You are Here : Home / USA News

ഒ.സി.ഐ കാര്‍ഡുകാര്‍ക്ക്‌ നേരെയുള്ള അവഗണനയ്‌ക്കെതിരെ ഒരു വിരല്‍ചൂണ്ട്‌

Text Size  

Story Dated: Thursday, October 29, 2015 11:25 hrs UTC

തോമസ്‌ കൂവള്ളൂര്‍

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ സ്ഥിര താമസക്കാരും, ഒ. സി. ഐ കാര്‍ഡ്‌ ഉള്ളവരുമായ ഒരു കുടുംബത്തിന്‌ കേരളത്തിലെ ഉദ്യോഗസ്ഥന്മാരില്‍നിന്നും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെ വെളിച്ചത്തിലാണ്‌ ഈ ലേഖനം എഴുതുന്നത്‌. അതും ഭര്‍ത്താവു മരിച്ച ഒരു വിധവയ്‌ക്ക്‌ ഭര്‍ത്താവിന്റെ പേരിലുള്ള സ്ഥലം പോക്കുവരവ്‌ ചെയ്‌തെടുക്കുന്നതിന്‌ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ ഉദ്യോഗസ്ഥരുടെ പ്രാവസികള്‍ക്കു നേരെയുള്ള അവഗണന വര്‍ദ്ധിച്ചു വരാന്‍ കാരണമായിത്തീരും. അക്കാരണത്താല്‍ തന്നെ സംഭവം തുറന്നെഴുതാന്‍ തന്നെ തീരുമാനിച്ചു. സംഭവം ഏറെക്കുറെ ഇങ്ങനെയാണ്‌. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്ന തോമസ്‌ എം. തോമസിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമെന്നു കരുതുന്നു. 2014 ജൂണ്‍ മാസം 18)ീ തിയതി എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം ആണ്‌. അന്നെന്റെ ബര്‍ത്ത്‌ ഡേ കൂടി ആയിരുന്നു. അന്നു രാത്രി തോമസ്‌ എം. തോമസ്‌ ഭാര്യയോടൊപ്പം സ്വന്തം മകളെ ന്യൂജേഴ്‌സിയില്‍നിന്നും ന്യൂയോര്‍ക്കിലെ ജെ. എഫ്‌. കെ. എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിട്ട ശേഷം തിരികെ ന്യൂജേഴ്‌സിക്ക്‌ പോകുംവഴി എക്‌സിറ്റ്‌ തെറ്റി എന്നു മനസിലാക്കി തന്റെ കാര്‍ ഒരു ഇന്റര്‍സെക്ഷനില്‍ സൈഡില്‍ പാര്‍ക്ക്‌ ചെയ്‌ത്‌ എതിര്‍വശത്ത്‌ ഒരാള്‍ നില്‍ക്കുന്നതുകണ്ട്‌ അയാളോടു പോയി വഴി ചോദിച്ച്‌ തിരികെ കാറിലേക്ക്‌ വരുന്ന സമയം കാലനെപ്പോലെ പാഞ്ഞുവന്ന ഒരു ഡോക്ടര്‍ ഓടിച്ചിരുന്ന കാറിടിച്ച്‌ തല്‍ക്ഷണം കൊല്ലപ്പെട്ടു. ചുരുക്കം ചിലരെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ കാര്യം ഓര്‍ക്കുന്നുണ്ടാവുമെന്നു കരുതുന്നു. കേരളത്തില്‍ നിന്നും ആദ്യ കാലത്ത്‌ അമേരിക്കയില്‍ കുടിയേറിയവരില്‍ ഒരാളായ തോമസ്‌, ഒ. സി. ഐ കാര്‍ഡ്‌ ആദ്യമായി വാങ്ങിയവരില്‍ ഒരാളുമാണ്‌. അദ്ദേഹത്തിന്‌ ആലപ്പുഴ ജില്ലയില്‍ എടത്വായില്‍ പിതൃ സ്വത്തായി കിട്ടിയ വീടും പറമ്പും ഉണ്ടായിരുന്നു. പ്രാവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി റാലികളും പ്രകടനങ്ങളും പലപ്പോഴും സംഘടിപ്പിച്ചപ്പോഴൊക്കെ അതിന്റെ മുന്‍നിരയില്‍ തോമസ്‌ ഉണ്ടായിരുന്നു എന്ന്‌ പല നേതാക്കന്മാര്‍ക്കും അറിവുള്ളതുമാണ്‌. നാട്ടിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ കുറെ സ്ഥലം സര്‍ക്കാരില്‍നിന്നും പുറമ്പോക്കായി മാറ്റിയിട്ട സംഭവവും ഞാനോര്‍ക്കുന്നു. മരിക്കുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ നാട്ടില്‍ പോയി നിന്ന്‌ നിരവധി ഉദ്യോഗസ്ഥന്മാരെ പോയിക്കണ്ട്‌ അവസാനം അദ്ദേഹത്തിന്റെ സ്ഥലം പോക്കുവരവു ചെയ്യിച്ച്‌ തന്റെ പേര്‍ക്ക്‌ ആക്കിയിരുന്നു. താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ കുറേ നാള്‍ പോയി താമസിച്ച്‌ നിര്‍വൃതി അടയണമെന്നു തോമസ്‌ ആഗ്രഹിച്ചിരുന്നു. പക്ഷെ വിധിയെ മാറ്റാന്‍ മനുഷ്യനെക്കൊണ്ട്‌ ആവുകയില്ലല്ലോ. