You are Here : Home / USA News

പ്രശസ്‌ത ഗായകന്‍ എം.ജി ശ്രീകുമാറിന്റെ സ്‌നേഹസംഗീത സംഗമം അരങ്ങേറി

Text Size  

Story Dated: Monday, November 16, 2015 12:05 hrs UTC

റോയ്‌ ചാക്കോ

 

എഡ്‌മണ്ടന്‍: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ മിഷന്റെ ആഭിമുഖ്യത്തില്‍ പ്രശസ്‌ത ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗീത സംഗമം സംഘടിപ്പിച്ചു. നവംബര്‍ 13-നു വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ മഹാരാജാസ്‌ ഹാളില്‍ നടന്ന സംഗീതസന്ധ്യയില്‍ എഡ്‌മണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എഴുനൂറില്‍ അധികം മലയാളികള്‍ പങ്കെടുത്തു. പൂര്‍ണ്ണമായും ക്രിസ്‌തീയ ഭക്തിഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സംഗീത പരിപാടിയായിരുന്നു. എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ച്‌ വികാരി ഫാ. ജോണ്‍ കുടിയിരുപ്പില്‍ ആമുഖ സന്ദേശം നല്‍കി. ക്രിസ്‌തീയ ഭക്തിഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംഗീത പരിപാടി തന്റെ ചിരകാല സ്വപ്‌നമായിരുന്നുവെന്ന്‌ എം.ജി. ശ്രീകുമാര്‍ പറയുകയുണ്ടായി. തന്റെ ജീവിതത്തിലെ അനുഭവങ്ങളും അതോടൊപ്പം തന്റെ ജീവിതത്തില്‍ ജീസസിനുള്ള സ്വാധീനംമൂലമാണ്‌ ഇപ്രകാരമൊരു പരിപാടി സംഘടിപ്പിക്കാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. എം.ജി ശ്രീകുമാറിനൊപ്പം 2007-ലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ടിനു ടെലന്‍സ്‌, റോണി റാഫേല്‍, പ്രശാന്ത്‌ എന്നിവര്‍ ഉള്‍പ്പെട്ട ടീമായിരുന്നു ഉണ്ടായിരുന്നത്‌. ഇവരോടൊപ്പം പ്രീതി ബിനോയ്‌, സ്‌മിതാ ടോമി, സുജ ജോസഫ്‌, ജോസ്‌ പയ്യപ്പള്ളി എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. തന്റെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഭക്തിനിര്‍ഭരമായ ഗാനങ്ങളിലൂടെ തികച്ചും വ്യത്യസ്‌തമായ ഒരു സംഗീതപരിപാടിയാണ്‌ അദ്ദേഹം കാണികള്‍ക്കായി ആവിഷ്‌കരിച്ചത്‌. തനിക്ക്‌ ഇതിന്‌ അവസരം ഒരുക്കിതന്ന സ്‌പോണ്‍സേഴ്‌സായ ക്രിസിന്‍, സജയ്‌ എന്നിവരേയും, സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ചിനേയും അദ്ദേഹം നന്ദിയോടെ സ്‌മരിച്ചു. സെന്റ്‌ അല്‍ഫോന്‍സാ കമ്മിറ്റി അംഗം സനില്‍ ഇടശേരില്‍ എം.ജി ശ്രീകുമാറിന്‌ പ്രത്യേകം നന്ദി അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.