You are Here : Home / USA News

ക്ഷേമ പദ്ധതികള്‍ ജാതിമത ഭേദമെന്യേ മുഴുവന്‍ ജനങ്ങള്‍ക്കും എത്തണം

Text Size  

Story Dated: Sunday, November 22, 2015 04:46 hrs UTC

കൊച്ചി: സമുദായ സംഘടനകള്‍ ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ ജാതിമത ഭേദമെന്യേ മുഴുവന്‍ ജനങ്ങള്‍ക്കും പുരോഗതി ഉറപ്പുവരുത്തണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍. ജോര്‍ജ്‌ ആലഞ്ചേരി ആവശ്യപ്പെട്ടു. ഇതര മതവിഭാഗങ്ങളുമായി സ്‌നേഹ സഹകരണത്തിന്റെ പുതിയ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കേണ്‌ടത്‌ ആവശ്യമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ്‌ കേന്ദ്ര സമിതി സമ്മേളനം കാക്കനാട്‌ മൗണ്‌ട്‌ സെന്റ്‌ തോമസില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. സമുദായ സംഘടനകള്‍ ക്ഷേമ പദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ ജാതിമത ഭേദമെന്യേ മുഴുവന്‍ ജനങ്ങള്‍ക്കും പുരോഗതി ഉറപ്പുവരുത്തണമെന്നും കര്‍ദിനാള്‍ ചൂണ്‌ടിക്കാട്ടി. ഭാരതത്തിന്‌ പരമ്പരാഗതമായ സഹവര്‍ത്തിത്വത്തേയും, മതേതര കാഴ്‌ചപ്പാടുകളേയും, മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കേണ്‌ടതു സാമൂഹ്യ പ്രതിബധതയുള്ള പൗരന്റെ ധര്‍മമാണ്‌. കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രാദേശിക തലത്തില്‍ സമുദായ കൂട്ടായ്‌മയും പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കണമെന്ന്‌ മാര്‍. ആലഞ്ചേരി ആഹ്വാനം ചെയ്‌തു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക്‌ പരിഹാരം കാണാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ തയാറാകണമെന്നും കര്‍ഷകര്‍ക്കായി സമര രംഗത്ത്‌ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഉണ്‌ടാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ലെയ്‌റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍. മാത്യു അറയ്‌ക്കല്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസിലൂടെ നിര്‍ധനരായവര്‍ക്കും തൊഴില്‍ രഹിതര്‍ക്കും നൂതന സംരംഭങ്ങള്‍ രൂപീകരിച്ചു സംഘടന മുന്നോട്ട്‌ വരണമെന്ന്‌ ബിഷപ്‌ ലെഗേറ്റ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ ഉത്‌ബോധിപ്പിച്ചു. പ്രസിഡന്റ്‌ വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം സംഘടനാ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഡയറക്‌ടര്‍ ഫാ. ജേക്കബ്‌ പാലക്കാപ്പിള്ളി, ജോസുകുട്ടി ജോര്‍ജ്‌, അഡ്വ. ടോണി ജോസഫ്‌, സാജു അലക്‌സ്‌, ഡേവിസ്‌ പുത്തൂര്‍, ബേബി പെരുമാലില്‍, ഡേവിസ്‌ തുളുവത്ത്‌, പ്രഫ. ജോയി മുപ്രാപ്പിള്ളി, സെബാസ്റ്റ്യന്‍ വടശേരി, ജോര്‍ജ്‌ കോയിക്കല്‍, ഐപ്പച്ചന്‍ തടിക്കാട്ട്‌, ജോര്‍ജ്‌ ജോസഫ്‌ വാതപ്പിള്ളി, കെ.ജെ. ആന്റണി, പീറ്റര്‍ ഞരളക്കാട്ട്‌, മോഹന്‍ ഐസക്ക്‌, റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, ജോസ്‌ മുക്കം, റിന്‍സണ്‍ മണവാളന്‍, തോമസ്‌ പീടികയില്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, സെലിന്‍ സിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.