You are Here : Home / USA News

ഓര്‍മ തിങ്ക് ഫെസ്റ്റ് ഒന്നാം ഘട്ടം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Saturday, January 09, 2016 02:35 hrs UTC

ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ '' തിങ്ക് ഫെസ്റ്റ്'' ''ചിന്തോത്സവം'' കാലികപ്രസക്തങ്ങളായ ആശയ ദീപങ്ങള്‍ കൊളുത്തി. ഓര്‍മാ ദേശീയപ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ദേശീയ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിച്ചു. ഫൊക്കാനാ ഭാരത ദര്‍ശനം പദ്ധതിയുടെ ചെയര്‍പേഴ്‌സണ്‍ അല്ക്‌സ് തോമസ് ഓര്‍മാ ചിന്തോത്സവം ഉദ്ഘാടനം ചെയ്തു.

'പൊതുപ്രവര്‍ത്തകരുടെ പ്രാധാന്യം' എന്ന വിഷയത്തിലാണ് അലക്‌സ് തോമസ് പ്രസംഗിച്ചത്. പൊതുപ്രവര്‍ത്തകരാണ് സമൂഹത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരേയുള്ള തിരുത്തല്‍ ശക്തികള്‍ എന്ന് അല്ക്‌സ് തോമസ് സമര്‍ത്ഥിച്ചു. എല്ലാ പ്രവാചകരും ഋഷിമാരും വിശുദ്ധരും ചിന്തകരും ദേശീയ നേതാക്കളും താത്വികാചാര്യരും സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്ന ശാത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും കലാകാരരും സാഹിത്യകാരും പത്ര പ്രവര്‍ത്തകരും പുരോഗമനവാദികളും പൊതുപ്രവര്‍ത്തകരുടെ ഗണത്തില്‍ പെടുന്നു. അവരുടെ ത്യാഗങ്ങളാണ് ഇരുളാണ്ടുപോകുമായിരുന്ന മനുഷ്യ പരിണാമങ്ങളെ പ്രപഞ്ചത്തിനു വിനാശമാകുമായിരുന്ന ദുരന്തങ്ങളില്‍ നിന്ന് തടഞ്ഞിട്ടുള്ളത്.
'അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുവാന്‍ എന്തു ചെയ്യണം' എന്നതാണ് വിന്‍സന്റ് ഇമ്മാനുവേല്‍ ചിന്തോത്സവത്തില്‍ വിഷയമാക്കിയത്. രാഷ്ട്രീയം അമേരിക്കന്‍ മലയാളിക്ക് ബാലികേറാ മലയല്ല. അതിന് തെളിവായി പ്രശസ്തരായ അമേരിക്കന്‍ മലയാളികള്‍ വര്‍ത്തമാനപ്പത്രങ്ങളില്‍ നിറയുന്നുണ്ട്. അമേരിക്കയിലെ ശക്തരായ രാഷ്ട്രീയ നേതാകള്‍ക്ക് ഷെയ്ക് ഹാന്റ് കൊടുക്കുന്നതു കൊണ്ടും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതു കൊണ്ടും മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം സാധിച്ചു എന്ന് തൃപ്തിപ്പെട്ടിരുന്ന സാഹചര്യത്തിനു പ്രസക്തിയില്ലാതായി. ഇന്ത്യയിലെപോലെ ഇവിടെയും രാഷ്ട്രീയം രാഷ്ട്രീയ പ്രവര്‍ത്തകരുമായുള്ള ''കമ്മ്യൂണിക്കേഷന്റെയും ഇടപഴകലിന്റെയും ഫണ്ടിങ്ങുകളുടെയും ഇല്ക്ഷന്‍ മത്സരങ്ങളുടെയും അധികാരം പങ്കു വയ്ക്കുന്നതിന്റെയും സൗഹൃദങ്ങളുടെയും അവസരം പ്രയോജനപ്പെടുത്തുന്നതിന്റെയും കലയാണ്. ജോലിയും ബിസിനസ്സും രാഷ്ട്രീയവും ഒരുപോലെ കൊണ്ടു പോകാന്‍ ''അവസരങ്ങളുടെ കല'' എന്ന യുക്തി മാത്രമാണ് വേണ്ടത്.
