You are Here : Home / USA News

ഗ്രൂപ്പിസവും വിഴുപ്പലക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാനകരം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, November 18, 2015 12:47 hrs UTC

ഡാളസ് കേരളത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലെ ഗ്രൂപ്പിസവും സോഷ്യല്‍ മീഡിയയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും നടത്തുന്ന വിഴുപ്പലക്കും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാനകരമാണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യവും സംസ്‌ക്കാരവും കളങ്കപ്പെടുത്തുന്ന തരത്തിലുള്ള നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്നും, ഇല്ലെങ്കില്‍, വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(കേരളാ) ഡിഎഫ്ബ്യൂ(DFW) യൂണിറ്റ് പ്രവര്‍ത്തകയോഗം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുന്ന ഈ പ്രമേയത്തിന്റെ പകര്‍പ്പ് കെ.പി.സി.സി., എ.ഐ.സി.സി, കേരള മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് അടിയന്തിരമായി അയച്ചു കൊടുക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. നവംബര്‍ 15ന് ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക്, ഗാര്‍ലന്റ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗത്തില്‍ പ്രസിഡന്റ് രാജന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ പ്രതിരോധിയ്ക്കുന്നതില്‍ യു.ഡി.എഫ്. പരാജയപ്പെട്ടതാണ് പഞ്ചായത്ത്-മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാതിരിുന്നതെന്ന് പ്രസിഡന്റ് രാജന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ബീഹാര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞതില്‍ ബി.ജെ.പി. സര്‍ക്കാരിന്റെ മതനിരപേക്ഷയ്‌ക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിയും, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമാണ് പ്രതിഫലിയ്ക്കുന്നതെന്ന് ടെക്‌സാസ് റീജിയന്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത് പറഞ്ഞു. പ്രവാസികളായി കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ചുകൂടി തങ്ങളുടെ വികാരങ്ങളും അനുഭവങ്ങളും, പങ്കിടുന്നതോടൊപ്പം ജന്മനാടായ കേരളത്തിന്റെയും വന്നു പാര്‍ക്കുന്ന പ്രദേശങ്ങളിലെയും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നമ്മുടേതായ സംഭാവനകളും പങ്കാളിത്തവും ഉറപ്പു വരുത്തണമെന്നും ടെക്‌സാസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി.പി. ചെറിയാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ചേരിചേരാനയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിയ്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം രാഷ്ട്രത്തിന് നല്‍കിയ സംഭാവനകളെകുറിച്ച് തോമസ് രാജന്‍ വിശദീകരിച്ചു. തുടര്ന്ന് നടന്ന ചര്‍ച്ചകളില്‍ ജെ.പി.ജോണ്‍, റോയ് കൊടുവത്ത്, ബിനീഷ് മാത്യു, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, സേവ്യര്‍ പെരുമ്പിള്ളി, രാജന്‍ മേപ്പുറം, മാത്യു കേളഞ്ചേരി, ബെന്നി ജോണ്‍, സിബു ജോസഫ്, അജു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. 2016 ജനുവരി 26ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിയ്ക്കുന്നതിനും യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു പി. സൈമണ്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കറിയാ മൈക്കിള്‍ സ്വാഗതവും, ജോയ് ആന്റണി കൃതജ്ഞതയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.