എസ്‌.എയില്‍ നിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ ജയ്‌ബു മാത്യു കുളങ്ങരയ്‌ക്ക്‌ നല്‍കി. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്‌ ഒരുക്കങ്ങള്‍ വിശദീകരിച്ചു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ കുര്യന്‍ പ്രാക്കാനം സ്വാഗതവും, ട്രസ്റ്റി ബോര്‍ഡ്‌ അംഗം മാറ്റ്‌ മാത്യു കൃതജ്ഞതയും പറഞ്ഞു. ഫൊക്കാനാ ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫായിരുന്നു അവതാരകന്‍. കാനഡയില്‍ ടൊറന്റോയ്‌ക്ക്‌ സമീപം മാര്‍ക്കം ഹില്‍ട്ടണ്‍ സ്വീറ്റ്‌സില്‍ 2016 ജൂലൈ 1 മുതല്‍ 4 വരെയാണ്‌ ഫൊക്കാനാ കണ്‍വന്‍ഷന്‍ നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.