You are Here : Home / USA News

മലങ്കര കത്തോലിക്കാസഭയുടെ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റ് ഭദ്രാസനമായി ഉയര്‍ത്തി

Text Size  

Story Dated: Tuesday, January 05, 2016 01:02 hrs UTC

ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് പുതിയ ഭദ്രാസനാദ്ധ്യക്ഷന്‍

 

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ന്യുയോര്‍ക്ക് കേന്ദ്രമാക്കിയുള്ള എക്‌സാര്‍ക്കേറ്റ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പാ ഭദ്രാസന പദവിയിലേക്കുയര്‍ത്തി. നിലവിലെ എക്‌സാര്‍ക്കേറ്റ് അദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസിനെ പുതിയ ഭദ്രാസനാദ്ധ്യക്ഷനായി നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം സഭാതലവന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ സഭാ കേന്ദ്രമായ പട്ടം കാതോലിക്കേറ്റ് സെന്ററില്‍ നടത്തി. റോമിലും അമേരിക്കയിലും തല്‍സമയം പ്രഖ്യാപനങ്ങള്‍ നടന്നു. പുതിയ ഭദ്രാസനം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വടക്കേ അമേരിക്കയിലെയും കാനഡയിലെയും സമാധാനരാജ്ഞിയുടെ ഭദ്രാസനം എന്നറിയപ്പെടും. ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള മാര്‍ ഈവാനിയോസ് സെന്റര്‍ പുതിയ ഭദ്രാസനകേന്ദ്രവും , നിലവിലുള്ള ഇടവക ദൈവാലയം കത്തീഡ്രലും ആയിരിക്കും. ഇതോടെ മലങ്കര സുറിയാനി കത്തോലിക്കാസഭയ്ക്ക് തിരുവനന്തപുരം മേജര്‍ അതിരൂപത ഉള്‍പ്പെടെ പത്ത് രൂപതകളും ഒരു എക്‌സാര്‍ക്കേറ്റും ഉണ്ട്. ഇന്ത്യക്ക് പുറത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ആരംഭിക്കുന്ന പ്രഥമ ഭദ്രാസനമാണിത്. നിലവില്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസിനെ യൂറോപ്പിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഭദ്രാസനത്തിന്റെ ഉദ്ഘാടനം ജനുവരി അവസാന വാരത്തില്‍ അമേരിക്കയില്‍ നടക്കും. പുതിയ ഭദ്രാസനത്തില്‍ വടക്കേ അമേരിക്കയും കാനഡയും ഉള്‍പ്പെടും. 2001-ല്‍ ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായെ അപ്പസ്‌തോലിക വിസിറ്ററായി നിയമിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പാ വടക്കേ അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ നൈയാമികമായ രൂപീകരണം ആരംഭിച്ചത്. പതിനാല് വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇത് വളര്‍ന്ന് ഒരു ഭദ്രാസനമായി മാറുന്നത്. 1960 കാലഘട്ടത്തില്‍ ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ കാലത്ത് ചില കേന്ദ്രങ്ങളിലായി രൂപം കൊണ്ട് മലങ്കര കത്തോലിക്കാ സമൂഹം ഇപ്പോള്‍ അമേരിക്കയിലെയും കാനഡായിലെയും അനേകം കേന്ദ്രങ്ങളിലായി വളര്‍ന്നിരിക്കുന്നു. ചടങ്ങില്‍ മേജര്‍ അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് എബ്രഹാം മാര്‍ ജൂലിയസ്, വികാരി ജനറല്‍മാരായ ഗീവര്‍ഗ്ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്‌കോപ്പാ, മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പാ, മോണ്‍. ജോണ്‍ കൊച്ചുത്തുണ്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് 1961 ജൂണ്‍ 6 ന് പത്തനംതിട്ട ജില്ലയില്‍ മൈലപ്രായില്‍ ജനനം. 1986 ഡിസംബര്‍ 29 ന് തിരുവനന്തപുരം അതിരൂപതക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. 2010 സെപ്തംബര്‍ 21 ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായില്‍ നിന്നും അമേരിക്കയിലെ മലങ്കര കത്തോലിക്കാ എക്‌സാര്‍ക്കേറ്റിന് വേണ്ടി മെത്രാഭിഷേകം സ്വീകരി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.