You are Here : Home / USA News

ആംബർ ഹാഗർമന്റെ ഇരുപതാം ചരമവാർഷികം: പ്രതീക്ഷ കൈവിടാതെ കുടുംബാംഗങ്ങൾ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 14, 2016 01:07 hrs UTC

ആർലിംഗ്ടൺ (ടെക്സാസ്) ∙ വീടിനു സമീപമുളള ഗ്രോസറി സ്റ്റോർ പാർക്കിങ്ങ് ലോട്ടിൽ ഇളയ സഹോദരനുമൊത്ത് സൈക്കിൾ സവാരി നടത്തുന്നതിനിടെ ഒമ്പത് വയസ്സുളള ബാലികയെ തട്ടികൊണ്ടുപോയി കൊലചെയ്തിട്ട് ഇരുപത് വർഷം പിന്നിടുമ്പോഴും കൊലപാതകിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ കൈവിടാതെ കഴിയുകയാണ് കുടുംബാംഗങ്ങൾ. 1996 ജനുവരി 13 നാണ് ബ്ലാക്ക് പിക്കപ്പിൽ എത്തിയ ആക്രമി ആംബറിനെ സൈക്കിളിൽ നിന്നും തട്ടിയെടുത്ത് വാഹനത്തിൽ കയറ്റി സ്ഥലം വിടുകയായിരുന്നു. നാലു ദിവസങ്ങൾക്കുശേഷം കഴുത്ത് അറക്കപ്പെട്ട നിലയിൽ സമീപമുളള അഴക്കു ചാലിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ഏകദേശം 8,000 സൂചനകൾ ആംബറിന്റെ തിരോധാനവുമായി പൊലീസ് സൂക്ഷ്മ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. കുറ്റാന്വേഷണ വിദഗ്ധർ ഇതുവരെ ഈ കേസ് എഴുതി തളളിയിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴും അന്വേഷണം നടത്തികൊണ്ടിരിക്കുന്നു. കേസിനെ കുറിച്ച് ശരിയായ വിവരം നൽകുന്നവർക്ക് പ്രഖ്യാപിച്ചിരുന്ന 10,000 ഡോളറിന്റെ റിവാർഡ് ഇപ്പോഴും നിലവിലുണ്ട്. ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസ്സിനെ തുടർന്നാണ് ആംബർ അലർട്ട് നിലവിൽ വന്നത്. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഭവങ്ങൾ നിമിഷങ്ങൾക്കുളളിൽ റേഡിയോ, സെൽഫോൺ തുടങ്ങിയ മാധ്യമങ്ങളിലൂടെ പൊതു ജനങ്ങളെ അറിയിക്കുന്നതിനുളള സംവിധാനമാണിത്. ദേശീയ തലത്തിൽ ഇതുവരെ എണ്ണൂറിൽപരം തട്ടികൊണ്ടുപോയ കുട്ടികളെ കണ്ടെത്തുന്നതിന് ആംബർ അലർട്ടിനായിട്ടുണ്ട്. ജനുവരി 13 ന് രാജ്യത്താകമാനമുളള ലൊ എൻഫോഴ്സ്മെന്റ് ഏജൻസികൾ നാഷണൽ ആംബർ അലേർട്ട് ബോധവൽ‍ക്കരണ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആംബറിന്റെ മാതാവ് ഡോണാ വില്യംസും സഹോദരൻ റിക്കി ഹാഗർമാനും ചരമവാർഷിക ദിനത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് വിവരങ്ങൾ വിശദീകരിച്ചത്. വാർത്ത ∙ പി. പി. ചെറിയാൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.