You are Here : Home / USA News

ഫിലഡല്‍ഫിയാ-കൊച്ചി ഡയറക്ട് ഫ്‌ളൈറ്റ് നേടിയെടുക്കുവാനുള്ള ശ്രമങ്ങളുമായി സിറ്റി കൗണ്‍സില്‍

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Wednesday, February 10, 2016 12:57 hrs UTC

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ-കൊച്ചി ഡയറക്ട് ഫ്‌ളൈറ്റ് നേടിയെടുക്കുവാനുള്ള ശ്രമങ്ങളുമായി സിറ്റി കൗണ്‍സില്‍ മുന്നോട്ടു പോകുമെന്ന് സിറ്റി കൗണ്‍സിലര്‍ അല്‍ടോബന്‍ ബെര്‍ഗര്‍. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ) സമര്‍പ്പിച്ച നിവേദനത്തിന്റെ സാദ്ധ്യതകള്‍ വിലയിരുത്തി നിവേദക സംഘത്തോട് സംസാരിക്കുകയായിരുന്നു അല്‍ടോബന്‍ ബര്‍ഗര്‍. വിന്‍സന്റ് ഇമ്മാനുവേല്‍ ഉദ്യോഗസ്ഥ സംഘത്തില്‍ അല്‍ടോബന്‍ ബര്‍ഗറോടൊപ്പമുണ്ടായിരുന്നു. 'താന്‍ ഇത്തവണ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എനിക്കു വേണ്ടി വോട്ടു ചെയ്ത നൂറുകണക്കിന് മലയാളികളുടെ പിന്തുണ കൊണ്ടാണ്. വിന്‍സന്റ് ഇമ്മാനുവേല്‍ എന്നോടൊപ്പം എല്ലാ മലയാളവേദികളിലും നിങ്ങളുടെ സൗഹൃദം പങ്കുവച്ച് കഴിഞ്ഞ പത്തു വര്‍ഷക്കാലം നിരന്തരമായി തുടര്‍ന്ന കാമ്പയിനാണ് ഇന്നു ഫലം കണ്ടിരിക്കുന്നത്. ഈ വാസ്തവം മലയാളികളുമായുള്ള എന്റെ കടപ്പാട് ദൃഢമാക്കുന്നു. സിറ്റി സംബന്ധമായ മലയാളികളുടെ പൊതു ആവശ്യങ്ങള്‍ക്കനുകൂലമായി വാദിക്കുവാന്‍ ഞാനുണ്ടാകും'. അല്‍ടോബന്‍ ബെര്‍ഗര്‍ പറഞ്ഞു. ' നിവേദനം പഠിച്ചതനുസ്സരിച്ച്, ഫിലഡല്‍ഫിയാ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ഡയറകട് ഫ്‌ളൈറ്റ് സര്‍വീസ് ഉണ്ടാകണമെന്നത് വളരെക്കാലത്തെ ആവശ്യമാണ്. ന്യൂയോര്‍ക്കും നെവാര്‍ക്കുമാണ് ഇപ്പോള്‍ ഇക്കാര്യത്തി്ല്‍ ട്രൈസ്റ്റേറ്റ് ഏരിയായിലെ ഇന്ത്യാ യാത്രികര്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങള്‍. ടോളും സമയനഷ്ടവും കൊണ്ട് ഈ യാത്രാ മാര്‍ഗം ദുഷ്‌ക്കരമാണ്. ഫിലഡല്‍ഫിയയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേസിന്റെ ഫ്‌ളൈറ്റ് 12 മണിക്കൂര്‍ ദോഹയില്‍ താമസ്സമിട്ടാണ് കണക്ഷന്‍ ഫ്‌ളൈറ്റ് നല്‍കുന്നത്. ക്ലേശവും നഷ്ടവും അവര്‍ണ്ണനീയം. ഈ പ്രതികൂല സാഹചര്യം മാറണം. ട്രൈസ്റ്റേറ്റ് ഏരിയായില്‍ താമസ്സിക്കുന്ന പരശതം ഇന്ത്യക്കാര്‍ക്ക് ഫിലഡല്‍ഫിയാ എയര്‍പോര്‍ട്ട് ഉപയുക്തമാകണം. കൊച്ചി, വിവിധ നിലകളില്‍ ചരിത്ര പ്രാധാന്യം ഉള്‍ക്കൊള്ളുന്നു. യഹൂദ കുടിയേറ്റ ചരിത്രവും ഏ. ഡി 53 മുതലുള്ള ക്രിസ്ത്യന്‍ ചരിത്രവും സുഗന്ധ ദ്രവ്യ വാണിജ്യ പശ്ച്ചാത്തലവും കൊച്ചിയ്ക്കു സ്വന്തമായുണ്ട്. ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം സൗഹൃദത്തിന്റെ ലോകോത്തര മാതൃകയാണ് കൊച്ചി. അമേരിക്കന്‍ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങള്‍ ചേര്‍ത്തുവച്ച സാഹോദര്യ നഗരമാണ് ഫിലഡല്‍ഫിയ. ടൂറിസത്തിനും സൗഹൃദ വ്യാപനത്തിനും അതു വഴി ഫിലഡല്‍ഫിയയൂടെ താത്പര്യങ്ങള്‍ക്കും ഉപകരിക്കുന്ന നടപടിയാകും ഫിലഡല്‍ഫിയാ കൊച്ചി ഡയറക്ട് ഫ്‌ളൈറ്റ്'. ഈ കാഴ്ച്ചപ്പാടായിരിക്കും സിറ്റി കൗണ്‍സില്‍ മുന്നോട്ടു വയ്ക്കുക എന്ന് അല്‍ ടോബന്‍ ബര്‍ഗര്‍ വ്യക്തമാക്കി. 'ജനസംഖ്യാ ബലത്തില്‍ ഫിലഡല്‍ഫിയ; രാജ്യത്തെ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സിറ്റിയാണെങ്കിലും ഏവിയേഷന്‍ രംഗത്ത് ഫിലഡല്‍ഫിയ ഇരുപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. അതേസമയം; ഫിലഡല്‍ഫിയാ സിറ്റിയുടെ പ്രോപ്പര്‍ട്ടിയാണ് ഫിലഡല്‍ഫിയാ എയര്‍പ്പോര്‍ട്ട്. അതു കൊണ്ട് സിറ്റിയുടെ വളര്‍ച്ചയില്‍ ഫിലഡല്‍ ഫിയാ എയര്‍പോര്‍ട്ടിലെ സര്‍വീസ്സുകള്‍ക്ക്് വലിയ പങ്ക് വഹിക്കാനാവും. ഫിലഡല്‍ ഫിയാ എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയില്‍ സിറ്റിയ്ക്കും അതേ പോലെ പങ്കുണ്ട്. പുതിയ സിറ്റി കൗണ്‍സിലും മേയറും ഈ കാര്യത്തില്‍ പ്രതിജ്ഞാ ബദ്ധരാണ്' എന്ന് വിന്‍സന്റ് ഇമ്മാനുവേല്‍ പറഞ്ഞു. 'ബിസിനസ് ക്ലാസ്സ് യാത്രക്കാരുടെ എണ്ണമനുസരിച്ചാണ് മിക്ക വിമാനസര്‍വീസ്സും താത്പര്യമെടുക്കുക എന്ന യാഥാര്‍ഥ്യം നിലവിലിരിക്കെത്തന്നെ, നിയമങ്ങളെ അനുസരിച്ചും സമാധാനപരമായ ജീവിത മാതൃക സമ്മാനിച്ചും ഫിലഡല്‍ഫിയാ സിറ്റിയെ സമ്പന്നമാക്കുന്ന മലയാളി സമൂഹത്തിന് അവരര്‍ഹിക്കുന്ന പ്രാധാന്യം ഭരണ രംഗത്തും സിവിക് രംഗത്തും ലഭിക്കുന്നുണ്ട് എന്നുള്ള തിരിച്ചറിവ് പ്രദാനം ചെയ്യുവാനായിപ്പോലും ഈ ശ്രമം അനിവാര്യമാണ്' എന്ന് ഓര്‍മ്മാ നാഷണല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം ചൂണ്ടിക്കാണിച്ചു. ജോര്‍ജ് നടവയല്‍, ഓര്‍മ്മാ വൈസ് പ്രസിഡന്റ് തോമസ് പോള്‍, ട്രഷറാര്‍ ഷാജി മിറ്റത്താനി, സെക്രട്ടറി മാത്യൂ തരകന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു. ഓര്‍മാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായിലാണ് വസ്തുതാ വിവരണ ബ്രോഷര്‍ തയ്യാറാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.