You are Here : Home / USA News

ഓളങ്ങളെ വകഞ്ഞുമാറി വള്ളം തുഴഞ്ഞ് നിരവേല്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, February 14, 2016 02:06 hrs UTC

ഒരു വള്ളം തുഴയുന്നതു പോലെയായിരുന്നു രണ്ടു വര്‍ഷം കഴിയാറാകുമ്പോള്‍ . ചിലപ്പോഴൊക്കെ ആടിയും ഉലഞ്ഞുമിരിക്കും. പക്ഷെ അമരത്തെ കഴുക്കോല്‍ മുറുക്കിപ്പിടിച്ചും താളത്തില്‍ ഈണമിട്ടും അത് കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. ആ അമരക്കാരനെ വള്ളത്തിലെ യാത്രക്കാര്‍ സ്നേഹത്തോടെ ആനന്ദേട്ടാ എന്നു സ്നേഹപൂര്‍വ്വം വിളിച്ചു. ഫോമയെന്ന തച്ചിലേടത്തു ചുണ്ടനെ രണ്ടുവര്‍ഷം അഭിമാനത്തോടെ നെഞ്ചിലേറ്റിയ നായകന്‍ മറ്റു പലര്‍ക്കും ആനന്ദന്‍ നിരവേല്‍ ആയിരുന്നു.

 

 

കര്‍മം- ജന്മം എന്നീ വാക്കുകള്‍ക്ക് പൂര്‍ണതയേകാന്‍ നമുക്ക് ആനന്ദന്‍ നിരവേലിനെ പകരം വയ്ക്കാം. എല്ലാ കാര്യങ്ങള്‍ക്കും മുന്നിലുണ്ടാകും എന്നാല്‍ മുന്നിലാണ് ഞാനെന്നു പറയാന്‍ ഇഷ്ടമില്ലാത്ത മനുഷ്യന്‍. എന്തെ ഇങ്ങനെ എന്നു ചോദിച്ചാല്‍ ഉത്തരം പറയാനും അദ്ദേഹം പിന്നോട്ടാണ്." കര്‍മം ചെയ്യുകയാണ് നമ്മുടെ ലക്ഷം. പിന്നെ മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് ആളാവാന്‍ താല്പര്യമില്ല. ഇത് വരെയും ചെയ്തിട്ടില്ല. ഇനിയൊട്ടു മാധ്യമശ്രദ്ധ നേടാന്‍ താല്‍പര്യവും ഇല്ല. ഫോമയുടെ അഞ്ചാമത് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ മയാമിയില്‍ നടക്കുകയാണ്. കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്‌ഷ്യം.അതിനൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കണം"

 

ഫോമയെന്ന വടവൃക്ഷം അമേരിക്കന്‍ മലയാളികള്‍ക്ക് നല്‍കുന്ന തണല്‍ വലുതാണ്‌. അതിനേക്കാള്‍ വലുതാണ്‌ അവര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിനു ഒരു ലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ നാട് ഇരുകൈയും കൂപ്പി നമിക്കുകയായിരുന്നു. കടല്‍കടന്നുവന്ന സ്നേഹത്തിനു മുന്നില്‍ മലയാളത്തിന്‍റെ ആദരം.

 

അശ്വമേധത്തിനു വേണ്ടി മധു കൊട്ടാരക്കര നടത്തിയ അഭിമുഖത്തില്‍ നിന്ന്

 

ജനശ്രദ്ധ പിടിച്ച് പറ്റിയ ആര്‍സിസി പ്രോജക്റ്റിന്റെ തുടക്കം ഒന്നു വിശദീകരിക്കാമോ?

