You are Here : Home / USA News

മാര്‍ത്തോമ്മാ സഭയ്ക്ക് സ്പാനിഷ് ഭാഷയില്‍ ആരാധനക്രമം

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, January 15, 2016 11:21 hrs UTC

മാര്‍ത്തോമ്മാ സഭയ്ക്ക് സ്പാനിഷ് ഭാഷയില്‍ ആരാധനക്രമം ഔദ്യോഗീക പ്രകാശനം ജനുവരി 17ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത്-അമേരിക്ക യൂറോപ്പ് ഭദ്രാസനം നിര്‍വ്വഹിക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് മെക്‌സിക്കോയില്‍ മാറ്റമോറിസിലുള്ള പ്രവര്‍ത്തനം. 2007 മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്‌നാപിഷ് സംസാരിക്കുന്ന നിര്‍ദ്ദനരായ 45 ഓളം കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന സമൂഹത്തെയാണ് കൊളോണിയ മാര്‍ത്തോമ്മാ അഥവാ മാര്‍ത്തോമ്മാ സമൂഹം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ സമൂഹത്തിന് അടിസ്ഥാനപരമായ താമസ സൗകര്യങ്ങള്‍ നല്‍കപ്പെടുകയും, കൂട്ടായിട്ടുള്ള ജീവിതത്തിന് അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സമൂഹത്തിന്റെ പുരോഗമനത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് ഭദ്രാസനത്തിനുവേണ്ടി ബ്രൗണ്‍സ് വില്ലില്‍ താമസിക്കുന്ന ശ്രീ.പി.ടി.ഏബ്രഹാം നേതൃത്വം വഹിക്കുന്നു. താമസ സൗകര്യങ്ങള്‍ക്ക് ആവശ്യമായ മേല്‍മോട്ടം വഹിച്ചത് ഹൂസ്റ്റണിലുള്ള ശ്രീ.ജോണ്‍ തോമസാണ്(ഷാജന്‍). ആദ്ധ്യാത്മികമായ കാര്യങ്ങള്‍ക്ക് റവ.സജു മാത്യു, റവ.ജോണ്‍സണ്‍ ഉണ്ണിത്താന്‍, റവ.ഡോ.ഫിലിപ്പ് വര്‍ഗ്ഗീസ് ആദിയായ വൈദീകര്‍ ശുശ്രൂഷകള്‍ അനുഷ്ഠിക്കുന്നു. പോഷകാഹാരം, ആതരചികിത്സ, കായികാഭ്യാസം, വിദ്യാഭ്യാസസഹായം, സ്‌കോളര്‍ഷിപ്പ് ആദിയായ കാര്യങ്ങളില്‍ ഹൂസ്റ്റണിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ, ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് എന്നിവയുടെ സഹകരണത്തോടെ ഭദ്രാസന കൗണ്‍സിലിനുവേണ്ടി ശ്രീമതി. സിനി ജോര്‍ജ്ജ് നേതൃത്വം നല്‍കുകയും ചെയ്യുന്നു. സമീപ പ്രദേശങ്ങളിലുള്ള മാര്‍ത്തോമ്മാ ഇടവകകളും, ഭദ്രാസനത്തിലെ വൈദീകരും ആത്മായ നേതാക്കളും ദൈനംദിന ആവശ്യങ്ങളില്‍ സഹായിച്ചുവരുന്നു. 2013-ല്‍ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം സില്‍വര്‍ ജൂബിലി ആഘോഷിച്ചപ്പോള്‍ മാറ്റമോറിസിലുള്ള മാര്‍ത്തോമ്മാ സമൂഹത്തിനായി ഒരു ആരാധനാലയം നിര്‍മ്മിക്കുകയും, ഭദ്രാസന അദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ അത് കൂദാശ ചെയ്ത് ജനങ്ങള്‍ക്കായി നല്‍കുകയും ചെയ്തു. ഭദ്രാസനത്തിലെ വൈദികര്‍ ആപ്രദേശം സന്ദര്‍ശിക്കുകയും, ആരാധനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തപ്പോള്‍ സ്പാനിഷ് ഭാഷയിലുള്ള ആരാധനക്രമം അനിവാര്യമായിതീര്‍ന്നു. ഭദ്രാസന കൗണ്‍സിലിന്റെ ആലോചനയോടുകൂടി ഭദ്രാസന ട്രഷറാര്‍ കൂടിയായ ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകാംഗം കൂടിയായ മി.ഫിലിപ്പ് തോമസ് കുര്‍ബ്ബാനക്രമം സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യുകയുണ്ടായി. അപ്രകാരം ലഭ്യമായ ആരാധനക്രമം ഭദ്രാസന സെക്രട്ടറിയായ റവ.ബിനോയി ജെ. തോമസ് മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സിനഡിന്റെ പരിഗണനയ്ക്കായി അയച്ചുകൊടുത്തു. വിദഗ്ദ ഉപദേശം തേടിയതിനുശേഷം സഭയുടെ പരമാദ്ധ്യക്ഷനായ മോസ്റ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രപ്പോലീത്തയുടെ ആശിര്‍വാദത്തോടും ബഹുമാനപ്പെട്ട എപ്പിസ്‌ക്കോപ്പല്‍ സിനഡിന്റെ അംഗീകാരത്തോടും കൂടെ സ്പാനിഷ് ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ ഉപയോഗത്തിനായി നല്‍കപ്പെടുകയുണ്ടായി. ആയതിന്റെ ഔദ്യോഗികമായ പ്രകാശനകര്‍മ്മം 2016 ജനുവരി 17-ാം തീയ്യതി ടെക്‌സാസ് ഓസ്റ്റിനിലുള്ള മാര്‍ത്തോമ്മ ദേവാലയത്തില്‍വച്ച് ഭദ്രാസന അദ്ധ്യക്ഷന്റെ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നതാണ്. ആയത് മാര്‍ത്തോമ്മാ സഭയുടെയും നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെയും ദൈവരാജ്യ പ്രവര്‍ത്തനങ്ങളിലുള്ള ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒരു പുതിയ നാഴികകല്ലാണ്. ഇത് ലഭ്യമായതില്‍ ജനങ്ങളും ഭദ്രാസനവും പ്രത്യേകമായി ഭദ്രാസന കൗണ്‍സിലും ആഹഌദിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.