ന്യൂജേഴ്സി: ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍നാഷണലിന്റെ ന്യൂജേഴ്സിലെ പാറ്റേഴ്സണില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗുഡ്സോള്‍സ് ടോസ്റ്റ് മാസ്റ്റേഴ്സിലെ പ്രവര്‍ത്തകര്‍ അവരുടെ നേതൃത്വ പരിശീലനം കിന്‍ഡര്‍ ഗാര്ഡന് മുതലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുന്നു. ചെറുപ്രായം മുതല്‍ കുട്ടികള്‍ക്ക് പരിശീലനം കൊടുത്തുതുടങ്ങിയാല്‍ അവരുടെ ജീവിതത്തില്‍ ചെലുത്താവുന്ന സ്വാധീനം വളരെ വലുതാണല്ലോ. പൊതുവെ നാണംകുണുങ്ങികളായ പല കുട്ടികളും വളരെ ചുരുങ്ങിയ സമയംകൊണ്ട് ആ സ്വഭാവങ്ങളൊക്കെ മാറി നല്ല ധൈര്യത്തോടെ പെരുമാറുന്നത് പാറ്റേഴ്സണ്‍ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്. 2009 മുതല്‍ തുടര്‍ച്ചയായി സീറോ മലബാര്‍ സമൂഹത്തില്‍ ടോസ്റ്റ് മാസ്റ്റേഴ്സ് പ്രവര്‍ത്തിച്ചുവരുന്നു. മാസത്തിലെ ഒന്നാമത്തേയും മൂന്നാമത്തേയും ഞായറാഴ്ചകളില്‍ അമ്പതോളം കുട്ടികള്‍ ഒരു മണിക്കൂര്‍ സമയം പരിശീലനത്തിന് ഉപയോഗിച്ചുവരുന്നു. പ്രസംഗപരിശീലനം, പ്രസംഗത്തിന്റെ ഇവാലുവേഷന്‍, ആശയവിനിമയം, യാതൊരു ഒരുക്കവുമില്ലാതെയുള്ള ചെറു പ്രസംഗങ്ങള്‍ എന്നിവ കുട്ടികള്‍ ആയാസമില്ലാതെ ചെയ്യുന്നത് കാണുന്നതു തന്നെ കൗതുകകരമാണ്. പ്രോഗ്രാമിനു ചുക്കാന്പിടിക്കുന്നതു തന്നെ നേതൃത്വപരിശീലനം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന കുട്ടികളും, ഗുഡ്സോള്സിന്റെ അംഗങ്ങളുമാണ്. കൂടാതെ ആവശ്യമനുസരിച്ച് ടോസ്റ്റ് മാസ്റ്റേഴ്സിന്റെ ഏരിയ, ഡിവിഷന്, ഡിസ്ട്രിക്ടില്‍ നിന്നുള്ള ഏറെ പരിശീലനം കിട്ടിയിട്ടുള്ള നേതാക്കള്‍ പരിശീലനത്തിനു വന്നുപോകുന്നു. സീറോ മലബാര്‍ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി, ഇടവകയിലെ നേതൃത്വപരിശീലനത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തുവരുന്നു. 2009-മുതല്‍ കുട്ടികളുടെ പരിശീലനത്തിന് മുന്നിട്ടിറങ്ങിയത് ഇടവകയിലെ വിമന്‍സ്ഫോറം അംഗങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍വഴി ബന്ധപ്പെടുക: maria.j.thottukadavil@gmail.com, good-souls-officers@googlegroups.com
Comments