You are Here : Home / USA News

അല്‍ടോബന്റേത് മലയാളികളുടെ വിജയം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Thursday, November 05, 2015 12:30 hrs UTC

ഫിലഡല്‍ഫിയ: അല്‍ടോബന്റേത് മലയാളികളുടെ വിജയം. അത്രമേല്‍ മലയാളികളുമായി ഇടപഴകിയ, എന്നാല്‍ ജന്മം കൊണ്ടു മലയാളിയല്ലാത്ത രാഷ്ട്രീയക്കാര്‍ മറ്റാരുമില്ലിവിടെ. വിന്‍സന്റ് ഇമ്മാനുവേല്‍ ഏതു വേദിയിലൂണ്ടോ മിക്കവാറും അവിടെയെല്ലാം അല്‍ടോബന്‍ ബര്‍ഗറും ഉണ്ടാകുമായിരുന്നു. '' ഈ വിജയം മലയാളികളുടെ വിജയമാണ്'' എന്ന് അല്‍ടോബന്‍ ബര്‍ഗര്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ സത്യം പറയുന്നതിന്റെ പതിനാലാം രാവ്!! ഫിലഡല്‍ഫിയാ സിറ്റിയിലെ കൗണ്‍സില്‍ അറ്റ് ലാര്‍ജ് ചുമതലയിലേക്കാണ് അല്‍ടോബന്‍ ബര്‍ഗറിന്റെ ( അല്ല, മലയാളികളുടെ) വിജയം. ഫിലഡല്‍ഫിയയിലെ എല്ലാ മലയാളി സംഘടനകളുടെ പൊതു സമ്മേളനങ്ങളിലും മിക്ക ചര്‍ച്ച് ആഘോഷങ്ങളിലും അല്‍ടോബന്‍ ബര്‍ഗര്‍ പങ്കെടുക്കുമായിരുന്നു. മലയാളികളുടെ സാമൂഹികാവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കുവാന്‍ അദ്ദേഹം മദ്ധ്യസ്ഥനായിരുന്നു. “ജര്‍മന്‍കാരായ മാതാപിതാക്കളിലൂടെ അമേരിക്കയില്‍ കുടിയേറി പൗരനായി വളര്‍ന്ന തനിക്ക,് നാനാത്വത്തിന്റെ അമേരിക്കന്‍ മനോഹാരിത, മലയാളികളെപ്പോലെ മനസ്സിലാകും. ജര്‍മന്‍ മിഷണറി ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളത്തില്‍ വന്ന് മലയാളഭാഷാ വ്യാകരണം(1859), മലയാളം-ഇംഗ്ലീഷ് ഡിക്ഷണറി(1872) എന്നി ങ്ങനെയുള്ള ഭാഷാ സേവനത്തിലൂടെ സമ്പന്നമാക്കിയ മലയാളഭാഷാ സംസ്‌കാരത്തിന്റെ, പിന്‍തലമുറക്കാരാണ് അമേരിക്കയിലുള്ള മലയാളികള്‍ എന്ന അറിവ്, അമേരിക്കന്‍ പൗരനായി ജര്‍മന്‍ പാരമ്പര്യത്തില്‍ വളര്‍ന്ന എനിക്കു്, കേരളീയരോടുള്ള അടുപ്പത്തെ അഗാധമാക്കിയതാണ് ”: അല്‍ടോബന്‍ ബര്‍ഗര്‍ പറഞ്ഞു. കുടിയേറ്റത്തെക്കുറിച്ച് റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ മര്യാദകെട്ടതും അയുക്തസ്വരാജ്യാഭിമാനം നിറഞ്ഞതുമായ നിലപാടിനെ എതിര്‍ക്കുന്നു എന്ന് മലയാളികളുടെ മിത്രം അല്‍ടോബന്‍ ബര്‍ഗര്‍പറഞ്ഞു. “ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായൂ ശ്വസിക്കുവാന്‍ ഉത്ക്കണ്ഠാപൂര്‍വം