You are Here : Home / USA News

ഡാളസ്സിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 09, 2015 11:00 hrs UTC

 
ഗാര്‍ലന്റ്(ടെക്‌സസ്): ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മൂന്ന് ഡബ്ലിയൂ.എം.സി(WMC) പ്രൊവിന്‍സുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വ്യത്യസ്ഥ അവതരണരീതികള്‍ എന്നിവയാല്‍ സമ്പന്നമായപ്പോള്‍ മലയാളി മനസ്സില്‍ എന്നെന്നും തങ്ങിനില്‍ക്കുന്ന അവിസ്മരണീയ അനുഭവമായി മാറി.
 
സെപ്റ്റംബര്‍ 5 ശനിയാഴ്ച രാവിലെ 11 മണിയോടെ ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആന്‍സി തലച്ചെല്ലൂര്‍, ലിജി സോയ് എന്നിവര്‍ ഈശ്വര പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. അലക്‌സ് അലക്‌സാണ്ടര്‍ മുഖ്യാതിഥിയായി എത്തിചേര്‍ന്ന പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്‌ക്കൂള്‍ ആന്റ് കോളേജ് മാനേജര്‍ വെരി റവ. റമ്പാന്‍ ജോസഫിനെ സദസ്സിന് പരിചയപ്പെടുത്തുകയും, ഓണാഘോഷ പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായി രോഹിത് നായരെ നിയോഗിക്കുകയും ചെയ്തു.
 
ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യു സ്വാഗതമാശംസിച്ചു. വെരി.റവ.ജോസഫ് റമ്പാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ വേദിയിലൊരുക്കിവച്ചിരുന്ന നിലവിളക്കില്‍ ദീപം കൊളുത്തി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
 
ഓണത്തിന്റെ ചരിത്രപശ്ചാത്തലവും, കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും സമന്വയിപ്പിച്ച് മുഖ്യാതിഥി നടത്തിയ പ്രഭാഷണം കേള്‍വിക്കാര്‍ക്ക് ചിന്താദ്യോദകമായിരുന്നു. വേള്‍ഡ് മലയാളി ഗ്ലോബല്‍ നേതാവ് ഗോപാലപിള്ള ആശംസാ പ്രസംഗം നടത്തി.
 
തുടര്‍ന്ന് കേരളത്തിന്റെ തനതായ നൃത്ത-നൃത്ത്യ, കലാപ്രകടനങ്ങള്‍ വേദിയേയും, മലയാളി മനസ്സിനേയും ഒരുപോലെ കീഴടക്കി. ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി മൂന്ന് സീനുകളോടെ അവതരിപ്പിക്കപ്പെട്ട സ്‌ക്കിറ്റ് കാണികളില്‍ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തി.
കലാരംഗത്തും, വിഭ്യാഭ്യാസരംഗത്തും നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
 
വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലമേന്തിയ യുവതികള്‍ മാവേലി തമ്പുരാനെ വേദിയിലേയ്ക്കാനയിച്ചതോടെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമായി.
സാന്ദ്ര, സജന, സുഷില്‍, ഡ്യൂക്ക് വര്‍ഗീസ്, ആന്‍സി, ജോണ്‍സന്‍, ചാര്‍ളി, അലക്‌സ്, രോഹിത് നായര്‍, ഹരിനാരായണന്‍, ഏമിതോമസ്, നേഹ, ഗൗരി മനോജ്, ക്രിസ്റ്റല്‍, ജൂലിയ, എറിന്‍, ഷാരന്‍, ഷാജി, ബിയാമേരി, അന്ന, ജയ്‌ന, ശാന്തി, ദീപാ, ദിവ്യ, ജയ്മി, ഹന്ന, കെല്‍സി, സുജന തുടങ്ങിയവര്‍ ഭരതനാട്യം, ഗ്രൂപ്പ് സോഗ്, മോഹിനിയാട്ടം, തിരുവാതിരക്കളി, മലയാളം ഡാന്‍സ് തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തു.
 
ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യു, നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് പ്രസിഡന്റ് സിസില്‍ ചെറിയാന്‍, ഡി.എഫ്.ഡബഌയൂ പ്രൊവിന്‍സ് പ്രസിഡന്റ് ഷാജി രാമപുരം എന്നിവരുടെ നേതൃത്വത്തില്‍ ഫിലിപ്പ് തോമസ്, ഏലികുട്ടി ഫ്രാന്‍സീസ്, പ്രമോദ് നായര്‍, സുചിത് തങ്കപ്പന്‍, സജി നായര്‍, ദീപക്, രജ്ജിത ലാല്‍, അലക്‌സ് അലക്‌സാണ്ടര്‍ എന്നിവരാണ് ഓണാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് സജ്ജീവമായി രംഗത്തുണ്ടായിരുന്നത്.
 
വാഴയിലയില്‍ വിളമ്പിയ ഓണസദ്യയുടെ വിഭവങ്ങള്‍ ആസ്വദിച്ചു സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സംഘാടകരോടുള്ള നന്ദിയും, കടപ്പാടും ഓരോരുത്തരുടേയും മുഖത്തു ദൃശ്യമായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.