You are Here : Home / USA News

ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം: അമേരിക്കന്‍ ഐക്യ നാടുകളില്‍ പ്രതിക്ഷേധം അലയടിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 04, 2016 04:09 hrs UTC

ന്യൂയോര്‍ക്ക്: കോവളത്തു വച്ചു നടന്ന 2016 ഗ്ലോബല്‍ എഡ്യുക്കേഷന്‍ മീറ്റില്‍ പങ്കെടുക്കുവാന്‍ എത്തിയ മുന്‍ അംബാസിഡറും ഇപ്പോള്‍ കേരള സ്‌റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും, അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനുമായ ടി. പി. ശ്രീനിവാസന്‍ വളരെ ദാരുണമായി മര്‍ദ്ദിക്കപ്പെട്ടതില്‍ അമേരിക്കയിലെ മലയാളി സമൂഹം ശക്തമായി അപലപിച്ചു. പോലീസ് നോക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥിസംഘടനാ പ്രവര്‍ത്തകര്‍ ടി.പി.ശ്രീനിവാസനെ കൈയ്യേറ്റം ചെയ്തത് എന്നത് ശ്രദ്ധേയമാണ്. ചുരുങ്ങിയ സമയം കൊണ്ട് ന്യൂജേഴ്‌സിയില്‍ നിന്നുള്ള അനില്‍ പുത്തന്‍ചിറയും, മിഷിഗണില്‍ നിന്നുള്ള കൊണ്ടൂരിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സ് കോളില്‍ ഏകദേശം നൂറോളം പേര്‍ പങ്കെടുത്തു. മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ , മകന്‍ ശ്രീനാഥ് ശ്രീനിവാസന്‍ , മരുമകള്‍ രൂപാ ഉണ്ണികൃഷ്ണന്‍ എന്നിവരും കോളില്‍ പങ്കെടുത്തിരുന്നു. അമേരിക്കന്‍ മലയാളി സമൂഹം തങ്ങള്‍ക്ക് നല്‍കുന്ന പിന്‍തുണ ഒരിക്കലും മറക്കാനാകുന്നതല്ലെന്നും, തന്റെ അച്ഛനു സംഭവിച്ചത് മറ്റൊരാള്‍ക്കും ഇനി സംഭവിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും മകന്‍ ശ്രീനാഥ് പറഞ്ഞു. അമേരിക്കയില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ജെ എഫ് എ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പ്രസ്തുത കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്തു. കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്ത എല്ലാവരും ടി.പി.ശ്രീനിവാസനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. നാട്ടില്‍ നിന്നും അലക്‌സ് വിളനിലം കോശി, അഡ്വ: ശിവന്‍ മീത്തില്‍, അഡ്വ: സിറിയക്ക് തോമസ് എന്നിവര്‍ പങ്കെടുത്തു. ദിലീപ് വര്‍ഗീസ്, ഡോ: നരേന്ദ്ര കുമാര്‍, അനിയന്‍ ജോര്‍ജ് (മോഡറേറ്റര്‍), മധു കൊട്ടാരക്കര, ലീലാ മാരേട്ട് ( ഫൊക്കാന ), ഫ്രെഡ് കൊച്ചിന്‍, തോമസ് കൂവള്ളൂര്‍ (ജെ. എഫ്. എ), സാം ഉമ്മന്‍, റോയി ചെങ്ങന്നൂര്‍, പോള്‍ സി. മത്തായി, ഷോളി കുമ്പിളുവേലില്‍, ജിബി തോമസ്സ്, ബിജു പന്തളം, ജോയിച്ചന്‍ പുതുക്കുളം, സതീശന്‍ നായര്‍, തോമസ് ജോസ്, ബിനു ജോസഫ്, തോമസ് കര്‍ത്തനാള്‍, അലക്‌സ് മാത്യൂ, സണ്ണി വൈക്ലിഫ് (ഫൊക്കാനാ), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവരാണ് പങ്കെടുത്ത മറ്റു പ്രമുഖര്‍. ഇതിന്റെ തുടര്‍ നടപടിയെന്നവണ്ണം മുഖ്യമന്ത്രിക്കും മറ്റു മേലാധികാരികള്‍ക്കും നിവേദനം നല്‍കാന്‍, അനിയന്‍ ജോര്‍ജ്, രാജു വര്‍ഗീസ്, സാം ഉമ്മന്‍, ലീലാ മാരേട്ട്, വിനോദ് കൊണ്ടൂര്‍ എന്നിവരെ ചുമതലപ്പെടുത്തി. നന്മകള്‍ നിറഞ്ഞ, മരതക പട്ടുടുത്ത ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും നിത്യവും നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതും ദുഃഖകരമായതുമാണെന്നത്, പ്രവാസി മലയാളികള്‍ എന്നും വേദനയോടെയാണ് നോക്കിക്കാണുന്നത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.