 

ഫോമയുടെ ദീര്‍ഘകാല സുഹൃത്തും ലോകപ്രശസ്ത ക്യാന്‍സര്‍ വിദഗ്ധനും മലയാളത്തിന്‍റെ വൈദ്യശ്രീ ഡോ എം.വി പിള്ളയായിരുന്നു കാരുണ്യഹസ്തം നീട്ടാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്. ഇതിനു മുന്പ് ജോണ്‍ ടൈറ്റസ് ആണ് വലിയൊരു ചാരിറ്റി പ്രോജക്റ്റ് കേരളത്തില്‍ നല്‍കിയത്. അര്‍ബുദം വിഴുങ്ങിയ നാടിന് അല്പം സാന്ത്വനം പകരാന്‍ ആര്‍സിസിയില്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടികളുടെ വാര്‍ഡിനെ പറ്റി അറിഞ്ഞത്. ചെറിയൊരു മുറിയായിരുന്നു കുടികളുടെ വാര്‍ഡ്‌. രോഗികളും രോഗ നിര്‍ണയത്തിന് വന്നവരും ഡോക്ടര്‍മാരും ഞെരുങ്ങിക്കഴിയുന്ന അവസ്ഥ. യാതൊരു സൌകര്യവും ഇല്ലാത്ത ദുരവസ്ഥ. പദ്ധതിയെ പറ്റി ആര്‍സിസിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. കുസുമകുമാരിയുമായി കൂടികാഴ്ച നടത്തുകയും അവര്‍ സന്തോഷത്തോടെ സമ്മതം മൂളുകയും ചെയ്തു.

 

ഒരു ലക്ഷം ഡോളര്‍ എങ്ങിനെ ഒരുക്കൂട്ടും എന്നതായി പിന്നത്തെ ചിന്ത. പദ്ധതി കമ്മിറ്റിയിലും അംഗങ്ങള്‍ക്കിടയിലും അവതരിച്ചപ്പോള്‍ തന്നെ ഓഫറുകളുടെ പ്രവാഹമായിരുന്നു. അമേരിക്കന്‍ മലയാളികള്‍ ഞങ്ങളുടെ പദ്ധതിയെ ഇരുകൈയുംനീട്ടി സ്വീകരിച്ചു എന്നതാണ് അതില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലായത്. സൌത്ത് ഫ്ളോറിഡയില്‍ നിന്ന് തന്നെ തുടക്കത്തില്‍ 15000 ഡോളറില്‍ പരം ലഭിച്ചു.പകുതിയിലെത്തി നില്ക്കുന്ന ധനസമാഹരത്തിന്റെ ബാക്കി 50000 ഡോളര്‍ സൌത്ത് ഫ്ലോറിഡയില്‍ നിന്ന് മാത്രം ഉണ്ടാക്കണമെന്നാണ് ആഗ്രഹം. അതിനായി ഏപ്രില്‍ അഞ്ചിന് ഒരു നാടകം നടത്തുന്നുണ്ട്. 16000 ഡോളര്‍ ഈ വകയില്‍ അക്കൌണ്ടില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ബാക്കി കൂടി ഞാനുള്‍പ്പെടുന്ന സ്റ്റേറ്റില്‍നിന്ന് തന്നെ പിരിക്കാനാകും എന്നാണു വിശ്വാസം. അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ ഇവിടെയാണ്‌ നടക്കുന്നതെങ്കിലും ഇവിടത്തുകാര്‍ കൈഅയഞ്ഞു സഹായിക്കും എന്നു തന്നെയാണ് വിശ്വാസം. ഹൃദയം അറിഞ്ഞുകൊണ്ടാണ്‌ ജനം സംഭാവന തരുന്നത് . അവര്‍ തരുന്ന ഓരോ പൈസയ്ക്കും ഞങ്ങള്‍ കണക്കു വയ്ക്കുന്നുണ്ട്. ആര്‍ക്കും എപ്പോഴും പരിശോധിക്കാവുന്ന അക്കൌണ്ട് ആണിത്.

 

 

അമേരിക്കന്‍ മലയാളികള്‍ക്ക് ഫോമ പ്രോജക്ടുകള്‍ അവതരിപ്പിചിട്ടുണ്ടല്ലോ?