അഭിലഷിക്കുന്ന അവശരും നിര്‍ദ്ധനരും ഞെരുക്കമനുഭവിക്കുന്നവരുമായ ജനതകളെ എനിക്കു തന്നേയ്ക്കൂ” എന്നാണ് സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയില്‍ മുദ്രണം ചെയ്തിട്ടുള്ളതെന്ന് ഓര്‍ക്കണം. എല്ലാ യു എസ്സ് പൗരന്മാരും കുടിയേറ്റ പിതാക്കളുടെ സന്തതിപരമ്പരകളാണ്”. അല്‍ടോബന്‍ ബര്‍ഗര്‍ ചൂണ്ടിക്കാണിച്ചു. “ഈ രാജ്യത്ത് ബിസിനസ്സിന്റെ വ്യാപൃതിയിലൂടെയാണ് നമ്മുടെ സാധാരണക്കാരുടെ ക്രയ ശേഷി വര്‍ദ്ധിപ്പിക്കാനും ജീവിത ധനഭദ്രത കൂട്ടാനും കഴിയുക. ഫിലഡല്‍ഫിയയെ ബിസിനസ്സ് സൗഹൃദ നഗരമാക്കുക, ചെറുകിട ബിസിനസ്സുകാര്‍ക്ക് എല്ലാവിധ സഹായങ്ങളും കണ്ടെത്തി നല്‍കുക എന്നീ ദീര്‍ഘ വീക്ഷണ നിലപാടുകളാണ് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ പ്രവര്‍ത്തന കാഴ്ച്ചപ്പാടും യത്‌നവും ”. “കൂടുതല്‍ തൊഴിലവസരങ്ങളുള്ള ഫിലഡല്‍ഫിയാ, വളര്‍ച്ചോന്മുഖ ഫിലഡല്‍ഫിയാ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള ഫിലഡല്‍ഫിയാ” എന്നീ കാര്യങ്ങള്‍ക്ക് അല്‍ടോബന്‍ ബര്‍ഗര്‍ പ്രതിജ്ഞാബദ്ധം. നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയാ നിവാസ്സിയായ അല്‍ ടോബന്‍ ബര്‍ഗര്‍ 1991 മുതല്‍ ഗ്രേറ്റര്‍ നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയാ ചെയ്മ്പര്‍ ഓഫ് കൊമേഴ് സിന്റെ പ്രസിഡ ന്റായി സേവനം ചെയ്യുന്നു. ഫിലഡല്‍ഫിയ സിറ്റി കാര്യങ്ങളില്‍ സേവന നിരതന്‍. രാഷ്ട്രീയ ജീവിതവും സാമൂഹിക ജീവിതവും മുഴുവനായും ഫിലഡല്‍ഫിയയുടെ വളര്‍ച്ചയ്ക്ക് ഉഴിഞ്ഞു വച്ച കര്‍മ്മകുശലന്‍. 1930കളില്‍ ജര്‍മനിയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളുടെ ഓമനപുത്രന്‍. നോര്‍ത്ത് ഈസ്റ്റ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസ്സം. പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാര്‍ഷിക പഠനശാഖയായ അഗ്രോണമിയില്‍ ബിരുദം. ഫ്രണ്ട്‌സ് ഹോസ്പിറ്റലില്‍ ഗ്രൗണ്ട്് സൂപ്പര്‍വൈസര്‍ ആയി ആദ്യ നിയമനം. ആ ചുമതലയില്‍''ഔട് സ്റ്റാന്റിങ്ങ് ലാന്റ്‌സ്‌കേപ് ഡിസൈന്‍ ആന്റ് മെയിന്റെനന്‍സ്'' നാഷണല്‍ അവാര്‍ഡ് രണ്ടു തവണ ഫ്രണ്ട്‌സ് ഹോസ്പിറ്റലിന് നേടാനായി. 