You are Here : Home / USA News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: സെപ്‌റ്റംബര്‍ സമ്മേളനം

Text Size  

Story Dated: Thursday, September 17, 2015 10:53 hrs UTC

മണ്ണിക്കരോട്ട്‌

ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, `മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന `മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക'യുടെ 2015-സെപ്‌റ്റംബര്‍ സമ്മേളനം 26-ന്‌ വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫറ്‌ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ്‌ ഓഫിസ്‌ ഹാളില്‍ സമ്മേളിച്ചു. ചെറുകഥ, യാത്രാവിവരണം, ഓണത്തെക്കുറിച്ച്‌ ചര്‍ച്ച മുതലായ വിവിധ വിഷയങ്ങള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചു. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അദ്ധ്യക്ഷപ്രസംഗത്തില്‍ മണ്ണിക്കരോട്ട്‌ സന്നിഹിതരായ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. അടുത്ത സമയത്ത്‌ ഖത്തറില്‍നിന്ന്‌ അമേരിക്കയില്‍ കുടിയേറിയ നാടക നടനും, സംവിധായകനും എഴുത്തുകാരനുമായ പി.സി. ജേക്കബും ഗുരുകുലം സ്‌ക്കൂളിലെ അധ്യാപകനും ലൈബ്രറേറിയനുമായ ജോണ്‍ ചാക്കൊയും ഇപ്രാവശ്യം പ്രത്യേക അതിഥികളായിരുന്നു.

 

ആദ്യമായി ജോസഫ്‌ തച്ചാറ അദ്ദേഹത്തിന്റെ `രണ്ട്‌ ഭീകരര്‍' എന്ന കഥ അവതരിപ്പിച്ചു. ഒരു നാടക നടന്റെ ചാതുര്യത്തോടെ അവതരിപ്പിച്ച തച്ചാറയുടെ കഥാപാരായണം എല്ലാവരും ഒരു നാടക സംഭാഷണംപോലെതന്നെ ആസ്വദിച്ചു. ഒരു കൗമാരക്കാരന്റെ മാനസിക വിഭ്രാന്തിയിലൂടെ വികസിക്കുന്ന ഈ കഥ എല്ലാവരും ഏറെ ഇഷ്ടപ്പെട്ടു. ശാരീരികമായ വളര്‍ന്നുകൊണ്ടിരിക്കുന്ന അവന്റെ മനസിലൂടെ കടന്നുപോകുന്ന വ്യത്യസ്ഥമായ ചിന്താഗതികളിലെ ചില ഭാഗങ്ങള്‍ രസാത്മകമായി ഈ കഥയില്‍ ചിത്രീകരിച്ചിരിക്കുന്നു. മുതിര്‍ന്നവരുടെ പെരുമാറ്റങ്ങള്‍ വീക്ഷിക്കുന്നവര്‍ കൗമാരത്തിന്റെ പൂര്‍ണ്ണതയിലെത്തുമ്പോള്‍ പെണ്‍കുട്ടികളെക്കുറിച്ചുള്ള സങ്കല്‌പങ്ങള്‍ ചിലപ്പോള്‍ സ്വപ്‌നങ്ങളായി മനസിലെത്തുന്നതും അതില്‍നിന്നുണ്ടാകാവുന്ന അനിഷ്ടാവസ്ഥകളുമെല്ലാം ഈ കഥയില്‍ കാണാമായിരുന്നു. തുടര്‍ന്ന്‌ സുരേഷ്‌ ചിയേടത്ത്‌ കാനഡായിലെ ടൊറാന്റൊ നഗരത്തിലെ യാത്രയുടെ പശ്ചാത്തലത്തില്‍ ആ നഗരത്തിന്റെ ചരിത്രം, ഭൂപ്രകൃതി, കാലാവസ്ഥ, ജനവാസം എന്നുവേണ്ട ടൊറാന്റൊ നഗരത്തിന്റെ ഒരു പൂര്‍ണ്ണ ചിത്രം അവതരിപ്പിച്ചു. ന്യൂയോര്‍ക്കിലെപ്പോലെയുള്ള കാലാവാസ്ഥയും അതുപോലെതന്നെ വിവിധ രാജ്യങ്ങളിലെ ജനങ്ങളും ഭാഷക്കാരും അവിടെയും അധിവസിക്കുന്നതായി സുരേഷ്‌ ചിയേടത്ത്‌ അറിയിച്ചു. അതിനുശേഷം ഓണത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു പ്രധാന ഇനം. തുടക്കമായി ജോസഫ്‌ മണ്ഡവത്തില്‍ ഓണത്തെക്കുറിച്ച്‌ ഒരു ലഘുവിവരണം നല്‍കി. അദ്ദേഹം തന്റെ ചെറുപ്പകാലത്തെ ഓണാഘോഷത്തിന്റെ ഓര്‍മ്മകളിലേക്ക്‌ സദസ്യരെ കൂട്ടിക്കൊണ്ടുപോയി. അന്നത്തെപ്പോലെ സ്‌നേഹവും സാഹോദര്യവും സമത്വവും നിറഞ്ഞുനിന്ന ഓണം ഇന്ന്‌ അന്യമായിരിക്കുന്നവെന്ന്‌ അദ്ദേഹം ഖേദം അറിയിച്ചു. അതായിരുന്നു യഥാര്‍ത്ഥ ഓണം, അന്നത്തെപ്പോലെ നല്ല ദിനങ്ങള്‍ ഉണ്ടായെങ്കിലെ ഓണത്തിന്‌ പൂര്‍ണ്ണത ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. പൊതുചര്‍ച്ചയില്‍ ഇന്ന്‌ ഓണാഘോഷം പൊതുവെ ദേവാലയങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഓണത്തിന്റെ തനത്‌ മൂല്യം നഷ്ടപ്പെട്ടിരിക്കുന്നവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. അങ്ങനെ ഇന്ന്‌ ഓണം വര്‍ഗ്ഗീയവത്‌ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന്‌ സദസ്യര്‍ കുറ്റപ്പെടുത്തി. ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്‌, സജി പുല്ലാട്‌, മണ്ണിക്കരോട്ട്‌, ജോര്‍ജ്‌ ഏബ്രഹാം, ജെയിംസ്‌ ചാക്കൊ, നൈനാന്‍ മാത്തുള്ള, പൊന്നുപിള്ള, തോമസ്‌ വര്‍ഗ്ഗീസ്‌, ജി. പുത്തന്‍കുരിശ്‌, സുരേഷ്‌ ചിയേടത്ത്‌, ജോണ്‍ മാത്യു, ജോസഫ്‌ തച്ചാറ, പി.സി. ജേക്കബ്‌, ജോസഫ്‌ മണ്ഡവത്തില്‍, ജോണ്‍ പി. ചാക്കൊ മുതലായവര്‍ പങ്കെടുത്തു. മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.