You are Here : Home / USA News

കെസ്റ്റര്‍ 2015- ഒക്‌ടോബര്‍ 10 ശനിയാഴ്ച ന്യൂജേഴ്‌സിയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, October 08, 2015 11:55 hrs UTC

ന്യൂജേഴ്‌സി: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക്ക് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്ന കെസ്റ്റര്‍ ലൈവ് 2015 സംഗീത വിരുന്ന് ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി. പ്രശസ്ത ഗായകന്‍ കെസ്റ്റര്‍ ഹൃദയവര്‍ജകമായി തന്റെ സ്വരമാധുരിയില്‍ മെലഡി ഗാനങ്ങള്‍ ആലപിച്ച് ശ്രോതാക്കളെ കീഴടക്കി. ഇതാദ്യമായാണ് കെസ്റ്റര്‍ അമേരിക്കയിലെത്തുന്നത്. കെസ്റ്ററിന്റെ ഉച്ഛസ്ഥായിയില്‍ പാടി ഏറെ പ്രശംസ ഏറ്റുവാങ്ങിയ വിഖ്യാതമായ 'നിന്‍ സ്‌നേഹമെത്രയോ അവര്‍ണ്ണനീയം' എന്ന ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗായകന്‍ നിലമ്പൂര്‍ കാര്‍ത്തികേയനെ സ്റ്റേജില്‍ വിളിച്ച് അദ്ദേഹം ആദരിക്കുകയും ചെയ്തു. കെസ്റ്റര്‍ എന്ന ക്രിസ്തീയ ഗാനഗന്ധര്‍വര്‍ മലയാളി ക്രൈസ്തവ മനസുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്. അമേരിക്കയില്‍ ഉടനീളം പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം അത് റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു. ഭക്തിഗാനങ്ങളുടെ താളലയസമന്വയത്തിന് ഗ്രേസ് പോയിന്റ് ഗോസ്പല്‍ ഫെലോഷിപ്പ് അങ്കണം സാക്ഷിയാവുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം പ്രശ്‌സ്ത ഗായകരായ ബിനോയ് ചാക്കോ, സിസിലി ഏബ്രഹാം എന്നിവരും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രായോടൊപ്പം അണിനിരന്നു. കെസ്റ്ററിന്റെ പല മെലഡികളും രചിച്ചിട്ടുള്ള ഫാ. തദേവൂസ് അരവിന്ദത്ത് വേദിയുടെ മുന്‍നിരയില്‍ ഇടം പിടിച്ചിരുന്നു. ഇരുവരുടെയും കൂടിച്ചേരല്‍ സദസ്സും ഏറ്റെടുത്തതോടെ സംഗീതവിരുന്ന് കാണികള്‍ക്ക് ഏറെ ഹൃദ്യമായി. ഫാ. തദേവൂസ് അരവിന്ദത്ത് രചിച്ച്, അകാലത്തില്‍ പൊലിഞ്ഞ സംഗീതപ്രതിഭ വയലിന്‍ ജേക്കബ് സംഗീതം പകര്‍ന്ന 'മൃദുവായി തൊടുകില്‍' എന്ന ഗാനം കെസ്റ്റര്‍ ആലപിച്ചപ്പോള്‍ സദസ്സ് സംഗീതത്തിന്റെ അനിര്‍വചനീയമായ മറ്റൊരു ലോകമാണ് അനുഭവിച്ചത്. സംഗീത ലോകത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയും സംഗീതസപര്യയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ മനസ്സില്‍ കുടിയേറുകയും ചെയ്ത പ്രമുഖ ഗായകനും സെലസ്റ്റിയല്‍ സിംഗറുമായ ബിനോയ് ചാക്കോയുടെ അപ്ബീറ്റ് ഗാനങ്ങളും ആസ്വാദകര്‍ നെഞ്ചോടു ചേര്‍ത്തു. ഈ സംഗീതപരിപാടിയുടെ അവതാരകനായ ബിനോയ് ചാക്കോ ആസ്വാദകര്‍ക്ക് സമ്മാനിച്ചത് സ്വരമാധുരിയുടെ ലയതാളവിന്യാസമാണ്. ഗായിക സിസിലി ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങളുമായി വേദി കീഴടക്കി. പ്രശസ്ത സംഗീതജ്ഞന്‍ സുനില്‍ സോളമനോടൊപ്പമുള്ള ലൈവ് ഓര്‍ക്കസ്ട്രയില്‍ വയലിന്‍, ജോര്‍ജ് കൈകാര്യം ചെയ്തു. ലീഡ് ഗിറ്റാര്‍- വിജയ്, ബേസ് ഗിറ്റാര്‍- സാലു, റിഥം/ ഡ്രംസ്- ഷാലു, തബല- ലാജി, സൗണ്ട്- എബി വിഷ്വല്‍ ഡ്രീംസ്. സംഗീത പ്രോഗ്രാം മലങ്കര കാത്തലിക് എക്‌സാര്‍കേറ്റ് ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സൈമണ്‍ മാത്യു നന്ദി രേഖപ്പെടുത്തി. വികാരി ഫാ. അഗസ്റ്റിന്‍ മംഗലത്ത്, ട്രസ്റ്റി ജേക്കബ് തരകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വ്യത്യസ്ത കമ്മിറ്റികള്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വച്ചത്. കാര്‍വിങ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സാരഥി ഗില്‍ബര്‍ട്ട് ജോര്‍ജ്കുട്ടി ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു. നാഷണല്‍ സ്‌പോണ്‍സേഴ്‌സായ സ്‌കൈപാസ് ട്രാവല്‍സ്, ടൗണ്‍ ഹോംസ്, ഗ്ലോറിയ റേഡിയോ, സിത്താര്‍ പാലസ് എന്നിവരെ ജോര്‍ജ് തുമ്പയില്‍ പരിചയപ്പെടുത്തി. ന്യൂജേഴ്‌സി മലയാളികള്‍ക്കായി കെസ്റ്റര്‍ ലൈവ് 2015 ഒക്േടാബര്‍ 10 ശനിയാഴ്ച 6 മണിക്ക് പരാമസ് കാത്തലിക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. (425 ജമൃമാൗ െഞീമറ, ജമൃമാൗ,െ ചഖ). ഈ പ്രോഗ്രാമിലെ മറ്റ് സ്‌പോണ്‍സേഴ്‌സിനൊപ്പം മീഡിയ സ്‌പോണ്‍സറായി എമര്‍ജിങ് കേരളയും പങ്കെടുക്കുന്നുണ്ട്. ന്യൂജേഴ്‌സിയിലെ മലയാളികള്‍ക്ക് കെസ്റ്റര്‍ ഷോ നേരിട്ട് ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കാര്‍വിങ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് (201) 926-7477

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.