You are Here : Home / USA News

കെ.എച്ച്‌.എന്‍.എ ഡോളര്‍ എ ഗീത പരിപാടിക്കു ഷിക്കാഗോയില്‍ മികച്ച പ്രതികരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 13, 2015 12:18 hrs UTC

ഷിക്കാഗോ: നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു ഭവനങ്ങളിലും ഭഗവദ്‌ ഗീത എന്ന ലക്ഷ്യത്തോടെ കെ എച്ച്‌.എന്‍ എ ആവിഷ്‌ക്കരിച്ച ഭഗവദ്‌ ഗീതാ പ്രചരണ പരിപാടിക്ക്‌ ഷിക്കാഗോയില്‍ മികച്ച പ്രതികരണം. ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ്‌ ജയ്‌ ചന്ദ്രനില്‍ നിന്നും ഗീതാമണ്ഡല സ്ഥാപക അംഗങ്ങളില്‍ ഒരാളായ ശകുന്തള രാജഗോപാല്‍ ആദ്യ പ്രതി ഏറ്റു വാങ്ങി. കെ എച്‌ എന്‍ എ പ്രതിനിധി അരവിന്ദ്‌ പിള്ള ഗീതാ വിതരണ ചടങ്ങുകള്‍ക്ക്‌ നേതൃത്വം വഹിച്ചു . കെ എച്ച്‌എന്‍ എ യുടെ ഇത്തരം ഉദ്യമങ്ങള്‍ അമേരിക്കയിലെ മലയാളീ ഹിന്ദു സമൂഹത്തിനു ഉണര്‍വ്‌ ഏകുമെന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ മലയാളീ ഹിന്ദു സമൂഹത്തിനു മുതല്‍കൂട്ടാവുന്ന ഇത്തരം സംരഭങ്ങള്‍ അവര്‍ക്ക്‌ വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാന്‍ പ്രചോദനം പകരുന്നതാണെന്ന്‌ ശ്രീ ജയ്‌ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു . വരും ആഴ്‌ചകളില്‍ അമേരിക്കയിലെ മറ്റു പ്രമുഖ നഗരങ്ങളിലും ഗീതാ പ്രചാരണ വര്‍ഷം ആചരിക്കുമെന്നു കെ എച്‌ എന്‍ എ 'ഡോളര്‍ എ ഗീത ' പരിപാടിക്കു ചുക്കാന്‍ പിടിക്കുന്ന കൃഷ്‌ണരാജ്‌ മോഹനന്‍, രഞ്‌ജിത്‌ നായര്‍ എന്നിവര്‍ അറിയിച്ചു . ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുര പ്രചാരമാര്‍ന്നതുമായ മഹത്തായ ആദ്ധ്യാത്മിക ഗ്രന്ഥമാണ്‌ ശ്രീമദ്‌ ഭഗവദ്‌ ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്‌മവുമായ ആദ്ധ്യാത്മിക തത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ഗീതയില്‍ ലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്‌ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട്‌ എന്നതാണ്‌ ഗീതയുടെ സുപ്രധാന സവിശേഷത. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക്‌ ശ്രീമദ്‌ ഭഗവദ്‌ ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച്‌ ഇതില്‍ പറയുന്ന കാര്യങ്ങളെ 'വിമര്‍ശിച്ച്‌' മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണു പറയുന്നത്‌. ഈ ഒരു വാചകം തന്നെ, ശ്രീമദ്‌ ഭഗവദ്‌ ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന്‌ വരെ ഉണ്ടായിട്ടുള്ള അധ്യാത്മിക ഗ്രന്ഥങ്ങളോട്‌ താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍ നിര്‍ത്തുന്നു. ദൈവത്തില്‍ വിശ്വസിക്കണം എന്ന്‌ പറഞ്ഞ്‌ അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ്‌ അനുഭവിക്കുവാനും ആണ്‌ ശ്രീമദ്‌ ഭഗവദ്‌ ഗീത ആവശ്യപ്പെടുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.