You are Here : Home / USA News

സിനിമാ ഗാനങ്ങളും നൃത്തങ്ങളും അധികവും വെറും വെടിയും പുകയും മിന്നല്‍ പിണറുകളും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 04, 2015 12:42 hrs UTC

ഹ്യൂസ്റ്റന്‍: ഇന്നത്തെ ഇടിവെട്ട് തട്ടുപൊളിപ്പന്‍ ശബ്ദകോലാഹല ജഘന കുംഭ, സ്തനങ്ങള്‍ കുലുക്കിയാടുന്ന കൂട്ട ഉറഞ്ഞുതുള്ളല്‍ നൃത്തഗാനങ്ങള്‍ വെറും അല്‍പ്പായുസ്സുകളാണ്. മനുഷ്യന്റെ വ്യക്തിജീവിതമോ സാമൂഹ്യജീവിതമോ ആയി യാതൊരു ബന്ധവുമില്ലാത്ത ഉത്തരം നൃത്തങ്ങളും ഗാനങ്ങലും പ്രേക്ഷകമനസ്സുകളില്‍ അധികകാലം നിലനില്‍ക്കുകയില്ല. സിനിമയല്ല ജീവിതമെങ്കിലും ഒരല്‍പ്പമെങ്കിലും ജീവിതഗന്ധവും മണ്ണിന്റെ മണവും സിനിമക്കും സിനിമാ ഗാനങ്ങള്‍ക്കും വേണ്ടെ? ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനില്‍ കേരളാ റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സമ്മേളനത്തില്‍ 'ഇന്നത്തെ മലയാള സിനിമാ ഗാനങ്ങളും നൃത്തങ്ങളും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും സംഘാടകനുമായ എ.സി.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. കാലാനുസൃതമായ സിനിമാ ടെക്‌നോളജിയുടേയും ആസ്വാദക അഭിരുചികളുടെ മാറ്റങ്ങളെയും അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ, കൊട്ടിഘോഷിച്ച എത്രവലിയ ന്യൂജനറേഷന്‍ സിനിമികളായാലും ശരി വിജയിക്കുന്നത് വെറും അഞ്ചു ശതമാനം മാത്രമെന്ന് സമീപകാലത്തെ കണക്കുകള്‍ പറയുന്നു. ബാക്കിയെല്ലാം സാമ്പത്തികമായും അതുപോലെ ആസ്വാദക സമക്ഷവും പരാജയങ്ങളാണ്. ഇന്നത്തെ സിനിമാഗാനങ്ങളാകട്ടെ അര്‍ത്ഥമോ ആശയമോ ഇല്ലാത്ത കുറച്ചു പദങ്ങളും ഗദ്യങ്ങളും ചേര്‍ത്തുവച്ച് ഇലക് ട്രോണിക് സംഗീതോപകരണങ്ങളുടെ അതിപ്രസരത്തോടെ തൊള്ളതൊരപ്പന്‍ കൂവല്‍ ശബ്ദത്തോടെ പാടുന്നു. അതിന് അകമ്പടിയോടെ നൂറ് കണക്കിന് ആട്ടക്കാര്‍ വിവിധ കളര്‍ ലൈറ്റിംഗ് സെറ്റപ്പോടെ അവരുടെ മുഖമോ, മുഖത്തെ മിന്നിമായുന്ന ഭാവങ്ങളോ ഒന്നും കാണികള്‍ക്ക് ദൃശ്യമാകാത്ത വിധം ഉറഞ്ഞുതുള്ളിയാല്‍ അത് യാഥാര്‍ത്ഥ സിനിമാ ഗാനമാകുമോ? സിനിമാ നൃത്തമാകുമോ? പ്രേക്ഷക മനസ്സില്‍ അവയെല്ലാം എത്രകാലം തങ്ങിനില്‍ക്കും? പ്രഭാഷകനായ ജോര്‍ജ് ചോദിച്ചു. നായക നായികക്കൊപ്പം ഒരു വലിയ ഗാനനൃത്തതിരയുടെ കോലാഹലം, കോളിളക്കം തന്നെ ഇന്നത്തെ സിനിമകളില്‍ ദര്‍ശിക്കാം. കുറച്ച് ലാലായും ലല്ലായും, ഹായ്- ഹായ്യും ഒട്ടിപ്പിടി...പറ്റിപ്പിടി. കുലു....കുലുകുലുക്ക്....കൈയ്യടി.....കാലടി.... കോലടി... മേലടി...തല്ലിപ്പൊളി....തട്ടിപ്പൊളി.....തുടങ്ങിയപദങ്ങല്‍ സ്ഥാനത്തും അസ്ഥാനത്തും തിരികി കേറ്റിയ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ക്കൊപ്പം ചുണ്ടനക്കിയും, അനക്കാതെയും ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ ആട്ടി കുലുക്കി കോപ്രായങ്ങള്‍ കാട്ടിയാല്‍ അത് യഥാര്‍ത്ഥത്തിലുള്ള ആസ്വാദകര്‍ സ്വീകരിക്കുന്ന സിനിമാ ഗാനങ്ങളൊ സിനിമാ നൃത്തങ്ങളൊ ആകണമെന്നില്ല. അതേ അവസരത്തില്‍ ചില പഴയകാല സിനിമാ നൃത്തഗാനങ്ങളും മറ്റും അനേക ദശകങ്ങള്‍ പിന്നിട്ടിട്ടും പഴയവരും പുതിയവരും ഇന്നും നെഞ്ചിലേറ്റുന്നു. ജോര്‍ജ് തുടര്‍ന്നു. കലാ മൂല്യവും മേന്മയും അര്‍ത്ഥവും ആശയവും കണ്ണിനും കാതിനും തേന്മഴയായും പൂമഴയായും പെയ്തിറങ്ങിയ അത്തരം ഗാനങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍ ഇന്നും മായാതെ മറയാതെ പച്ചപിടിച്ചു തന്നെ നില്‍ക്കുന്നുവെന്ന് എ.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. പ്രമുഖ ചെറുകഥാകൃത്തായ ജോസഫ് തച്ചാറ എഴുതിയ 'വിശുദ്ധ അന്നമ്മ' എന്ന ചെറുകഥ കഥാകൃത്ത് തന്നെ വായിച്ചു. മധ്യ കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബാന്തരീക്ഷത്തെ മുഖ്യ ആധാരമാക്കി രചിച്ച ഈ കഥയില്‍ മരണവും മരണാനന്തര ജീവിതവും കഥയിലെ അഭിനേത്രിയായ അന്നമ്മയുടെ വിശുദ്ധിയും അതിന്റെ പരിമണവും നിറഞ്ഞുനിന്നു. സാഹിത്യകാരനായ ജോണ്‍മാത്യു അധ്യക്ഷത വഹിച്ച ഈ ചര്‍ച്ചാസമ്മേളനത്തില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ മാത്യു മത്തായി, ജോസഫ് മണ്ടപം, ഡോ.സണ്ണി എഴുമറ്റൂര്‍, മാത്യു നെല്ലിക്കുന്ന്, പി.സി. ജേക്കബ്, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, ബാബു കുരവക്കല്‍, ജോസഫ് പൊന്നോലി, പീറ്റര്‍ ജി പൗലോസ്, ഈശോ ജേക്കബ്, ദേവരാജ് കാരാവള്ളില്‍ തുടങ്ങിയവര്‍ മുഖ്യ പ്രഭാഷകന്‍ അവതരിപ്പിച്ച വിഷയത്തെയും സമ്മേളനത്തില്‍ വായിച്ച ചെറുകഥയേയും വിലയിരുത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി സംസാരിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.