 

 

ഉണ്ട്. ഫോമയുടെ മുന്‍ ഭരണസമിതികള്‍ വളരെ നല്ല രീതിയില്‍ തുടക്കമിട്ട് നടപ്പിലാക്കിയ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നടത്തിയ പദ്ധതിയില്‍ ആറു മില്യണ്‍ ഡോളറാണ് നമ്മുടെ കമ്മ്യുണിറ്റിക്ക് ലാഭാമുണ്ടായത്. 2600 മലയാളി കുടുംബങ്ങള്‍ക്ക് 3000 ഡോളാറാണ് പദ്ധതി പ്രകാരം ലാഭം കിട്ടിയത്.പദ്ധതി ഇപ്പോഴും തുടരുന്നു. യുവാക്കള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും നേതൃനിരയിലേക്ക് കൊണ്ടു വരുന്നതിനും വേണ്ടി നടത്തിയ യങ്ങ് പ്രൊഫഷനല്‍ സമ്മിറ്റ് വന്‍ വിജയമായിരുന്നു. കഴിഞ്ഞ നാഷണല്‍ കമ്മിറ്റി നടത്തിയ പദ്ധതി ഞങ്ങളും തുടര്‍ന്നു. പദ്ധതിയുടെ വിജയമാണ് പ്രധാനം. അതല്ലാതെ ആര് കൊണ്ടുവന്നു എന്നല്ല. ഈ നിലപാട് തന്നെയാണ് വരുന്ന കമ്മിറ്റികള്‍ക്കും ഉണ്ടാകേണ്ടത് എന്നാണു എന്റെ അഭ്യര്‍ത്ഥന.അമേരിക്കന്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് മലയാളികളെ എത്തിക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. ഒരു മലയാളി ഗവര്‍ണര്‍ ഉണ്ടാകണം. ഇതിനു വേണ്ടി ഇവിടത്തെ രാഷ്ട്രീയം അവരെ പഠിപ്പിക്കണം. ഇതിനാണ് യങ്ങ് പ്രൊഫഷനല്‍ സമ്മിറ്റ് ലക്ഷ്യമിടുന്നത്. അതിന്റെ പകുതി വിജയം ഇപ്പോള്‍ തന്നെയായി.

 

ഫോമയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ എത്രത്തോളമായി?

 

 

അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുകയാണ് ലക്‌ഷ്യം. 90% ഇപ്പോള്‍ തന്നെ വിജയമാണ്. സ്പോണ്‍സര്‍ഷിപ്പ് കുറച്ചുകൂടെ കിട്ടിയാല്‍ വിചാരിച്ചതിലും വിജയമാകും. രജിസ്റ്ററേഷന്‍ കൊണ്ടു മാത്രം കണ്‍വന്‍ഷന്‍ നടത്താനൊക്കില്ല. ഇത്തവണ 40% ല്‍ അധികം പേരും യുവജനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഇത്തവണ ഇന്ത്യന്‍ ഫുഡ്‌ ഉണ്ടാകില്ല. രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം സിറ്റ് ഡൌന്‍ ഡിന്നര്‍ ഉറപ്പാണ്. അത് ഹോട്ടലുമായുള്ള കരാറാണ്. . പരിപാടിക്ക് നാട്ടില്‍ നിന്ന് കലാകാരന്മാരെ കൊണ്ടുവരുന്നതിന് പകരം അമേരിക്കയില്‍നിന്നുള്ള കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിക്കും. കലാമൂല്യമുള്ള പരിപാടികളായിരിക്കും അരങ്ങേറുക. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കണ്‍വന്‍ഷനെ ബാധിക്കും എന്നത് തീര്‍ച്ചയാണ്. എങ്കിലും ഞങ്ങള്‍ 40 കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ കമ്മിറ്റികള്‍ പരിപാടി വിജയമാക്കാന്‍ശ്രമിക്കും.

 

ആര് ജയിക്കണം?

