ഫ്ളോറിഡ: സജീവമായ വിദൂരസാന്നിധ്യംകൊണ്ട് തൃപ്തിപ്പെട്ട് ഇന്ന് പ്രവാസി മലയാളി വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും സമദൂരം പാലിക്കുകയാണ്. ഭാരതസ്ത്രീകള്‍ സ്നേഹാര്‍ദ്രമായ ഒരു നിലവിളക്ക് പോലെയാണ്. ഈ സംസ്കാരത്തിന്റെ വേര്‍പെടുത്താനാവാത്ത പൊക്കിള്‍ക്കൊടി ബന്ധം മനസിലാക്കി പ്രവാസികളായ വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് തങ്ങളുടെ കടമയും കര്‍ത്തവ്യവും നിറവേറ്റണമെന്ന് ജയ്മോള്‍ തോമസ് അഭ്യര്‍ത്ഥിക്കുന്നു. ആപ്ലിക്കേഷന്‍ എന്‍ജിനീയറായും കമ്യൂണിറ്റി കോളജ് ഇന്‍സ്ട്രക്ടറായും സേവനം അനുഷ്ഠിച്ചശേഷം പ്രോഡക്ട് മാനേജരായി ഇപ്പോള്‍ ഫ്ളോറിഡയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ കാനഡ മാഗഗില് യൂണിവേഴ്സിറ്റിയില്‍ നിന്നും, മാസ്റ്റര്‍ ഓഫ് ആര്‍ട്സില്‍ നെബ്രാസ്കാ ചാര്‍ഡന്‍ സ്റ്റേറ്റ് കോളജില്‍ നിന്നും ബിരുദം നേടി. സ്കൂള്‍ -കോളജ് തലങ്ങളില്‍ അര്‍പ്പണബോധത്തോടുകൂടി പൊതുപ്രവര്‍ത്തനം നടത്തിയിട്ടുള്ള ജയ്മോളുടെ സംഘടനാ പ്രവര്‍ത്തന മേഖലയും വിപുലമാണ്. മലയാളി എന്‍ജിനീയറിംഗ് അസോസിയേഷന് (എം.ഇ.ജി.എ) വൈസ് പ്രസിഡന്റ്, ടൊറന്റോ, കാനഡ, കെ.സി.സി.എന്‍.എ കണ്വന്ഷന് ലിറ്റററി ചെയര്‍ കാനഡ, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, കോണ്‍സ്റ്റിറ്റിയൂഷന്‍ റിവ്യൂ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം പ്രസിഡന്റ് (കെ.സി.സി.സി.എഫ്, റ്റാമ്പാ), റ്റാമ്പാ ബേ മലയാളി അസോസിയേഷന് (ടി.എം.എ) വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, കോണ്‍സ്റ്റിറ്റിയൂഷന്‍ റിവ്യൂ കമ്മിറ്റി മെമ്പര്‍ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.ഡബ്ല്യു.എഫ്.എന്‍.എ) തുടങ്ങിയ മേഖലകളിലുള്ള പ്രവര്‍ത്തന പരിചയം കൈമുതലായിട്ടുണ്ട്. ഫാര്‍മസിസ്റ്റായ ഭാര്‍ത്താവ് ജോബി തോമസ്, കോളജ് വിദ്യാര്‍ത്ഥിയായ മകന് ജൂബിന്‍, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ മകന് ജെയ്മി എന്നിവരോടൊപ്പം ഫ്ളോറിഡയിലെ സ്പ്രിംഗ് ഹില്ലില്‍ താമസിക്കുന്നു. റ്റാമ്പായിലെ മലയാളി മങ്കയായി വിജയിച്ചിട്ടുള്ള ജയ്മോള്‍ നല്ലൊരു നര്‍ത്തകിയും ഗായികയുമാണ്. മാതൃസ്നേഹത്തിന്റെ നൂലിഴ സാമൂഹിക പ്രതിബദ്ധതയുമായി ഇഴചേര്‍ത്ത് ഫോമ വനിതാഫോറത്തിന് ഊടുംപാവും നെയ്യും. സുദീര്‍ഘമായ സംഘടനാ പ്രവര്‍ത്തനപരിചയം അതിനായി വിനിയോഗിക്കും. വര്‍ഗ്ഗ-വര്‍ണ്ണ വിവേചനങ്ങള്‍ക്കും ഗ്രൂപ്പുപാനലുകള്ക്കും അതീതമായി പ്രവര്‍ത്തിക്കുക പ്രസ്തുത ഭാവി പരിപാടികള്‍ക്ക് മുന്‍ഗണന നല്കുന്നതായിരിക്കുമെന്നും ജയ്മോള്‍ തോമസ് പറഞ്ഞു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംതൃപ്തി നല്‍കുന്നതാണ്. കാനഡ മുതല്‍ ഫ്ളോറിഡ വരെയുള്ള രണ്ടര പതിറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തനത്തില്‍ ബഹൃത്തായ ഒരു സുഹൃദ്വലയം സ്ഥാപിച്ചിട്ടുണ്ട്. പരിചിത പഥങ്ങള്‍ കാണിച്ചുതന്ന പാഠങ്ങളില്‍ നിന്ന് ആര്‍ജ്ജവം ഉള്‍ക്കൊണ്ട്, ഫോമയുടെ വനിതാഫോറം സാരഥിയായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ജയ്മോള്‍ പറഞ്ഞു. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.
Comments