You are Here : Home / USA News

ഫോമാ ഭരണഘടന ഭേദഗതികള്‍ക്ക് അംഗീകാരം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, December 07, 2015 11:18 hrs UTC

മെരിലാന്‍റ്: ഫോമായുടെ ചരിത്രത്തിലെ പ്രഥമ ഭരണഘടന ഭേദഗതികള്‍ പൊതുയോഗം അംഗീകരിച്ചു. ഒക്ടോബര്‍ 19 ന് ക്യാപിറ്റല്‍ റീജിയനില്‍ വെച്ചു നടന്ന പൊതുയോഗം ഫോമാ അംഗസംഘടനകളുടെ പ്രാധിനിത്യം കൊണ്ട് അതി സമ്പന്നമായിരുന്നു. പന്തളം ബിജു തോമസ്‌ ചെയര്‍മാനായുള്ള ബൈലോ കമ്മറ്റിയുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇത്തരത്തിലുള്ള ഒരു ഭരണഘടന ഭേദഗതി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊതുയോഗത്തില്‍ അവതരപ്പിച്ച് അംഗീകാരം നേടിയെടുക്കാനായത്‌. ഒരു വര്‍ഷമായി നടന്നുവരുന്ന ഭേദഗതി പ്രവര്‍ത്തനങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഫോമായുടെ ശോഭനമായ ഭാവി മാത്രം മുന്നില്‍ കാണുന്ന ഏതൊരു പ്രവര്‍ത്തകനും നേരിട്ട് പങ്കാളിയാകത്തക്ക വിധമായിരുന്നു നടപടിക്രമങ്ങള്‍. "നാട് ഓടുമ്പോള്‍ നടുവേ ഓടണം" എന്ന് നമ്മള്‍ കേട്ടിട്ടുള്ളത് ഫോമായുടെ സാരഥികള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി. ഈ ഉദ്യമത്തിന്റെ ചുവടുപിടിച്ചു മറ്റു അമേരിക്കന്‍ മലയാളി സംഘടനകളും അവരുടെ ഭരണഘടന പൊളിച്ചെഴുതാന്‍ തീരുമാനമെടുക്കകയുണ്ടായി. ഫോമായുടെ നിലവിലുള്ള ബൈലോയുടെ ശില്പികളായിരുന്ന ജെ. മാത്യു സര്‍, രാജു വര്‍ഗീസ്‌, ഡോക്ടര്‍ ജെയിംസ്‌ കുറിച്ചി എന്നീ പ്രഗല്‍ഭരായ വ്യക്തികള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു ഈ കമ്മറ്റി. ഫോമാ പൊതുയോഗം ബൈലോ കമ്മറ്റിയംഗങ്ങളെ മുക്തകണ്ഠം പ്രശംസികച്ചു. ഭേദഗതി ചെയ്ത ചട്ടങ്ങള്‍ 2018-2020 കാലയളവ്‌ മുതല്‍ പ്രാബല്യത്തില്‍ വരും. ആ കാലയളവിലേക്കുള്ള കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് പ്രക്രീയകള്‍ പുതിക്കിയ ഭരണഘനാപ്രകാരം ആയിരിക്കും. ഭേദഗതി ചെയ്ത പ്രധാന ചട്ടങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. അംഗസംഘടനകളില്‍ നിന്നും പോതുയോഗത്തിലേക്കുള്ള പ്രതിനിധികളുടെ എണ്ണം അഞ്ചില്‍ നിന്നും ഏഴാക്കി. ഇതോടെ ആകെ പ്രതിനിധികളുടെ എണ്ണം നാനൂറ്റി അമ്പത്തഞ്ചോളം (455) ആകും. ഫോമായുടെ നാല് തരം അംഗത്വത്തില്‍ നിന്നും, ഇനി മുതല്‍ രണ്ടു തരം അംഗത്വമായി പരിമിതപ്പെടുത്തി. വ്യക്തികള്‍ക്ക് നേരിട്ട് അംഗത്വത്തിനു അനുമതിയില്ല. അംഗത്വത്തിനു അപേക്ഷിക്കുന്ന സംഘടനകളുടെ അപേക്ഷകളിന്മേല്‍ മൂന്നു മാസത്തിനകം തീരുമാനമറിയിക്കും, നിലവില്‍ ആറുമാസം കാലാവധിയെടുക്കും. ഇനിമുതല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് കഴിയുന്നുതുവരെ പുതിയ അംഗത്വം അനുവദിക്കുന്നതല്ല. ഫോമായുടെ എക്സിക്യൂട്ടീവ് സംവിധാനത്തില്‍ കാതലായ അഴിച്ചു പണി നടത്തിയതോടൊപ്പം എക്സിക്യൂട്ടീവ് കമ്മറ്റിക്ക് കൂടുതല്‍ ചുമതലയും, അധികാരങ്ങളും അനുവധിച്ചു. പൊതുയോഗം, നാഷണല്‍ കമ്മറ്റി, എക്സിക്യൂട്ടീവ് കമ്മറ്റി എന്നീ മൂന്നു തട്ടുകളായുള്ള പുതിയ ഭരണസംവിധാനം നിലവില്‍ വരും. തെക്ക് കിഴക്കന്‍ റീജിയന്‍ വിഭജിച്ചു പുതിയ റീജിയന് രൂപം നല്‍കി. പുതിയ റീജിയന്‍, ഫ്ലോറിഡ സംസ്ഥാനത്താണങ്കിലും "സണ്‍ഷൈന്‍" റീജിയനായി നാമകരണം ചെയ്തു. സണ്‍ഷൈന്‍ റീജിയന്‍ ഇനിമുതല്‍ ഫോമായുടെ പന്ത്രണ്ടാമത് റീജിയനായി നിലവില്‍ വരും. ഒരു റീജിയനില്‍ നിന്നും രണ്ട് കമ്മറ്റിയംഗങ്ങള്‍ വീതം നാഷണല്‍ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതായിരിക്കും. ഇനി മുതല്‍ ഈ രണ്ടു നാഷണല്‍ കമ്മറ്റിയംഗങ്ങളെ അതാതു റീജിയനില്‍ നിന്നുള്ള പ്രതിനിധികള്‍ തിരഞ്ഞെടുക്കും. നിലവില്‍ റീജിയണല്‍ വൈസ് പ്രസിഡന്റിനെ ഈ രീതിയിലാണ് തിരഞ്ഞെടുക്കുന്നത്. നാഷണല്‍ കമ്മറ്റിയംഗങ്ങളെയെല്ലാം തിരഞ്ഞെടുക്കുന്നത് ഫോമയുടെ പൊതുതിരഞ്ഞെടുപ്പില്‍ വെച്ചായിരിക്കും. നാഷണല്‍ കമ്മറ്റിയംഗങ്ങളുടെ ആകെയെണ്ണം റീജിയനുകളുടെ ഇരട്ടിയായിരിക്കും. ദേശീയ ഉപദേശക സമിതി ചെയര്‍മാനെ കൂടി ഉള്‍പ്പെടുത്തിയും, സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, ട്രഷറാര്‍ എന്നിവര്‍ക്ക് കൂടിയും സമ്പൂര്‍ണ്ണവകാശം അനുവദിച്ച് പൊതുയോഗം അംഗീകാരം നല്‍കി. ജുഡിഷ്യല്‍ കൌണ്‍സില്‍ ചെയര്‍മാന് കൂടുതല്‍ അധികാരം നല്‍കിയെങ്കിലും, കമ്മറ്റിയിലേക്ക് പരിഗണിക്കണമെന്ന നിര്‍ദ്ദേശം നിരാകരിച്ചു. ഫോമാ പൊതു തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി ആറുമാസങ്ങള്‍ക്ക് മുന്നോടിയായി നിയോഗിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാലാവധി ഒരു വര്‍ഷമായി ഉയര്‍ത്തി. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള നാമനിര്‍ദ്ദേശ പത്രിക, സ്ഥാനാര്‍ഥിയുടെ സംഘടനയിലെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സാക്ഷ്യപ്പെടുത്തല്‍ ഉണ്ടങ്കില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പരിഷ്കരിച്ച ഭരണഘടന ഭേദഗതികള്‍ ഫോമാ വെബ്‌സൈറ്റില്‍ അടുത്ത മാസം പ്രസിദ്ധീകരിക്കും. വ്യാകരണപരമായ തെറ്റുകള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ ബയിലോ കമ്മറ്റി പരിഗണിക്കുന്നതായിരിക്കുമെന്നു ചെയര്‍മാന്‍ പന്തളം ബിജു തോമസ്‌ തന്റെ നന്ദി പ്രകാശന വേളയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.