You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ 40 മണി ആരാധനയും മരിയന്‍ നൈറ്റും ഭക്തിസാന്ദ്രമായി

Text Size  

Story Dated: Thursday, November 05, 2015 12:19 hrs UTC

- ബീന വള്ളിക്കളം

 

ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ 23,24,25 തീയതികളിലായി വി. കുര്‍ബാനയുടെ ആരാധന നടന്നു. ക്രൈസ്‌തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ വി. കുര്‍ബാന എഴുന്നള്ളിച്ചുവെച്ച്‌ അത്യാദരപൂര്‍വ്വം ഭക്തജനങ്ങള്‍ ആരാധനയില്‍ പങ്കുചേര്‍ന്നു. ബൈബിളിലുടനീളം 40 എന്ന സംഖ്യ പവിത്രമായ കാലയളവിനെ കാണിക്കുന്നു. ക്രിസ്‌തുവിനൊപ്പം 40 മണിക്കൂര്‍ ആരാധിക്കുവാനുള്ള ഈ അനുഭവത്തില്‍ വളരെ ഭക്തിപുരസരം അനേകം ഇടവകാംഗങ്ങള്‍ പങ്കുചേര്‍ന്നു. ജപമാല മാസമായി ആചരിക്കുന്ന ഒക്‌ടോബറില്‍ പത്തുദിവസത്തെ ജപമാലയും 31-ന്‌ വൈകുന്നേരം അത്യധികം ഭക്തിപുരസരം മരിയന്‍ നൈറ്റും നടന്നു. കുളത്തുവയല്‍ മിഷണറി സിസ്റ്റേഴ്‌സ്‌ ഓഫ്‌ മേരി ഇമ്മാക്കുലേറ്റ്‌ (എം.എസ്‌.എം.ഐ) സഭയിലെ സിസ്റ്റര്‍ ടെസിന്‍ പെരുമാലില്‍ മരിയന്‍ ഭക്തിയുടെ അര്‍ത്ഥവ്യാപ്‌തി വെളിവാക്കുന്ന പ്രഭാഷണം ഏറെ ഭംഗിയായി അവതരിപ്പിച്ചു. തുടര്‍ന്ന്‌ റവ.ഡോ. തോമസ്‌ കൊച്ചുകരോട്ടിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകളും ആരാധനയും ഉണ്ടായിരുന്നു. കത്തീഡ്രലിനകത്ത്‌ ഒരു പ്രദക്ഷിണമായി, ഒരു ജപമാലക്കോട്ട തീര്‍ത്ത പ്രാര്‍ത്ഥനാനുഭവം ഏവര്‍ക്കും പുതിയതും, ആത്മീയ ഉണര്‍വേകുന്നതുമായ ഒന്നായി മാറി. നവംബര്‍ ഒന്നാം തീയതി രാവിലെ വിമന്‍സ്‌ ഫോറം അംഗങ്ങള്‍ ബലൂണുകളാല്‍ നിര്‍മ്മിച്ച വലിയ ഒരു ജപമാലയുമായി പ്രദക്ഷിണമായി ഗ്രോട്ടോയിലെത്തി പ്രാര്‍ത്ഥനയ്‌ക്കുശേഷം ആകാശത്തേയ്‌ക്കുയര്‍ത്തി. തകത്തീഡ്രലിലെ മുഴുവന്‍ കുട്ടികളും, മുതിര്‍ന്നവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. ഒക്‌ടോബര്‍ മാസത്തില്‍ നടന്ന ആത്മവിശുദ്ധീകരണ ധ്യാനം, ജപമാല ആചരണം, മരിയന്‍ നൈറ്റ്‌ എന്നിവയില്‍ ഭക്ത്യാദരപൂര്‍വ്വം പങ്കുചേരുകയും, എല്ലാ കാര്യങ്ങളും ഭംഗിയാക്കുവാന്‍ ഏറെ പരിശ്രമിച്ച ഏവരേയും പ്രത്യേകം പ്രാര്‍ത്ഥനകളില്‍ ഓര്‍മ്മിക്കുന്നതായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ പറഞ്ഞു. അസിസ്റ്റന്റ്‌ വികാരി ഫാ. സെബി ചിറ്റിലപ്പള്ളിയും ഏവരേയും നന്ദി അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.