You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ദയാബായിയെ ആദരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 03, 2015 03:34 hrs UTC

ജിമ്മി കണിയാലി

ഷിക്കാഗോ: ഇന്‍ഡ്യയിലെ പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ആദരിക്കുന്നു. ഒക്‌ടോബര്‍ 17-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പാരീഷ്‌ ഹാളിലാണ്‌ ചടങ്ങ്‌ നടക്കുക. പ്രസിഡന്റ്‌ ടോമി അംബേനാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിവിധ മത മേലദ്ധ്യക്ഷന്മാരും സാംസ്‌കാരിക-സാമൂഹിക-സംഘടനാ നേതാക്കളും പ്രസംഗിക്കും. ജോണിക്കുട്ടി പിള്ളവീട്ടിലാണ്‌ ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍. പാലായ്‌ക്കടുത്ത്‌ പൂവരണി ഗ്രമത്തിലെ പുല്ലാട്ട്‌ കുടുംബത്തില്‍ പിറന്ന മേഴ്‌സി മാത്യുവാണ്‌ ഇന്ന്‌ ദയാബായി അറിയപ്പെടുന്നത്‌. പതിനാറാം വയസില്‍ കന്യാസ്‌ത്രീയാകാന്‍ കൊതിച്ച്‌ ഒടുവില്‍ കന്യാസ്‌ത്രീ മഠം ഉപേക്ഷിച്ച്‌ ചൂഷണം ചെയ്യപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ കഠിന ജീവിതങ്ങള്‍ക്കൊപ്പം സ്വജീവിതം ചേര്‍ത്തുവെച്ച ദയാബായി മദ്ധ്യപ്രദേശിലെ ചിണ്‌ട്‌വാര ജില്ലയിലെ ബാറുള്‍ ഗ്രാമത്തിലാണ്‌ ജീവിക്കുന്നത്‌. `നര്‍മ്മദാ ബചാവോ', `ചൊങ്കാറ' സമരം തുടങ്ങിയ സാമൂഹിക മുന്നേറ്റങ്ങളുടെ മുന്നണി പയാളി ആയിരുന്നു ദയാബായി.

 

ദയാബായിയുടെ സ്‌തുത്യര്‍ഹമായ സാമൂഹിക സേവനത്തിന്‌ അവരെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍ നിരവധിയാണ്‌. 2007-ല്‍ വനിത വുമണ്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌, വിജില്‍ ഇന്ത്യയുടെ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌ അവാര്‍ഡ്‌, ജനനീ ജാഗ്രതീ അവാര്‍ഡ്‌, സുരേന്ദ്ര നാഥ്‌ ട്രസ്റ്റ്‌ അവാര്‍ഡ്‌, ധര്‍മ്മഭാരതി ദേശീയ പുരസ്‌കാര്‍, സ്‌പിരിറ്റ്‌ ഓഫ്‌ അസീസ്സി നാഷണല്‍ അവാര്‍ഡ്‌, ഗുഡ്‌ സമരിറ്റന്‍ നാഷണല്‍ അവാര്‍ഡ്‌ എന്നിങ്ങനെ ദയാബായിക്ക്‌ ലഭിച്ച പുരസ്‌കാരങ്ങള്‍ നിരവധിയാണ്‌. `ഒറ്റയാള്‍' എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ദയാബായിയുടെ ജീവിതത്തിലേക്ക്‌ വെളിച്ചംവീശുന്നു.

 

പ്രശസ്‌ത ചലച്ചിത്രതാരം നന്ദിതാ ദാസ്‌ തന്റെ ജീവിത്തിന്‌ പ്രചോദനമേകിയ ഒരു പ്രമുഖ വ്യക്തിത്വമാണ്‌ ദയാബായി എന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി. ന്യൂയോര്‍ക്കിലെ ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ ക്ലബ്‌ (ഐ.എ.പി.സി) നല്‍കുന്ന `സദ്‌കര്‍മ്മ അവാര്‍ഡ്‌' സ്വീകരിക്കാനാണ്‌ അമേരിക്കയിലെത്തുന്നത്‌. സ്വന്തം ജീവിതം മുഴുവനും പൊതുനന്മയ്‌ക്കായി മാറ്റിവെച്ച ദയാബായിയെ കാണുന്നതിനും ആദരിക്കുന്നതിനും, അവരുടെ സന്ദേശം ശ്രവിക്കുന്നതിനുമുള്ള ഈ അസുലഭ അവസരം പരമാവധി വിനിയോഗിക്കണമെന്ന്‌ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ബിജി സി. മാണി, ജെസ്സി റിന്‍സി, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍, മോഹന്‍ സെബാസ്റ്റ്യന്‍, ഫിലിപ്പ്‌ പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.