You are Here : Home / USA News

ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

Text Size  

Story Dated: Monday, July 10, 2017 11:43 hrs UTC

ഫിലാഡല്‍ഫിയ: ജൂണ്‍ 24-നു ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ ഹൈസ്കൂളില്‍ നിന്നും കോളജില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത തങ്ങളുടെ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുത്തത് മിസ് ലിസാ എം. ഡീലി (ഫിലാഡല്‍ഫിയ സിറ്റി കമ്മീഷണര്‍), മിസ് ജസീക്കാ കോര്‍ഡിസ്‌കോ (ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ആന്‍ഡ് സ്‌കോളര്‍ സര്‍വീസ് ഐ.എസ്.എസ്എസ് ഡ്രിക്‌സെല്‍), മിസ് സിന്‍ഡി ബ്ലാക് സ്റ്റണ്‍- ലിഗ്രീ (മാനേജര്‍ ഓഫ് കെ-16 പാര്‍ട്ട്ണര്‍ഷിപ്പ്, കമ്യൂണിറ്റി കോളജ് ഓഫ് ഫിലാഡല്‍ഫിയ), ജോസഫ് കൊര്‍സോ (അഡ്മിഷന്‍ കോര്‍ഡിനേറ്റര്‍, കമ്യൂണിറ്റി കോളജ് ഓഫ് ഫിലാഡല്‍ഫിയ) എന്നിവരാണ്. ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ (ഐ.ഇ.എഫ്) സ്ഥാപകരില്‍ ഒരാളും എക്‌സിക്യൂട്ടീവ് ഡയറക്‌റുമായ മാത്യു ആലപുറത്ത് ആശംസാ പ്രസംഗം നടത്തി. ഈ പരിപാടിയിലൂടെ ഐ.ഇ.എഫിന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഭാവി പരിപാടികളെപ്പറ്റിയും അതിഥികളെ ബോധവത്കരിച്ചു. ഹൈസ്കൂളില്‍ നിന്നും കോളജില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത 13 വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്. പെന്‍സില്‍വാനിയ സര്‍ക്കാരിന്റെ അപൂര്‍വ്വ ബഹുമതിയായ "ഗുഡ് സിറ്റിസണ്‍' പുരസ്കാരം ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. സെനറ്റര്‍ ജോണ്‍ പി. സബാറ്റിന ജൂണിയറിന്റെ പ്രതിനിധിയായി സിറ്റി കമ്മീഷണര്‍ പുരസ്കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിച്ചു. അതോടൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച വോളണ്ടീയേഴ്‌സിന് വാര്‍ഷിക സ്‌കോളര്‍ഷിപ്പും നല്‍കി ആദരിച്ചു. ചടങ്ങിനു ശേഷം ഐ.ഇ.എഫ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 26-ലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് സെഷനില്‍ സെനറ്റര്‍ സബാറ്റിനയുടെ ഔദ്യോഗിക അതിഥികളായി ക്ഷണം ലഭിച്ചു. 13 വിദ്യാര്‍ത്ഥികളും, 3 ഐ.ഇ.എഫ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘത്തിനാണ് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെട്ടത്. ആദ്യമായി പി.എ സ്റ്റേറ്റ് ക്യാപ്പിറ്റലിന്റെ ടൂര്‍ ലഭിച്ചതിനുശേഷം ഐ.ഇ.എഫ് സംഘം സെനറ്റര്‍ സബാറ്റിനയുമായി കൂടിക്കാഴ്ച നടത്തി. ഈ സംഘത്തില്‍ ഉള്‍പ്പെട്ട സെനറ്ററിന്റെ "ഗുഡ് സെമരിറ്റന്‍' അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് നന്ദി അറിയിച്ചു. തുടര്‍ന്ന് സെനറ്റര്‍ സെബാറ്റിന ഐ.ഇ.എഫ് സംഘവുമായി പെന്‍സില്‍വാനിയ Lt. Gov Michael J. Stack III -നെ സന്ദര്‍ശിച്ചു. ഈ കൂടിക്കാഴ്ചയിലൂടെ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ സ്റ്റേറ്റ് അധികാരികളുമായി പങ്കുവെയ്ക്കാന്‍ ഐ.ഇ.എഫിനു സാധിച്ചു. തുടര്‍ന്ന് സെനറ്റ് സെഷന്റെ തുടക്കത്തില്‍ സെനറ്റര്‍ സബാറ്റിനയുടെ ഔദ്യോഗിക അതിഥികളായി ഐ.ഇ.എഫ് സംഘം ആദരിക്കപ്പെട്ടു. അസംബ്ലി മുഴുവനും ഹാര്‍ദ്ദവമായി സംഘത്തെ സ്വീകരിക്കുകയുണ്ടായി. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ സംഘം അത്യധികം സന്തുഷ്ടരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.