ഹൂസ്റ്റൺ ∙ ഇന്ത്യാ ക്രിസ്ത്യൻ എക്യുമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത് ബാസ്ക്കറ്റ് ബോൾ, വോളിബോൾ ടൂർണ്ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. ജൂലൈ 18 ശനിയാഴ്ച രാവിലെ മുതൽ ‘ദി സോൺ’ ഫെസിലിറ്റിയിൽ നടന്ന ടൂർണ്ണമെന്റിൽ ബാസ്ക്കറ്റ് ബോൾ ഫൈനൽ മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ടീം ജേതാക്കളായി. ഇ. വി. ജോൺ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ വോളിബോളിൽ തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായി സെന്റ് ജോസഫ് സിറോ മലബാർ കത്തീഡ്രൽ ചർച്ച് ടീം റവ. ഫാ. ടി. എം. പീറ്റർ മെമ്മോറിയൽ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ആവേശം നിറഞ്ഞ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിലെ ചുണക്കുട്ടന്മാർ 49 നെതിരെ 61 പോയിന്റുകൾ നേടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. സെന്റ് തോമസ് ടീമിന് റണ്ണർ അപ്പിനുളള എവറോളിംഗ് ട്രോഫി ലഭിച്ചു.
ബാസ്ക്കറ്റ് ബോൾ എംവിപിയായി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിലെ മെറിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 3 പോയിന്റോടെ ഷൂട്ട് ഔട്ടിൽ ട്രിനിറ്റി മാർത്തോമ ചർച്ചിലെ ജസ്റ്റിൻ ജോൺ ഒന്നാംസ്ഥാനവും സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ജേക്കബ് ജോൺ രണ്ടാം സ്ഥാനവും നേടി. കാണികൾക്ക് ആദ്യന്തം ഉദ്വേഗ നിമിഷങ്ങൾ സമ്മാനിച്ച ആവേശകരമായിരുന്ന വോളിബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് സിറോ മലബാർ കത്തീഡ്രൽ ചർച്ച് ടീം തുടർച്ചയായി രണ്ട് സെറ്റുകൾക്ക് (21–18,21 –1) ട്രിനിറ്റി മാർത്തോമ ചർച്ച് ‘എ’ ടീമിനെ പരാജയപ്പെടുത്തിയപ്പോൾ സെന്റ് ജോസഫ് മൂന്നാം തവണയും തുടർച്ചയായി ജേതാക്കളാകുകയായിരുന്നു. ട്രിനിറ്റി ‘എ’ ടീമിന് റണ്ണർ അപ്പിനുളള ട്രോഫിയും ലഭിച്ചു. എല്ലാ മത്സരങ്ങളും വളരെ വാശിയേറിയതും ആവേശോജ്ജ്വലവുമായിരുന്നു. വോളിബോൾ മത്സരങ്ങളിലെ ബസ്റ്റ് ഓഫൻസീവ് പ്ലയർ ജോസി ജേക്കബ് (സെന്റ് ജോസഫ് ടീം) ബസ്റ്റ് ഡിഫൻസി പ്ലയർ വിനോദ് ചെറിയാൻ(ട്രിനിറ്റി ‘എ’ ടീം) ബസ്റ്റ് സെറ്റർ ദാനിയേൽ യോഹന്നാൻ (ജോസി, ട്രിനിറ്റി എ) ബെസ്റ്റ് സെർവർ സ്റ്റാൻലി ജോൺസൺ (ട്രിനിറ്റി ‘എ’) ബസ്റ്റ് ബ്ലയർ ഓഫ് ദി ടൂർണ്ണമെന്റ് ബിനോയ് കുഞ്ഞുകുട്ടി (ട്രിനിറ്റി ‘എ’) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജേതാക്കളായ ടീമുകൾക്ക് പുറമേ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ട്രിനിറ്റി മാർത്തോമ ‘ബി’, സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് മിഷൻ, സെന്റ് തോമസ് സിഎസ്ഐ ചർച്ച്, ഇമ്മാനുവേൽ മാർത്തോമ ചർച്ച് തുടങ്ങിയ ടീമുകളും ബാസ്ക്കറ്റ് ബോൾ, വോളിബോൾ ടൂർണ്ണമെന്റുകളിൽ മാറ്റുരച്ചു. റവ. ഫാ. ഏബ്രഹാം സഖറിയ(ജെക്കു) അച്ചന്റെ നേതൃത്വത്തിൽ എബി മാത്യു, റെജി ജോൺ, നൈനാൻ വീട്ടിനാൽ, തോമസ് വൈക്കത്തുശേരിൽ, റോബിൻ ഫിലിപ്പ്, ഡോ. അന്നാ കെ. ഫിലിപ്പ്, മോസസ് പണിക്കർ, ജോൺസൺ കല്ലുംമൂട്ടിൽ എന്നിവരടങ്ങുന്ന വിപുലമായ ടൂർണ്ണമെന്റ് കമ്മിറ്റിയാണ് ബാസ്ക്കറ്റ് ബോൾ വോളിബോൾ ടൂർണ്ണമെന്റിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
Comments