1979മുതല്‍ കോണ്‍ഗ്രസ് മാന്‍ ചാള്‍സ് എഫ്. ഡോകര്‍ട്ടീയുടെ ഓഫീസ്സില്‍ ഡയറക്ടര്‍ ഓഫ് കോണ്‍സ്റ്റിറ്റ്യൂയെന്റ്റിലേഷന്‍സിന്റെ ഡയറക്ടറായിരുന്നു അല്‍ടോബന്‍ ബര്‍ഗര്‍. തുടര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപാട്‌മെന്റ് ഓഫ് കൊമേഴ്‌സിന്റെ ഒരു പ്രോഗ്രാമായമിഡ് അറ്റ്‌ലാന്റിക് ട്രേഡ് അഡ്ജസ്റ്റ്‌മെന്റ്അസ്സിസ്റ്റന്‍സ്സെന്ററിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചു. വിദേശത്തു നിന്നുള്ള ഇറക്കുമതിമാത്സര്യം മൂലം അമേരിക്കന്‍ കമ്പനികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുവാനായിരുന്നുഈ പ്രോഗ്രാം. 1984 ല്‍ കൗണ്‍സില്‍ വുമന്‍ ജൊവാന്‍ ക്രാജെവ്‌സ്‌കിയുടെ ഓഫീസില്‍ബിസിനസ് ലെയ്‌സണായി സേവനം അല്‍ടോബന്‍ ബര്‍ഗര്‍ ചെയ്തു. ഇക്കാലത്ത് സിറ്റി കൗണ്‍സിലിലെ എക്കോണമിക് ഡെവലപ്‌മെന്റ് കമ്മറ്റിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കൗണ്‍സില്‍മാന്‍ ജാക്ക് കെല്ലിയുടെചീഫ് ഓഫ് സ്റ്റാഫായി ഉദ്യോഗം വഹിച്ചു. ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍ റിപ്പബ്ലിക്കന്‍ കോക്കസ്സിന്റെ അഡ്മിനിസ്‌ട്രേറ്ററുമായിരുന്നു. കഴിഞ്ഞ 23 വര്‍ഷങ്ങളായി ഗ്രേറ്റര്‍ നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയാ ചെയ്മ്പര്‍ ഓഫ് കൊമ്മേഴ്‌സിന്റെ ഊര്‍ജ കേന്ദ്രമായി അല്‍ടോബന്‍ ബര്‍ഗര്‍ പ്രവര്‍ത്തിക്കുന്നു. ബിസിനസ് വളര്‍ച്ചയ്ക്കും ബിസിനസ്സുകാര്‍ തമ്മില്‍ തമ്മിലുള്ള സഹകരണത്തിനും ബലം നല്‍കി ബിസിനസ്സിനെ സംരക്ഷിക്കുക എന്നതാണ് അല്‍ടോബ്ന്‍ ബര്‍ഗറിന്റെ മുഖ്യ വിഷയം. ഈ താത്പര്യത്തോടെ ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സിലും, ഗവര്‍ണ്ണര്‍മാരുടെയും സെനറ്റര്‍മാരുടെയും ഫിലഡല്‍ഫിയാ മേയര്‍മാരായിരുന്ന എഡ്വേഡ് റെന്‍ഡ്ല്‍, ജോണ്‍ സ്ട്രീറ്റ്, മൈക്കിള്‍ നട്ടര്‍എന്നിവരുടേയും ശ്രദ്ധയില്‍ ഫിലഡല്‍ഫിയയിലെ ചെറുകിട ബിസിനസ്സുകാരുടെ പ്രശ്‌നങ്ങളെ നിരന്തരമായി അവതരിപ്പിച്ച് പ്രശ്‌ന പരിഹാരങ്ങള്‍ തേടി. അല്‍ടോബന്‍ ബര്‍ഗര്‍ മുന്‍ കൈയ്യെടുത്താണ് അഗസ്റ്റാ എന്ന ഹെലികോപ്റ്റര്‍ നിര്‍മാതാവിനെ നോര്‍ത്തീസ്റ്റ് ഫിലഡല്‍ഫിയയില്‍ നിന്ന് മിഡ് വെസ്റ്റിലേയ്ക്കോ സൗത്തിലേയ്ക്കോ കമ്പനിയെ മാറ്റുന്നതില്‍ നിന്ന് പിന്തിരിപ്പിയ്ക്കാന്‍ സാധിച്ചത്. പെന്‍സില്‍ വേനിയാ സ്പീക്കറുടെ സഹരണവും ഇക്കാര്യത്തില്‍ അല്‍ ടോബന്‍ ബെര്‍ഗറിന് തുണയായി. 