You are Here : Home / USA News

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ബൈബിള്‍ കലോത്സവം 2015 ഉജ്ജ്വല വിജയം

Text Size  

Story Dated: Thursday, November 05, 2015 12:24 hrs UTC

ജീമോന്‍ ജോര്‍ജ്, ഫിലഡല്‍ഫിയ

 

ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോ.25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ വച്ച് ഇദംപ്രഥമമായി കുരുന്നു പ്രതിഭകള്‍ക്കു വേണ്ടി ഭക്തിസാന്ദ്രമായി നിറഞ്ഞു തുളുമ്പിയ അന്തരീക്ഷത്തില്‍ സ്വരരാഗങ്ങളുടെയും, വര്‍ണ്ണരാജികളുടെയും സംഗമവേദിയായി നടത്തിയ ബൈബിള്‍ കലോത്സവം 2015 വന്‍വിജയമായി. ഫാ.ജോണികുട്ടി പുലിശേരിയും(EFICP, ചെയര്‍മാന്‍), റവ.ജിജു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലവിളക്കു കൊളുത്തി ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതോടു കൂടി പ്രഥമ ബൈബിള്‍ കലോത്സവത്തിന് തിരശീല ഉയരുകയായി. നന്നേ ചെറുപ്പത്തിലെ തന്നെ കുട്ടികളുടെ കഴിവുകളെ മനസിലാക്കി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇതുപോലുള്ള വേദികളിലാണെന്നും അതിലും ഉപരി ക്രിസ്തീയാന്തരീക്ഷത്തില്‍ ആരാധനാലയങ്ങളുടെ നിറവില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടു കൂടി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ ഇതുപോലുള്ള വേദികളും, കുട്ടികളും അനുഗ്രഹിക്കപ്പെടുമെന്നും ഇതു തികച്ചും സൗഹൃദമത്സരമാണെന്നും ഉത്ഘാടനപ്രസംഗത്തില്‍ ഫാ.ജോണിക്കുട്ടി പുലിശേരി ഉദ്‌ഘോഷിക്കുകയുണ്ടായി. തുടര്‍ന്ന് കുട്ടികളുടെ സര്‍ഗഭാവനകളെ നന്നേ ചെറുപ്പത്തിലെ തന്നെ പ്രോത്സാഹിപ്പിക്കുവാന്‍ ഇതു പോലുള്ള വേദികള്‍ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വം ഉണ്ടെന്നും കൂട്ടിചേര്‍ക്കുകയുണ്ടായി. റവ.ജിജു ജോണിന്റെ പ്രാരംഭപ്രാര്‍ത്ഥനക്കുശേഷം ബിജി ജോസഫ്(കോര്‍ഡിനേറ്റര്‍) കലോത്സവത്തിന്റെ നിയമാവലിയെ കുറിച്ച് വളരെ വിശദമായി പറയുകയും, അതിനുശേഷം കുട്ടികളെ വിവിധ വിഭാഗങ്ങളിലായി തിരിച്ച് മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ചില ഇനങ്ങളില്‍ വളരെയധികം കടുത്ത മത്സരങ്ങളെ നേരിടുകയും വിധി കര്‍ത്താക്കള്‍ പോലും ചില നിമിഷങ്ങളില്‍ വിഷമഘട്ടത്തിലെത്തുകയും ചെയ്തു. കുട്ടികളിലെ കഴിവുകളെ എത്ര കണ്ടു പ്രശംസിച്ചാലും മതിവരില്ലായിരുന്നു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്ന കുട്ടികള്‍ വരെ പങ്കെടുത്ത കലോത്സവത്തില്‍ പതിവിന് വിപരീതമായി ധാരാളം മാതാപിതാക്കളില്‍ നിന്നും വളരെയധികം ആവേശകരമായ പ്രതികരണങ്ങള്‍ ലഭിക്കുകയുണ്ടായി. സെ.തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ വിവധ ഇടങ്ങളിലായി വ്യത്യസ്ത തരത്തിലുള്ള മത്സരങ്ങള്‍ക്ക് നിരവധി വേദികള്‍ ഒരുക്കുകയുണ്ടായി. തികച്ചും ക്രിസ്തീയാന്തരീക്ഷത്തില്‍ നടത്തിയ കുട്ടികളുടെ ബൈബിള്‍ കലോത്സവം ഇനിയുള്ള വര്‍ഷങ്ങളിലും കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി എക്യൂമെനിക്കല്‍ ഫെലോഷിപ്പ് നടത്തണമെന്ന് എത്തിചേര്‍ന്ന മാതാപിതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി. കുട്ടികളെ ചിത്രരചന, ഗാനം(മലയാളം, ഇംഗ്ലീഷ്), പ്രസംഗം(മലയാളം, ഇംഗ്ലീഷ്) എന്നീ വിഭാഗങ്ങളിലായി തരം തിരിച്ചാണ് ബൈബിള്‍ കലോത്സവം നടത്തിയത്. സമാപന സമ്മേളനത്തിനോടനുബന്ധിച്ച് കൂടിയ പൊതുയോഗത്തില്‍ വച്ച് ഇനിയും ഇതുപോലുള്ള കലോത്സവങ്ങള്‍ക്ക് എക്യൂമെനിക്കല്‍ ഫെലോഷിപ്പ് വേദി അലങ്കരിക്കണമെന്ന് റവ.ഫാ.സിബി വര്‍ഗീസ്(EFICP, കോ.ചെയര്‍മാന്‍) അഭിപ്രായപ്പെടുകയും തദവസരത്തില്‍ വിജയികളായ മത്സരാര്‍ത്ഥികള്‍ക്ക് മെഡലും, ക്യാഷ് അവാര്‍ഡും സമ്മാനിക്കുകയുണ്ടായി. ഫാ.എം.കെ.കുര്യാക്കോസ്, ഫാ.ഷിബു വേണാട്, ഫാ.ഗീവറുഗീസ് ജോണ്‍, റവ. ബിജോയ് സ്‌കറിയ എന്നിവരുടെ സാന്നിധ്യവും ഈ കലോത്സവത്തിന് മറ്റൊരു മുതല്‍ കൂട്ടായിരുന്നു. സമയ ക്ലിപ്ത പാലിച്ചു നടത്തിയ ഈ ബൈബിള്‍ കലോത്സവം എന്തു കൊണ്ടും മലയാളീ സമൂഹത്തിന് തന്നെ മറ്റൊരു മകുടോദാഹരണമായി പരിയവസാനിക്കുകയുണ്ടായി. ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള 100-ലധികം കുട്ടികള്‍ പങ്കെടുത്ത ഈ ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായി സജീവ് ശങ്കുരത്തില്‍(സെക്രട്ടറി), എം.എ.മാത്യു(ട്രഷറാര്‍), സുമോദ് ജേക്കബ്, ജോസ് തോമസ്, കുര്യന്‍ മത്തായി, ജീമോന്‍ ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവര്‍ത്തിച്ചത്. വര്‍ണ്ണങ്ങളുടെ വാര്‍മഴവില്ലു തീര്‍ക്കുന്ന ഈ ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായി സഹകരിച്ച വിധി കര്‍ത്താക്കള്‍ക്കും, വോളണ്ടിയേഴ്‌സിനും നന്ദി അറിയിച്ചു കൊണ്ട് ഈ വര്‍ഷത്തെ കലോത്സവത്തിന് തിരശീല വീഴുകയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.