You are Here : Home / USA News

27-ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണ്ണമെന്‍റ്

Text Size  

Story Dated: Tuesday, December 08, 2015 11:26 hrs UTC

വര്‍ഗീസ് പ്ലാമൂട്ടില്‍

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്‌സേഴ്‌സ് ആതിഥ്യമേകിയ 27ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് വന്‍ വിജയമായിരുന്നുവെന്നുംഅതില്‍നിന്നും ലഭിച്ച ഊര്‍ജ്ജവും ഉത്തേജനവും വോളീബോള്‍ രംഗത്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ കരുപ്പിടിപ്പിക്കുനുതിനു വിനിയോഗിക്കുമെന്നും ഇവിടെ നവംബര്‍ 30ാം തീയതി നടന്ന സമാപന സമാപനസമ്മേളനത്തില്‍ വ്യക്തമാക്കപ്പെട്ടു. വോളീബോള്‍ രംഗത്ത് കേരളത്തിന്‍െറ അഭിമാനവും രോമാഞ്ചവുമായിരുന്ന യശ്ശശരീരനായ ജിമ്മി ജോര്‍ജ്ജിന്‍െ സ്മരണ നിലനിര്‍ത്തുവാന്‍ കാല്‍ നൂറ്റാണ്ടിലേറെക്കാലമായി കേരള വോളീബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക വിവിധ നഗരങ്ങളിലായി എല്ലാ വര്‍ഷവും സ്തുത്യര്‍ഹമായി നടത്തിവരുന്ന ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണ്ണമെന്‍റിന് 2015 -ല്‍ ആതിഥ്യമരുളിയ ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്‌സേഴ്‌സ് ഭാരവാഹികളും അവര്‍ക്ക് കൈത്താങ്ങലേകിയ ന്യൂജേഴ്‌സിയിലെ എല്ലാ പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്ന ടൂര്‍ണ്ണമെന്‍റ് കമ്മിറ്റി ബര്‍ഗന്‍ഫീല്‍ഡിലെ സ്വാദ് റെസ്റ്റോറന്‍റില്‍ സമ്മേളിച്ച് ടൂര്‍ണ്ണമെന്‍റിനെ വിലയിരുത്തുകയും ടൂര്‍ണ്ണമെന്‍റിന്‍െറ കണക്കുകള്‍ അവതരിപ്പിച്ച് അംഗീകരിക്കുകയും ചെയ്തു. വളരെ സുതാര്യമായും കാര്യക്ഷമതയോടെയും ടൂര്‍ണ്ണമെന്‍റിന്‍െറ പ്രവര്‍ത്തനം ക്രമീകരിച്ച് പങ്കെടുത്ത ടീമുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കും പൂര്‍ണ്ണമായും സംതൃപ്തി പ്രദാനം ചെയ്യുന്നതില്‍ സംഘാടകര്‍ മികവു കാട്ടിയെന്നതിലുപരിയായി എല്ലാ പ്രതികൂലതകളെയും കണക്കുകൂട്ടലുകളെയും അതിജീവിച്ച് ചിലവുകഴിഞ്ഞ് നല്ല ഒരു തുക ബാക്കിയാക്കി ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാക്കുവാനും ടൂര്‍ണ്ണമെന്‍റ് കമ്മിറ്റിക്കായി എന്നതും ശ്ലാഘനീയമാണ്. ടൂര്‍ണ്ണമെന്‍റ് ചെയര്‍മാന്‍ ശ്രി ജിബി തോമസിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ടൂര്‍ണ്ണമെന്‍റ് കമ്മിറ്റി പേട്രനും പ്രമുഖ സാമൂഹ്യ സാംസ്കാരിക നേതാവുമായ ശ്രി ടി. എസ്. ചാക്കോ സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ ശ്രി ജിബി തോമസ് തന്‍െറ അധ്യക്ഷ പ്രസംഗത്തിനു ന്യൂജേഴ്‌സിയിലെ എല്ലാ മലയാളി സംഘടനകളും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ടൂര്‍ണ്ണമെന്‍റിന്‍െറ വിജയത്തിന്‍െറ കാരണമെന്ന് അഭിപ്രായപ്പെടുകയും എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണത്തിനും വിശിഷ്യ യുവജനങ്ങളുടെ സേവനോന്മുഖമായ പ്രവര്‍ത്തനത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ടൂര്‍ണ്ണമെന്‍റ് കോ ഓര്‍ഡിനേറ്ററും ട്രഷറാറുമായ ശ്രി ജെംസണ്‍ കുറിയാക്കോസ് വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു. കണക്കുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ന്യൂജേഴ്‌സിയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ടീം അംഗങ്ങള്‍ കണക്കുകള്‍ വ്യക്തിപരമായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കി. ടൂര്‍ണ്ണമെന്‍റ് സാമ്പത്തികമായി ഒരു വന്‍ വിജയമായതിന്‍െറ പിന്നില്‍ പ്രധാന സ്‌പോണ്‍സര്‍മാരായ സ്റ്റെര്‍ലിംഗ് സീ ഫുഡ്‌സ്, പബ്ലിക്ക് ട്രസ്റ്റ് റിയാല്‍റ്റി, "എന്ന് നിന്‍െറ മൊയ്തീന്‍' സിനിമ, ശ്രി ശ്രീധര മേനോന്‍, ബഫല്ലോ സോള്‍ജിയേഴ്‌സ്, സോണ്ടേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്, റിയ ട്രാവല്‍സ്, ഗ്രാന്‍റ് റെസ്റ്റോറന്‍റ്, എം. ബി. എന്‍ ഫിനാന്‍സ് സര്‍വീസസ് , നമസ്ക്കാര്‍ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, സ്വാദ് ഇന്ത്യന്‍ റെസ്റ്റോറന്‍റ്, , ബോഡി വര്‍ക്ക്‌സ് റീഹാബ്, ജോര്‍ജ് മാത്യു സി. പി. എ. എന്നിവരുടെ സാമ്പത്തികമായ കൈത്താങ്ങലാണെന്നും അവരോടുള്ള കടപ്പാട് നിസ്സീമമാണെന്നും ശ്രി ജെംസണ്‍ കുറിയാക്കോസ് പറഞ്ഞു. തുടര്‍ന്ന്് ടൂര്‍ണ്ണമെന്‍റിന്‍െറ വിജയകരമായ നടത്തിപ്പിനായി ക്രമീകരിച്ചിരുന്ന വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സൈമണ്‍ ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ ജോസഫ്, ദാസ് കണ്ണംകുഴിയില്‍, ബോബി തോമസ്, സിറിയക്ക് കുര്യന്‍, വര്‍ഗീസ് പ്ലാമൂട്ടില്‍, ദേവസ്സി പാലാട്ടി, ജയ്‌മോന്‍ മാത്യു, പ്രസാദ് മാത്യു, കോശി കുരുവിള, ചിന്നമ്മ പാലാട്ടി, ആനന്ദ്് അനില്‍, മാര്‍കോസ് കണ്ണംകുഴിയില്‍, വിനു ചെറിയാന്‍ എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തി. കേവലം ഒരു ടൂര്‍ണ്ണമെന്‍റു നടത്തുന്നതിനു പരിമിതപ്പെടുത്താതെ ന്യൂജേഴ്‌സിയിലെ വോളീബോള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വിവിധ ഭാഗങ്ങളില്‍ അതിനുള്ള സ്ഥിര സംവിധാനങ്ങളുണ്ടാക്കുന്നതിനും ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും നീക്കിവയ്ക്കുവാന്‍ സാധിച്ച തുക പ്രാരംഭ മൂലധനമാക്കണമെന്നും ഇത് യാഥാര്‍ഥ്യമാക്കുവാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ഐക്യകണ്‌ഠേന തീരുമാനമെടുത്തു. ഈ കാര്യത്തില്‍ തന്‍െറ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ജിമ്മി ജോര്‍ജ്ജിനൊപ്പം കളിച്ചിട്ടുള്ള പ്രമുഖ വ്യവസായി കൂടിയായ ശ്രി സൈമണ്‍ ജോര്‍ജ് വാഗ്ദാനം ചെയ്തു. ടൂര്‍ണ്ണമെന്‍റിന്‍െറ നടത്തിപ്പിന് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്‌സേഴ്‌സിന്‍െറ പേരില്‍ മാനേജര്‍ മാത്യു സക്കറിയ നമ്പി രേഖപ്പെടുത്തി. തുടര്‍ന്ന് ചെയര്‍മാന്‍ ജിബി തോമസ് കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്‍െറ പ്രസിഡന്‍റായി നിയമിതയായ ഒളിമ്പിക്ക്‌സ് മെഡല്‍ ജേതാവ് അഞ്ജു ബോബി ജോര്‍ജ്ജിനെ ഫോണ്‍ മുഖേന കമ്മറ്റിയുടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. അഞ്ജു കമ്മിറ്റിയംഗങ്ങളുടെ മഹാമനസ്ക്കതയ്ക്ക് നമ്പി അറിയിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.