You are Here : Home / USA News

എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള 2015 ലെ കര്‍മ്മ പരിപാടികള്‍

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Saturday, February 13, 2016 02:18 hrs UTC

ഷിക്കാഗോ: ക്രൈസ്തവ ആത്മീയ മേഖലയിലെ കൂട്ടായ്മയ്ക്ക് മുപ്പത്തിരണ്ട് വര്‍ഷത്തെ പാരമ്പര്യവുമായി ചിക്കാഗോയ്ക്ക് എന്നും അഭിമാനമായി നില്‍ക്കുന്ന എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ 2015 ലെ കര്‍മ്മ പരിപാടികള്‍ തിളക്കമേറിയതും മാതൃകാപരവുമായിരുന്നു. വിവിധ സഭകളിലെ പതിനാറ് ദേവാലയങ്ങളുടെ സംഗമവേദിയായ എക്യൂമിനിക്കല്‍ കൗണ്‍സില്‍ വിശ്വാസപരവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ കഴിഞ്ഞ വര്‍ഷം ചെയ്തത് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നവ ഊര്‍ജ്ജം പകരുന്നതായിരുന്നു. ഫെബ്രുവരി 9ന് കൂടിയ കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞ വര്‍ഷം നടത്തിയ പരിപാടികളെക്കുറിച്ചുള്ള അവലോകനം നടത്തുകയും പൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൂടിയ യോഗത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ.ഡാനിയേല്‍ ജോര്‍ജ് അധ്യക്ഷത പദവി അലങ്കരിക്കുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു. സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ.അഗസ്റ്റിന്‍ പാലയ്ക്കാ പറമ്പില്‍ ഏവരെയും സ്വാഗതം ചെയ്യുകയും, സെക്രട്ടറി ജോര്‍ജ്ജ് പണിക്കര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജോര്‍ജ് പി. മാത്യു വാര്‍ഷിക വരവു ചിലവു കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. റവ.പാ.മാത്യൂസ് ജോര്‍ജ്ജ് ധ്യാന പ്രസംഗത്തിനും റവ.ബിനോയ് പി ജേക്കബ് പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കി. കാലം ചെയ്ത അഭി. ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ്, അഭി.യൂഹാന്നോന്‍ മാര്‍ പീലക്‌സിനോസ് എന്നീ തിരുമേനിമാരുടെ സ്മരണയ്ക്കു മുന്‍പില്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. ലോക പ്രാര്‍ത്ഥനാദിനം, കുടുംബസംഗമം, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങള്‍, ഹാര്‍മണി ഫെസ്റ്റ് വല്‍, കണ്‍വന്‍ഷന്‍, ക്രിസ്തുമസ് ആഘോഷം, ഭവനദാന പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലിന്റെ തിളക്കം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുവാന്‍ നേതൃത്വം നല്‍കിയവരെ യോഗം അഭിനന്ദിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളാല്‍ മുന്‍പോട്ട് പ്രയാണം ചെയ്യുന്ന എക്യൂമിനിക്കല്‍ കൗണ്‍സില്‍ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഐക്യവേദിയാകട്ടെ എന്ന് ഏവരും ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.