You are Here : Home / USA News

എന്‍ജിനീയറിംഗ് പ്രൊഫസര്‍ ഓഫ് ദ ഇയര്‍ നേടിയ പ്രൊഫ. സുരേഷ് സോമനെ കേരളത്തില്‍ വച്ച് ആദരിക്കും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, December 07, 2015 11:26 hrs UTC

കേരള എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ (കീന്‍) മികച്ച എന്‍ജിനീയറിംഗ് അധ്യാപകനുള്ള അവാര്‍ഡ് പ്രൊഫ. സുരേഷ് സോമന്. കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളിലെ തിരഞ്ഞെടുക്കപ്പെട്ട നിരവധി പ്രൊഫസര്‍മാരില്‍നിന്നും ഡോ. സുരേഷ് സോമനെ എന്‍ജിനീയറിംഗ് പ്രൊഫസര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തതായി കീന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രൊഫ. ജയ്‌സണ്‍ അലക്‌സ് അറിയിച്ചു. കേരളത്തില്‍ വച്ച് നടത്തുന്ന പ്രത്യേക അനുമോദനയോഗത്തില്‍ സുരേഷിനെ ആദരിക്കുന്നതാണ്. കേരളത്തിലെ അന്തരീക്ഷമലിനീകരണത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അതേ വേദിയില്‍ തുടക്കം കുറിക്കും. മൂന്നു പതിറ്റാണ്ടുകളായി കൊല്ലം ടി കെ എം എന്‍ജിനീയറിംഗ് കോളജ് അധ്യാപകനായി ജോലിചെയ്യുന്ന പ്രൊഫ. സുരേഷ് സോമന്‍ കോളജിലെ പി ജി പ്രോഗ്രാമുകളുടെയെല്ലാം ഡീന്‍ കൂടിയാണ്. എ പി ജെ അബ്ദുള്‍ കലാം ടെക്‌നിക്കല്‍ വാഴ്‌സിറ്റിയുടെ കൊല്ലം ക്ലസ്റ്ററിന്റെ പി ജി അക്കാഡമിക് ആക്ടിവിറ്റീസിന്റെ ചുമതലയും ഇദ്ദേഹം വഹിക്കുന്നു. കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളെല്ലാം നിലവില്‍ എ പി ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ വാഴ്‌സിറ്റിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പല ആനുകാലികപ്രസിദ്ധീകരണങ്ങളുടെയും ഉപജ്ഞാതാവും കൂടിയാണ് പ്രൊഫ. സുരേഷ്. ഹൂസ്റ്റണിലെ റൈസ് വാഴ്‌സിറ്റി പ്രൊഫസര്‍ പുളിക്കല്‍ അജയനെ “'എന്‍ജിനീയര്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുത്ത് ആദരിച്ച കീന്‍ ഇതാദ്യമായാണ് 'എന്‍ജിനീയറിംഗ് പ്രൊഫസര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. അമ്പതിലധികം നിര്‍ധന എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് കീന്‍ ആശാകേന്ദ്രമാണ്. ഏഴു വര്‍ഷം കൊണ്ട്, ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചുകൊണ്ട് കീന്‍ പൊതുപ്രവര്‍ത്തനത്തിലും മുന്‍പന്തിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയിലും കേരളത്തിലും ഒരുപോലെ എന്‍ജിനീയറിംഗില്‍ ഉപദേഷ്ടാക്കളായും മാര്‍ഗദര്‍ശികളായും കീന്‍ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദിലീപ് വര്‍ഗീസിനെയും അലക്‌സ് കോശിയേയും മാതൃകാ എന്‍ജിനിയേഴ്‌സായി തിരഞ്ഞെടുത്ത കീന്‍ പത്ത് കുട്ടികള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കിക്കൊണ്ട് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു. കേരള എന്‍ജിനീയേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ നേതൃത്വനിരയിലുള്ള ജയ്‌സണ്‍ അലക്‌സ് (914 645 9899), ഷാജി കുര്യാക്കോസ് (845 321 9015), ലിസി ഫിലിപ്പ് (845 642 6206), അജിത് ചിറയില്‍ (609 532 4007) എന്നിവരെ വിളിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.