600 ജോലിക്കാര്‍ ഈ സ്ഥാപനത്തിലുണ്ട്. ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സിന്റെ അംഗ ബലം മൂന്നിരട്ടിയാക്കുന്നതിന്, കൃത്യ ഇടവേളകളില്‍ നെറ്റ് വര്‍ക്കിങ്ങ് മീറ്റീങ്ങുകള്‍ നടത്തുന്നതിന്, ബിസിനസ്സ് കാര്‍ഡ് കൈമാറ്റമേളകള്‍ സംഘടിപ്പിക്കുന്നതിന്, വാര്‍ഷിക ഗോള്‍ഫ് ഔട്ടിങ്ങിന്, പ്രശംസാ- അവാര്‍ഡു ദാന മീറ്റീങ്ങുകള്‍ സംഘടിപ്പിക്കുന്നതിന്, ബിസിനസ്സ് എക്‌സ്‌പോ ക്രമീകരിക്കുന്നതിന്, ഈ സംരംഭങ്ങളില്‍മേയര്‍ മൈക്കിള്‍ നട്ടര്‍, കോംകാസ്റ്റിന്റെ ഡേവിഡ് എല്‍ കോഹന്‍, 6ഏ ബി സി യുടെമാറ്റ് ഓ ഡാണല്‍, ബെര്‍ണീ പേരന്റ്, ജോണ്‍ ജവോര്‍സ്‌കി എന്നിങ്ങനെയുള്ള പ്രശസ്തരുടെ സാന്നിദ്ധ്യവും പങ്കാളിത്തവും നേടുന്നതിന് … എല്ലാം എല്ലാം അല്‍ടോബന്‍ ബര്‍ഗറിനായി. ആര്‍ച്ച് ബിഷപ് ചാള്‍സ് ജോസഫ് ഷപ്പൂ, ഗവര്‍ണര്‍ ജിം കോര്‍ബെറ്റ്, മേയര്‍ മൈക്കിള്‍ നട്ടര്‍ എന്നീ വിശിഷ്ട വ്യക്തികളുടെ ശ്രദ്ധയിലേക്ക് ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സിലൂടെ നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയുടെ വികസന കാര്യവിഷയം കൊണ്ടു വരാന്‍ അല്‍ടോബന്‍ ബര്‍ഗറിനു കഴിഞ്ഞു. '' പെന്‍സില്‍ വേനിയയുടെ അടുത്തഗവര്‍ണറുമായി കൂടിക്കാഴ്ച്ച'' എന്ന പേരില്‍ സംവാദ അഭിമുഖാവസരങ്ങള്‍ അല്‍ടോബന്‍ ബര്‍ഗര്‍ ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സില്‍ ആവിഷ്‌കരിച്ചു. ഫിലഡല്‍ഫിയയിലെഫിലീസ്ബില്‍ ഗെയില്‍സ്, റുബന്‍ എമറോ ജൂണിയര്‍, ഫ്‌ളയേഴ്‌സ് ബര്‍ണീ പേരന്റ്, ബില്‍ ക്ലമെന്റ്, ജെനെ ഹാര്‍ട്, ഈഗിളിന്റെ ഹാരി ഗാമ്പിള്‍, മെറില്‍ റീസ് എന്നിങ്ങനെ സ്‌പോട്‌സ് രംഗത്തെ അതികായരെ നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയില്‍ കൊണ്ടുവരുവാന്‍ അല്‍ടോബന്‍ ബര്‍ഗറിന് ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സിലൂടെ കഴിഞ്ഞു. ബ്രഹോം & ഫോക്‌സ് ചെയ്‌സിലാണ് അല്‍ടോബന്‍ ബര്‍ഗറിന്റെ വീട്. നാലു മക്കള്‍: മാത്യൂ, എലിസബേത്ത്,സാറാ, വില്ല്യം. ഭാര്യ: ബ്രെന്നര്‍ റ്റോബന്‍ ബെഗര്‍. സെയ്ന്റ് സിസിലിയാ പാരിഷ് അംഗം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.