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായ ഭാര്യ നാട്ടിലുള്ള സഹോദരങ്ങളുടെ സഹായത്തോടെ ആ സ്ഥലം നാട്ടില്‍ ജനിച്ചതും, ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നവരും, ഒ. സി. ഐ കാര്‍ഡ്‌ ഉള്ളവരുമായ മക്കളുടെ പേര്‍ക്ക്‌ ആധാരം ചെയ്‌തുകൊടുത്തു. അടുത്തപടി പോക്കുവരവ്‌ ചെയ്യിക്കുക എന്നുള്ളതാണ്‌. അതിനുവേണ്ടി വില്ലജ്‌ ഓഫീസര്‍, തഹസീല്‍ദാര്‍, എന്നിവരുമോക്കെയായി ബന്ധപ്പെട്ടപ്പോള്‍ മക്കള്‍ വിദേശത്തായതി'നാല്‍ അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും, അതിനാല്‍ ആ'ലപ്പുഴ കലക്ടറുടെ ഓഫീസുമായി ബന്ധപ്പെടാന്‍ പറഞ്ഞു. ഒടുവില്‍ ആലപ്പുഴ കലക്ടറുടെ ഓഫീസില്‍ ചെന്നപ്പോള്‍ ലോ ഓഫീസറുമായി ബന്ധപ്പെടാന്‍ പറഞ്ഞു. അയാള്‍ക്കാണെങ്കില്‍ ഒ. സി. ഐ കാര്‍ഡ്‌ എന്താണെന്ന്‌ പിടിപാടുമില്ല. ഒടുവില്‍ ഒ.സി.ഐ കാര്‍ഡ്‌ എന്താണെന്ന്‌ ആ ഉദ്യോഗസ്ഥനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടി വന്നു. ഒടുവില്‍ ലോ ഓഫീസര്‍ പറഞ്ഞു , ഈ വക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം തനിക്കില്ല, തിരുവനന്തപുരത്ത്‌ ലാന്‍ഡ്‌ റവന്യൂ കമ്മീഷ്‌ണറെ പോയി കാണാന്‍ പറഞ്ഞു. ഒടുവില്‍ ഫയല്‍ ഇപ്പോള്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷ്‌ണറുടെ മേശയിലാണ്‌. അയാളാണെങ്കില്‍ കേരളത്തിലെ ഇലക്ഷന്‍ കഴിയാതെ തനിക്കു ഫയല്‍ നോക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ്‌. ഇതിനോടകം ഒരു വര്‍ഷം കഴിഞ്ഞു. സംഗതി വെറും നിസാരം. പക്ഷെ ഉദ്യോഗസ്ഥന്മാരുടെ അറിവില്ലായ്‌മയാണോ അനാസ്ഥയാണോ ഇതിനു കാരണം . വാസ്‌തവത്തില്‍ പ്രവാസികളുടെ ഏതു കാര്യവും കൈകാര്യം ചെയ്യുന്ന നോര്‍ക്ക തുടങ്ങിയ പ്രസ്ഥാനങ്ങളും, അതുപോലെ തന്നെ പ്രവാസി പ്രോട്ടക്ഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും, പ്രവാസികളുടെ ഏതു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറായി ഉണ്ടെന്നു കേള്‍ക്കുന്നു. ഫോമാ, ഫൊക്കാനാ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതൃ സ്ഥാനത്തിരിക്കുന്നവരും പ്രവാസികളുടെ ഏതു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു എന്നും നാം കേള്‍ക്കാറുണ്ട്‌. പ്രവാസികളുടെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനാ നേതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ തോമസ്‌ എം. തോമസിന്റെ വിധവയായ ഗ്രേസി തോമസിനുവേണ്ടി ഈ ചെറിയ ഉപകാരം, അതായത്‌ ആധാരം പോക്കുവരവു ചെയ്‌തു കൊടുക്കുക എന്ന കാര്യം ചെയ്‌തു കൊടുത്താല്‍ അത്‌ വലിയൊരു അനുഗ്രഹമായിരിക്കും. പോക്കുവരവു