ന്യൂജേഴ്സി: മാധവന് ബി. നായര്‍ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. 2016-ല്‍ നടക്കുന്ന ഫൊക്കാന ഇലക്ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ (മഞ്ച്) ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ മാധവന് ബി. നായരെ രംഗത്ത് ഇറക്കുമെന്ന് മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ഉമ്മന്‍ ചാക്കോ, ട്രഷറര്‍ സുജ ജോ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പ്രവര്‍ത്തനമാരംഭിച്ച ചുരുങ്ങിയ കാലയളവില്‍ വളര്‍ന്ന് പന്തലിച്ച മഞ്ചിന് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്- പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ മാധവന് ബി നായര്‍ നോമിനേഷന് വിനയാന്വിതനായി സ്വീകരിക്കുന്നു എന്നു പറഞ്ഞു. മലയാളി സംഘചേതനയുടെ പ്രകീകമായ ഫൊക്കാന 1983-ല്‍ കൊളുത്തിയ സംസ്കാരികദീപം അണയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. പൂര്‍വ്വസൂരികളെ കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്നു. പുതുതലമുറയെ സംഘടനയിലേക്ക് കൊണ്ടുവരിക എന്നതായിരിക്കും പ്രസിഡന്റായാല്‍ ആദ്യ ദൗത്യം. സംഘടനകളെ തമ്മില്‍ കൂട്ടിയിണക്കി വിശ്വസാഹോദര്യം പ്രോത്സാഹിപ്പിക്കും. രണ്ടുവര്ഷത്തിലുള്ള കണ്വന്ഷനുപരി നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാനും ശ്രമിക്കും. കഴിവു പ്രകടിപ്പിക്കുന്നവരേയും ബിസിനസ് താത്പര്യമുള്ളവരേയും പ്രോത്സാഹിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടാല്‍ 2018-ലെ കണ്വന്ഷന് ന്യൂജേഴ്സിയില്‍ അവിസ്മരണീയമാക്കിത്തീര്ക്കുമെന്നും മാധവന് ബി. നായര്‍ പറഞ്ഞു.
Comments