You are Here : Home / USA News

ഫിലാഡല്‍ഫിയാ കാത്തലിക് അസോസിയേഷന്റെ വര്‍ണാഭമായ താങ്ക്‌സ്ഗിവിംഗ് ആഘോഷം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Thursday, November 19, 2015 12:42 hrs UTC

ഫിലഡല്‍ഫിയ: 'നന്ദി', 'ദയവായി' എന്നീ മാജിക്ക് വാക്കുകള്‍ നിര്‍ലോഭം സംഭാഷണത്തിലും, പെരുമാറ്റത്തിലും ഉപയോഗിക്കുന്ന അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമായുള്ള നന്ദിയര്‍പ്പണത്തിന്റെ ഉല്‍സവം താങ്ക്‌സ്ഗിവിംഗ് ഫിലാഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നവംബറിലെ നാലാമത്തെ വ്യാഴാഴ്ച്ച വ്യക്തികളും, കുടുംബങ്ങളും, സമൂഹങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും, അനുഭവങ്ങള്‍ക്കും സര്‍വശക്തനു നന്ദിയര്‍പ്പിച്ചുകൊണ്ട് പരമ്പരാഗതരീതിയില്‍ തയാറാക്കുന്ന വിഭവസമൃദ്ധമായ ടര്‍ക്കി ഭക്ഷണം പങ്കുവക്കുന്നു. സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കത്തോലിക്കരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫിലാഡല്‍ഫിയാ കാത്തലിക് അസോസിയേഷന്‍ നവംബര്‍ 14 ശനിയാഴ്ച്ച കാത്തലിക് ഹെരിറ്റേജ് ഡേയും, താങ്ക്‌സ്ഗിവിംഗും സംയുക്തമായി ആഘോഷിച്ചു. വൈകുന്നേരം അഞ്ചുമണിമുതല്‍ സെ. തോമസ് സീറോമലബാര്‍പള്ളി ആഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ പൊതുസമ്മേളനം, താങ്ക്‌സ്ഗിവിംഗ് ഡിന്നര്‍, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായിരുന്നു. താങ്ക്‌സ്ഗിവിംഗ് ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണം ടര്‍ക്കി ഡിന്നര്‍ തന്നെ. ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹപ്രഭാഷണം നടത്തി ടര്‍ക്കി മുറിച്ച് എല്ലാവര്‍ക്കും പങ്കുവച്ചു. ഏഷ്യാനെറ്റ് യു. എസ്. എ. യിലെ ഏറ്റവും ജനപ്രിയ പ്രോഗ്രാമുകളായ 'യു. എസ്. വീക്കിലി റൗണ്ടപ്പ്', 'അമേരിക്ക ടുഡെ' എന്നീ വാര്‍ത്താബുള്ളറ്റിനുകളുടെ അവതാരകനും, പ്രശസ്ത കോളമിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഡോ. കൃഷ്ണാ കിഷോര്‍ മുഖ്യപ്രഭാഷണം നടത്തി. ഫിലാഡല്‍ഫിയാ സിറ്റി കൗണ്‍സില്‍ അറ്റ്‌ലാര്‍ജ് ആല്‍ ടോബന്‍ബര്‍ഗര്‍, ഫിലാഡല്‍ഫിയാ അതിരൂപതയുടെ കള്‍ച്ചറല്‍ മിനിസ്ട്രി ഡയറക്ടര്‍ മാത്യു ഡേവിസ് എന്നിവര്‍ തദവസരത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഐ. എ. സി. എ പ്രസിഡന്റ് ക്രിസ്റ്റീനാ പയസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ചെയര്‍മാന്‍ ഫാ. ഷാജി സില്‍വ സ്വാഗതമാശംസിച്ചു. ക്‌നാനായ മിഷന്‍ ഡയറക്ടര്‍, യൂത്ത് ചാപ്ലെയിന്‍ എന്നീ നിലകളില്‍ നാലരവര്‍ഷത്തെ അമേരിക്കന്‍ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്കു തിരികെ പോകുന്ന സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ടിനു അസോസിയേഷന്റെ കൃതഞ്ജതാഫലകം നല്‍കി ആദരിച്ചു. ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് ഫിലാഡല്‍ഫിയ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ, സെന്റ് ജൂഡ് സീറോമലങ്കര ഇടവകവികാരി റവ. ഫാ. സജി മുക്കൂട്ട്, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു മണക്കാട്ട്, സെ. മേരീസ് ഹോസ്പിറ്റല്‍ ചാപ്ലെയിനും, ലാറ്റിന്‍ മിഷന്‍ അസി. പാസ്റ്ററുമായ റവ. ഫാ. ജോണ്‍ അംബ്രോസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. യൂത്ത് വൈസ് പ്രസിഡന്റ് ഷൈന്‍ തോമസിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിന്റെ എം. സി യായി ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവല്‍. ട്രഷറര്‍ ചാര്‍ലി ചിറയത്ത് നന്ദിയര്‍പ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട വിവിധ കലാപരിപാടികളില്‍ സീറോമലബാര്‍ പള്ളിയിലെ കലാപ്രതിഭകളായ ഷാജി മിറ്റത്താനി, റോഷിന്‍ പ്ലാമൂട്ടില്‍, റാണി ജയിംസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട കോമഡിസ്‌കിറ്റ്, നൃത്താധ്യാപിക നിമ്മി ദാസിന്റെ മോഹിനിയാട്ടം, ഡോ. ആനി എബ്രാഹമിന്റെ മോഹിനിയാട്ടം, ലാറ്റിന്‍ മിഷനിലെ യുവതികളുടെ സിനിമാറ്റിക് ഡാന്‍സ് എന്നിവ കാണികളില്‍ ആവേശമുണര്‍ത്തി. അനൂപ്, ടിനു, ആഷ്‌ലി, ആന്‍സമ്മ എന്നിവരുടെ ശ്രുതിമധുരഗാനങ്ങളും പരിപാടിക്കു ഇമ്പമേകി. ക്രിസ്റ്റി ജെറാള്‍ഡ് കലാപരിപാടികളുടെ എം. സിയായി. ഐ. എ. സി. എ മുന്‍ പ്രസിഡന്റുമാരായ അലക്‌സ് ജോണ്‍, ഫിലിപ് ഇടത്തില്‍, സണ്ണി പടയാറ്റില്‍, ജോസഫ് മാണി, തോമസ് നെടുമാക്കല്‍, ജോസ് മാളേയ്ക്കല്‍, ഓസ്റ്റിന്‍ ജോണ്‍, ലിസ് ഓസ്റ്റിന്‍, ഫിലിപ് ജോണ്‍, കമ്മിറ്റി അംഗങ്ങളായ രാജമ്മ ഇടത്തില്‍, സജിതാ ജോസഫ്, ബ്രിജിറ്റ് വിന്‍സന്റ്, സൈമണ്‍ തോമസ്, ടെസി മാത്യു, മാത്യു ജോസഫ്, ആലീസ് സ്റ്റീഫന്‍, ഗ്രിഗറി റോമിയോ, ജോസ് ആറ്റുപുറം, ജോര്‍ജ് തോമസ് എന്നിവര്‍ ഉള്‍പ്പെടെ വലിയൊരു സദസ് ആഘോഷപരിപാടികളില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവലിന്റെ അക്ഷീണപരിശ്രമം കൊണ്ടുമാത്രമാണു ഇത്തരമൊരു ആഘോഷപരിപാടി ഭംഗിയായി സംഘടിപ്പിക്കാന്‍ സാധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.