ചെയ്‌തു കിട്ടിയെങ്കില്‍ മാത്രമേ കരം അടയ്‌ക്കാന്‍ സാധിക്കുകയുള്ളൂ. പൂര്‍വ്വികരുടെ സ്വത്ത്‌ മക്കള്‍ക്ക്‌ പോക്കുവരവു ചെയ്‌തു കിട്ടുന്നില്ലെങ്കില്‍ നമ്മുടെ മക്കള്‍ക്ക്‌ ഒ. സി. ഐ കാര്‍ഡ്‌ കിട്ടിയിട്ട്‌ എന്തു പ്രയോജനം. ഈ സംഭവത്തിനു ശേഷം ഇത്തരത്തിലുള്ള സംഭവങ്ങള്‍ മറ്റു പലര്‍ക്കും ഉണ്ടായി എന്നറിയാന്‍ ഈ ലേഖകന്‌ കഴിഞ്ഞു. പ്രാവസികള്‍ക്കു നേരെയുള്ള കേരളത്തിലെ ഉദ്യോഗസ്ഥന്മാരുടെ ഇത്തരത്തിലുള്ള അവഗണനകള്‍ക്കെതിരെ പ്രാവാസികള്‍ ഇനിയും സംഘടിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കേരളത്തില്‍ മുടക്കിയിട്ടുള്ളത്‌ മുഴുവന്‍ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്‌. കാരണം, മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വം പ്രാവസികള്‍ക്കു നേരെ കണ്ണടച്ചാല്‍ ഒ. സി. ഐ എന്ന സാധനം ഉണ്ടെങ്കില്‍ കൂടി പ്രവാസികള്‍ക്ക്‌ ഇന്ത്യയിലുള്ള അവകാശങ്ങള്‍ നിഷിദ്ധമായി തീരും എന്നെ കാര്യത്തില്‍ രണ്ടു പക്ഷമില്ല. പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ നിയമത്തിലൂടെ മുന്‍ സര്‍ക്കാര്‍ നമ്മുടെ അവകാശങ്ങള്‍, ബൈബിളില്‍ ഏസാവിന്റെ അവകാശങ്ങള്‍ യാക്കോബ്‌ തട്ടിയെടുക്കുന്നതിനു തുല്യമാണ്‌ ചെയ്‌തിരിക്കുന്നത്‌ എന്ന്‌ വിവരമുള്ളവര്‍ക്ക്‌ മനസിലാക്കാന്‍ സാധിക്കും. വാസ്‌തവത്തില്‍ ഒ. സി. ഐ എന്ന കാര്‍ഡ്‌ അമേരിക്കയില്‍ താമസിക്കുന്ന പ്രവാസികളില്‍ നിന്നും പണം പിടുങ്ങാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു വെറും പ്ലാസ്റ്റിക്‌ കാര്‍ഡ്‌ മാത്രമാണ്‌ എന്നുള്ള നഗ്‌ന സത്യം മനസ്സിലാക്കി ഇന്ത്യയിലുള്ള അവകാശങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്‌ ഇരട്ട പൗരത്വത്തിനു (ഡ്യൂവല്‍ സിറ്റിസണ്‍ഷിപ്പ്‌) വേണ്ടി കേന്ദ്ര ഗവണ്‍മെന്റിനോട്‌ ആവശ്യപ്പെടുകയാണ്‌. ഇരട്ട പൗരത്വത്തിനു വേണ്ടി 2011 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കാമ്പയിന്‍ വരെ നയിച്ചതാണെന്ന കാര്യം നമ്മുടെ ഇടയില്‍ വിവരമുള്ള ചിലര്‍ക്കെങ്കിലും അറിവുള്ളതാണ്‌. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ മറ്റു മിക്ക രാജ്യക്കാര്‍ക്കും ഇരട്ട പൗരത്വം ഉണ്ടെന്നുള്ള സത്യം നമ്മുടെ ജനം മനസിലാക്കി വരുന്നതേയുള്ളൂ. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം വേണമെങ്കില്‍ പാര്‍ലമെന്റില്‍ അതിനുള്ള അമന്റ്‌റ്‌മെന്റ്‌സ്‌ വരുത്തിക്കാന്‍ കഴിയണം. ആ നല്ല നാളേയ്‌ക്കു വേണ്ടി നമുക്ക്‌ കാത്തിരിക്കാം. ഗ്രേസി തോമസിന്റെ കേരളത്തിലെ പ്രശ്‌നം പരിഹരിക്കാന്‍, അവരെ സഹായിക്കാന്‍ കഴിവുള്ളവര്‍ നമ്മുടെ ഇടയില്‍ ഉണ്ടെങ്കില്‍ അവരുടെ മൊബൈല്‍ നമ്പറില്‍ വിളിക്കാവുന്നതാണ്‌. ഗ്രേസി തോമസ്‌: 9605241297 (ഇന്ത്യ) കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: തോമസ്‌ കൂവള്ളൂര്‍: (914) 409 5772 (യു.എസ്‌.എ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.