 

കഴിവുളവര്‍ മുന്നോട്ടു വരട്ടെ. സ്ഥാനാര്‍ഥികള്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും അവരുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്യണം. സംഘടനാ താല്പര്യം മുന്‍നിര്‍ത്തി വരുന്നവര്‍ക്കും അതില്‍ കഴിവുണ്ടെന്നു തോന്നുന്നവര്‍ക്കും വോട്ടുകൊടുക്കണം. വിശ്വാസമാണ് പ്രധാനം. വ്യക്തി ആരാധന പാടില്ല. അമേരിക്കന്‍ മലയാളികളുടെ പ്രതീക്ഷയ്ക്കൊത്ത് വളരാന്‍ തുടര്‍ന്നും ഫോമയ്ക്കാകണം.

 

 

ഫോക്കാനയോടുള്ള സമീപനം?

 

ഫോക്കാന പിളര്‍ന്നപ്പോള്‍ അന്ന് വല്ലാത്ത ദുഃഖം തോന്നി. താന്‍കൂടി ഉള്‍പ്പെട്ടു രൂപം കൊണ്ട ഫോക്കാനയ്ക്ക് ഈ ഗതി വന്നതോര്‍ത്ത് സങ്കടം തോന്നിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു അത് നന്നായെന്നു. കാരണം ശക്തരായ എതിരാളിയുണ്ടെങ്കിലെ എതു സംഘടനയ്ക്കും വളര്ച്ചയുണ്ടാകൂ. ഇന്നിപ്പോള്‍ പ്രവാസി മലയാളികളെ സഹായിക്കാന്‍ ഫോമയുണ്ട്, ഫോക്കാനയുണ്ട്, വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഉണ്ട്. ഫോക്കാനയോടു ഞങ്ങള്‍ക്ക് വിരോധമൊന്നും ഇല്ല. പ്രവാസികള്‍ക്ക് വേണ്ടി ആര് നല്ലത് ചെയ്യുന്നോ അവരോടൊക്കെ ഞങ്ങള്‍ കൂട്ടുകൂടും. വേള്‍ഡ് മലയാളി കൌണ്‍സിലുമായി കൂടിച്ചേര്‍ന്നു ഞങ്ങള്‍ നല്‍കിയ നിവേദനത്തിന്റെ ബാക്കിപത്രമാണ്‌ എന്‍ആര്‍ഐ കമ്മീഷന്‍റെ രൂപീകരണം. ദേശീയ എക്സിക്യൂട്ടിവിന്റെയും കണവന്‍ഷന്‍ ടീമിന്റെയും മ്റ്റ് തെരഞ്ഞെടുക്കപ്പെട്ട സമിതികളുടെയും ശക്തമായ പിന്തുണയാണ് ഫോമയുടെ വിജയം.

 

 

 

ഇന്നിപ്പോള്‍ വാര്‍ത്തകള്‍ ഉടനടി എത്തിക്കാന്‍ വിനോദ് കോണ്ടൂറിന്റെ നേതൃത്വത്തില്‍ ശക്തമായ ന്യൂസ് ടീം ഉണ്ട്. എല്ലാ വാര്‍ത്തകളും എല്ലാ പത്രങ്ങള്‍ക്കും ഒരേ സമയത്ത് ഉറപ്പാക്കുകയാണ് ന്യൂസ് ടീമിന്റെ ലക്‌ഷ്യം. മാധ്യമങ്ങളാണ് സംഘടനകളുടെ ശക്തി. ഫോമയ്ക്ക് എന്നും മാധ്യമപിന്തുണ ഉണ്ടായിരിക്കുകയും വേണം.

 

 

 

ഇനിയും ഒരുപാടുണ്ട് പ്രസിഡന്റിനു പറയാന്‍. പക്ഷെ അമേരിക്കയിലെ അംബര്‍ലാ സംഘടനയുടെ സാരഥിയാകുമ്പോള്‍ സമയമെവിടെ? തുഴ കൈയിലെടുത്ത് തിരക്കിലേക്ക്... ഓളങ്ങളെ വകഞ്ഞുമാറി വള്ളം തുഴഞ്ഞ്...

 

 

PREPARED BY KRISHNA PRASAD , ASWAMEDHAM NEWS TEAM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.