ന്യൂയോര്‍ക്ക് : യാത്രാ രേഖകളില്ലാതെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ മാതാപിതാക്കള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനം ടെക്സസ് ഫെഡറല്‍ ജഡ്ജി സ്റ്റേ ചെയ്തതിനെതിരെ നൂറുകണക്കിന് കുടിയേറ്റക്കാര്‍ അണിനിരന്ന പ്രകടനത്തിന് ന്യൂയോര്‍ക്ക് നഗരം മെയ് 19 ചൊവ്വാഴ്ച ഇന്ന് സാക്ഷ്യം വഹിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ ജനിച്ച കുട്ടികള്‍ അമേരിക്കന്‍ പൗരന്മാരാണ്. ഇങ്ങനെയുള്ള അമേരിക്കന്‍ പൗരന്മാരുടെ മാതാപിതാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള പെര്‍മിറ്റ് മെയ് 19 മുതല്‍ നല്കി തുടങ്ങിന്നതിനായിരുന്നു ഒബാമ ഭരണകൂടം തയ്യാറെടുത്തിരുന്നത്.
എന്നാല്‍ ഇതു നടപ്പാക്കുന്നതിനെതിരെ ടെക്സസ് ഫെഡറല്‍ ജഡ്ജി വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആറുമാസമെങ്കിലും ഇനിയും കാത്തിരിക്കേണ്ടിവരും. ഒബാമ ഭരണകൂടം ഈ വിധി സ്റ്റേ ചെയ്തു വര്‍ക്ക് പെര്‍മിറ്റ് നടപടികളുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഫിഫ്ത്ത് സര്‍ക്യൂട്ട് കോര്‍ട്ടില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഇമ്മിഗ്രേഷന്‍ കൊയലേഷനാണ് സമരത്തിന് നേതൃത്വം നല്‍കിയത്. ഒബാമ സര്ക്കാറിനനുകൂലമായും, കോടതിവിധിയ്ക്കെതിരായും പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താകുമോ എന്നാണ് ഇവര്‍ ഭയക്കുന്നത്.
Comments