ഫണ്ട് റെയ്‌സിങ്ങില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന തലം തൊട്ട് ഭരണത്തില്‍ പങ്കാളിയാകുന്ന സ്ഥാനം നേടി ജനപ്രാതിനിധ്യം ഉറപ്പാക്കുന്ന തലം വരെ വളരാന്‍ ആദ്യം ചെയ്യേണ്ടത് രാഷ്ട്രീയ രംഗത്തേക്ക് വലംകാല്‍ വച്ചിറങ്ങാനുള്ള തന്റേടം കാട്ടുക എന്നതാണ്. രാഷ്ട്രീയക്കാരുമായുള്ള പരിചയവും ബന്ധങ്ങളും വളര്‍ത്തുന്നതിന് അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള സന്ദര്‍ഭങ്ങള്‍ നേടുവാന്‍ മുന്നിട്ടിറങ്ങണം. ജനസമ്പര്‍ക്കം വര്‍ദ്ധിപ്പിക്കണം. കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങളില്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കണം. ഇലക്ഷനുകളില്‍ ചെറിയ തലം തൊട്ട് മത്സരിക്കാന്‍ മടി വിചാരിക്കരുത്. വിന്‍സന്റ് ഇമ്മാനുവേല്‍ പറഞ്ഞു.
''സംഘടനകളുടെ വിശാലൈക്യം'' എന്ന വിഷയത്തില്‍ ഓര്‍മാ വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ പ്രസംഗിച്ചു. ''ഞാന്‍ ചെയ്യുമ്പോള്‍ ശരി, നീ ചെയ്യുമ്പോള്‍ തെറ്റ്'' എന്ന മനോഭാവം മാറാന്‍ സംഘടനകളുടെ വിശാലൈക്യം ഉതകും. അങ്ങനെയേ കാലോചിതമായ നവീകരണങ്ങള്‍ക്ക് സംഘടനാ പ്രവര്‍ത്തകര്‍ പ്രാപ്തരാകൂ. അംബ്രല്ലാ ഓര്‍ഗനൈസേഷനുകള്‍ ആ ധര്‍മമാണ് അമേരിക്കന്‍ മലയാളികള്‍ക്കായി നിര്‍വഹിക്കുന്നത്. യഥാര്‍ത്ഥ ധര്‍മബോധം കൈവെടിയാതെയാണെങ്കില്‍ എക്യൂമെനിക്കല്‍ പ്രസ്ഥനങ്ങളും ഹൈന്ദവാരാധനാ രീതികള്‍ മുന്‍നിര്‍ത്തിയുള്ള ഐക്യവേദികളും നമ്മുടെ ഒരുമയേയാണ്; ഭിന്നിപ്പിനെയല്ല പ്രോത്സാഹിപ്പിക്കുക. എന്ന് ജോര്‍ജ് ഓലിക്കല്‍ പറഞ്ഞു.
ആലീസ് ജോസ് സ്വാഗതവും ജ്യോതി സുനില്‍ നന്ദിയും പറഞ്ഞു. മഹിമാ ജോര്‍ജ് പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ക്രിസ്റ്റി ജെറാള്‍ഡ് ന്യൂ ഇയര്‍ പാട്ടു പാടി. പീറ്റര്‍ ജോസഫ് പിയാനോ സംഗീതം ശ്രുതി മധുരമാക്കി.
ഓര്‍മ്മ തിങ്ക് ഫെസ്റ്റ് രണ്ടാഘട്ടം അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റേണി ജോവിന്‍ ജോസ് ഉദ്ഘാടനം ചെയ്തു.

More From USA News
More
View More
More From Featured News
View More
More From Trending
View More