You are Here : Home / USA News

യോങ്കേഴ്‌സില്‍ ഈ ആഴ്ചയുടെ അന്ത്യത്തില്‍ രണ്ടു മഹാസംഭവങ്ങള്‍

Text Size  

Story Dated: Thursday, January 28, 2016 11:57 hrs UTC

ന്യൂയോര്‍ക്ക്: ഒരു സാധാരണക്കാരനായ ഈ ലേഖകന്‍ അധിവസിക്കുന്ന യോങ്കേഴ്‌സില്‍ ഈ ആഴ്ചയുടെ അന്ത്യത്തില്‍ രണ്ടു മഹാസംഭവങ്ങള്‍ നടക്കാനിരിക്കുന്നു എന്നുള്ള വിവരം ഈയ്യിടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്രയും വലിയ മഹാസംഭവത്തില്‍ പങ്കുചേരാനുള്ള ക്ഷണവും ഇതിനോടകം എനിക്ക് കിട്ടിക്കഴിഞ്ഞു. അമേരിക്കയിലെ പ്രമുഖ മലയാളി മാധ്യമ പ്രവര്‍ത്തകരും, അവയുടെ ചുക്കാന്‍ പിടിക്കുന്ന നേതാക്കളും, അമേരിക്കന്‍ മലയാളികളെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കളും, ഭാവിയിലേക്ക് മത്സരിക്കാനിരിക്കുന്ന നേതാക്കളും ഇക്കാര്യം അറിഞ്ഞുകാണുമെന്ന് വിശ്വസിക്കുന്നു. എന്താണ് ഈ രണ്ടു മഹാസംഭവങ്ങള്‍? ഒന്ന് ഈ വരുന്ന ശനിയാഴ്ച (ജനുവരി 30) ഉച്ചയ്ക്ക് 12 മണിക്ക് യോങ്കേഴ്‌സിന്റെ ഹൃദയഭാഗത്തുള്ള മുംബൈ സ്‌പൈസസ് റസ്‌റ്റോറന്റില്‍ വെച്ചു നടക്കാനിരിക്കുന്ന 'പ്രവാസി ഭാരതീയ ദിവസ്' ആണ്. പ്രസ്തുത ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് 'ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക'യും ബി.ജെ.പി.യും സംയുക്തമായാണെന്ന് മനസ്സിലാക്കുന്നു. അതിന് നേതൃത്വം നല്‍കുന്നത് ബി.ജെ.പി.യെ പ്രതിനിധാനം ചെയ്യുന്ന ശിവദാസന്‍ നായര്‍ ആണ്. പ്രസ്തുത ചടങ്ങില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലെയും പങ്കെടുക്കുമെന്നാണ് അറിവ്. ഇന്ന് അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ അമേരിക്കക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍, നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്നും നേരിട്ട് മനസ്സിലാക്കി അവയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക എന്നതാണ് ഈ പ്രവാസി ഭാരതീയ ദിവസിന്റെ ലക്ഷ്യമെന്ന് സംഘാടകന്‍ ശിവദാസന്‍ നായരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്രസ്തുത ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് 10 ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം സംഘാടകര്‍ അനുവദിച്ചിട്ടുണ്ട്. സമയ പരിമിതി മൂലം ചോദ്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കൂടാതെ, വളരെ പ്രധാനപ്പെട്ട, ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളും, കോണ്‍സുല്‍ ജനറലിന്റെ അധികാരപരിധിയില്‍ വരുന്ന ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാന്‍ പാടുള്ളു എന്ന് നിഷ്‌ക്കര്‍ച്ചിട്ടുമുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് എന്ന സംഘടനയുടെ നിയുക്ത പ്രസിഡന്റും, ജസ്റ്റിസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ആക്റ്റിംഗ് പ്രസിഡന്റുമായ ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് ചോദിക്കാനിരിക്കുന്ന പ്രസക്തമായ ചോദ്യം ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'ഔട്ട്‌സോഴ്‌സിംഗ്' സമ്പ്രദായത്തിനു മാറ്റം വരുത്തത്തക്ക ചോദ്യമാണ്. ഇന്ന് നിലവിലുള്ള, അല്ലെങ്കില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന, ഔട്ട്‌സോഴ്‌സിംഗ് സമ്പ്രദായത്തെക്കുറിച്ചു തന്നെ. യാതൊരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഏജന്‍സികള്‍ ജനങ്ങളുടെ ഏറ്റവും വിലപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിച്ച് അത് നേരിട്ട് കോണ്‍സുലേറ്റ് സ്വീകരിച്ച് കോണ്‍സുലേറ്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സികളെ ഏല്പിച്ച് കാര്യങ്ങള്‍ നടത്തിക്കുന്നതിനെക്കുറിച്ചാണ്. അതുപ്രകാരം ലക്ഷക്കണക്കിന് ജനങ്ങളുടെ ഐഡന്റിറ്റി മോഷണം അവസാനിപ്പിക്കാനാവും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് ഏറ്റവും കൂടുതല്‍ ഐഡന്റിറ്റി മോഷണം നടക്കുന്നത് ഇന്ത്യന്‍ അമേരിക്കക്കാരുടേതാണെന്ന സത്യവും ഇവിടെ സ്മരിക്കുന്നു.>അടുത്ത ചോദ്യം ചോദിക്കുന്നത് ജസ്റ്റിസ് ഫോര്‍ ഓള്‍ പി.ആര്‍.ഒ. ആനി ലിബു ആണ്. ഇന്ത്യന്‍ സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ നിയമവും അതോടൊപ്പം റിനൗണ്‍സിയേഷന്‍ നിര്‍ത്തലാക്കുകയും, അതിന്റെ പേരില്‍ ഈടാക്കുന്ന പിഴ എന്നന്നേക്കുമായി നിര്‍ത്തലാക്കാന്‍ നടപടി എടുക്കുക എന്നുള്ളതാണ്. ഒ.സി.ഐ. കാര്‍ഡുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇരട്ട പൗരത്വം ലഭിക്കാനുള്ള നടപടിയെക്കുറിച്ചാണ് ജസ്റ്റിസ് ഫോര്‍ ഓള്‍ നാഷണല്‍ ട്രഷറര്‍ അനില്‍ പുത്തന്‍ചിറയുടെ ചോദ്യം. മുന്‍കാലങ്ങളില്‍ ജെ.എഫ്.എ. പ്രവര്‍ത്തകര്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കുവേണ്ടി പോരാടുകയും നിരവധി ചര്‍ച്ചകള്‍ ദേശീയ ലവലില്‍ നടത്തുകയും ചെയ്തിരുന്നു. യോങ്കേഴ്‌സില്‍ വെച്ചു നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് എല്ലാ അര്‍ത്ഥത്തിലും സാമാന്യ ജനങ്ങള്‍ക്ക് ഗുണകരമാക്കിത്തീര്‍ക്കാന്‍ ജെ.എഫ്.എ. പ്രവര്‍ത്തകര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇക്കാര്യത്തിലേക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകരേയും, സംഘടനാ നേതാക്കളേയും, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി സമൂഹത്തെയും യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസസ് റസ്‌റ്റോറന്റിലേക്ക് സ്വാഗതം ചെയ്യുന്നു. അഡ്രസ്: 1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10710. അടുത്ത പരിപാടി നടക്കുന്നത് യോങ്കേഴ്‌സില്‍ തന്നെ ഒരു മൂലയില്‍ സ്ഥിതിചെയ്യുന്ന ആഷ്ബറി മെഥഡിസ്റ്റ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷമാണ്. സംഘടിപ്പിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രസ്തുത