You are Here : Home / USA News

ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ മുന്നണി പരാജയപ്പെട്ടു: അഡ്വ. ലാലി വിന്‍സന്റ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 13, 2016 02:25 hrs UTC

ഡാളസ്: കാലാവധി പൂര്‍ത്തീകരിക്കുന്നതിന് ഏതാനും മാസങ്ങള്‍ ശേഷിച്ചിരിക്കെ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രകടന പത്രികള്‍ വാഗ്ദാനം ചെയ്തിരുന്ന നൂറോളം പദ്ധതികള്‍ പൂര്‍ണ്ണമായോ, ഭാഗീകമായോ പൂര്‍ത്തീകരിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിജയിച്ചുവെങ്കിലും, ഈ നേട്ടങ്ങളെ കുറിച്ചു ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ മുന്നണി പരാജയപ്പെട്ടുവെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സന്റ് അഭിപ്രായപ്പെട്ടു.

മുന്നണിയ്ക്കകത്തുള്ള പിടല പിണക്കങ്ങളും, കുതികാല്‍വെട്ടലും, ഗ്രൂപ്പിയിസവും, സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള വടംവലിയുമാണ് അതതു സമയങ്ങളില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വിഘാതം സൃഷ്ടിച്ചതെന്ന് ലാലി പറഞ്ഞു. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം കൈവരിക്കുവാന്‍ കഴിയാതിരുന്നത് ഇതിന്റെ ചെറിയൊരു പ്രതിഫലനമായിരുന്നുവെങ്കില്‍ അടുത്തു നടക്കുവാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിഫലനമാണ് പ്രകടമാകുക എന്ന് ലാലി മുന്നറിയിപ്പ് നല്‍കി.
കേരളം കണ്ടിട്ടുള്ള ശക്തരായ ചുരുക്കം ചില മുഖ്യമന്ത്രിമാരില്‍ പ്രഥമ ഗണനീയനാണ് ഉമ്മന്‍ചാണ്ടിയെന്നു, മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങള്‍ പ്രബുദ്ധരായ കേരള ജനത ലാഘവത്തോടെ തള്ളികളയുമെന്നും ലാലി അഭിപ്രായപ്പെട്ടു.
കേരളത്തിലെ അമ്മമാരുടേയും, സഹോദരിമാരുടേയും, കുഞ്ഞുമക്കളുടേയും തോരാത്ത കണ്ണീരിന് അല്പമെങ്കിലും, ശമനം വരുത്തുവാന്‍ ബാറുകള്‍ അടച്ചുപൂട്ടുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച മദ്യനയത്തില്‍ നിരാശ പൂണ്ട ചിലര്‍ കെട്ടിചമച്ച അഴിമതി, കോഴ കേസ്സുകളുടെ നിജസ്ഥിതി കണ്ടെത്തുവാന്‍ കോടതികളും, നിയമ വ്യവസ്ഥയും നിലനില്‍ക്കെ, സഖാക്കളെ തെരുവുകളിലേക്ക് ഇറക്കി വിടുന്ന പിണറായി ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കെതിരാണോ എന്ന് വ്യക്തമാക്കണമെന്നും ലാലി ആവശ്യപ്പെട്ടു. ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(കേരള) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് ഫെബ്രുവരി 7 ശനിയാഴ്ച ഗാര്‍ലന്റ് കിയാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ലാലി. ടെക്‌സസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് അബ്രഹാം(ഹൂസ്റ്റണ്‍) യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബോബന്‍ കൊടുവത്ത്, പ്രദീപ് നാഗന്തൂലില്‍, ജോര്‍ജ്ജ് തോമസ്, ജോയ് ആന്റണി, ചാക്കൊ ഇട്ടി, ബാബു സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More
More From Trending
View More