ചടങ്ങ് കോണ്‍ഗ്രസ് പാര്‍ട്ടിയുടേതു മാത്രമാക്കി മാറ്റാന്‍ ശ്രമിക്കാതെ ഇന്ത്യക്കാരെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒന്നാക്കി മാറ്റാന്‍ അതിന്റെ സംഘാടകര്‍ക്ക് കഴിഞ്ഞാല്‍ അത് നമ്മുടെ സമൂഹത്തിനുതന്നെ ഒരു മുതല്‍ക്കൂട്ടാക്കി മാറ്റാന്‍ കഴിയുമെന്നതില്‍ സംശയമില്ല. പ്രസ്തുത ചടങ്ങിലേക്ക് അതിന്റെ സംഘാടകരില്‍ പ്രമുഖനായ ജോയി ഇട്ടനും, ശ്രീകുമാര്‍ ഉണ്ണിത്താനും ഈ ലേഖകനെ വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്. ഈ ചടങ്ങ് എല്ലാ ഇന്ത്യക്കാരെയും ഒന്നായി കാണത്തക്കവിധത്തിലായിരിക്കണമെന്ന് എന്റെ ആശയവും ഞാന്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അവര്‍ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ കേരളത്തില്‍ നിന്നും വരുന്നത് ബെന്നി ബഹനാന്‍, എം.എല്‍.എ.യും, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സന്റ് എന്നിവരാണെന്നും കാണാന്‍ കഴിഞ്ഞു. പ്രസ്തുത പരിപാടി ഐ.എന്‍.ഒ.സി.യുടെ മാത്രമാക്കി മാറ്റാതെ എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുത്ത്, പങ്കെടുക്കുന്നവരെ മുഴുവന്‍ മാനിക്കുകയും ചെയ്താല്‍ അത് ഇന്ത്യക്കാരനെന്ന നിലയില്‍ നമ്മുടെ പാരമ്പര്യം ഒരു പടികൂടി നന്നാകുന്നതിനും, ഒരുപക്ഷേ ഭാവിയില്‍ നമ്മള്‍ കൂട്ടായി ചിന്തിക്കുന്നതിനും കാരണമായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല. എന്താണെങ്കിലും ഒരു യോങ്കേഴ്‌സ് നിവാസി എന്ന നിലയില്‍ ശ്രീമാന്‍ ജോയി ഇട്ടന്റെ നിര്‍ദ്ദേശപ്രകാരം ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലെ മുതിര്‍ന്ന അംഗമായ ശ്രീമതി ഷെല്ലി മേയറെ ചീഫ് ഗസ്റ്റ് ആയി ക്ഷണിച്ചിട്ടുണ്ട്. അവര്‍ വരാമെന്നും സമ്മതിച്ചു. അതുതന്നെ ഒരു വലിയ മാറ്റത്തിന്റെ മുന്നോടിയാണ്. ആഷ്ബറി മെഥഡിസ്റ്റ് ചര്‍ച്ച് അഡ്രസ്: 167 സ്‌കാഴ്‌സ്‌ഡെയ്ല്‍ റോഡ്, ടക്കഹോ, ന്യൂയോര്‍ക്ക്. സമയം: വൈകീട്ട് 4:30. പ്രസ്തുത രണ്ടു ചടങ്ങുകളിലും മലയാളി മാധ്യമ സംഘടനകളായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബും അവരുടെ വ്യക്തിപ്രഭാവവും, മാധ്യമ പാടവവും വേണ്ടവിധത്തില്‍ പ്രകടിപ്പിച്ചാല്‍ അത് അമേരിക്കന്‍ മലയാളികള്‍ക്ക് ഉണര്‍വ്വും, ഉശിരും ഉണ്ടാക്കാന്‍ കാരണമായിത്തീരും. അങ്ങനെ മാധ്യമ പ്രവര്‍ത്തനം ശക്തിപ്പെടാനും അത് ഇടയാക്കിത്തീര്‍ക്കട്ടേ എന്ന് ഒരു സ്വതന്ത്ര ലേഖകന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാധ്യമ പ്രവര്‍ത്തകരോടൊപ്പം ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, മറ്റു സംഘടനകളും അവയുടേ നേതാക്കളും ഈ അസുലഭ അവസരം വേണ്ടവിധത്തില്‍ വിനിയോഗിക്കും എന്നും ആഗ്രഹിക്കുന്നു. റിപ്പോര്‍ട്ട്: തോമസ് കൂവള്ളൂര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.