ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: 2016 ഓഗസ്റ്റ് 12, 13, 14 തീയതികളില്‍ ഹ്യൂസ്റ്റണില്‍ വച്ച് നടക്കുന്ന എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്വന്ഷന് ചെയര്‍മാനായി ടെക്സസില്‍ നിന്നുള്ള ഡോ. മോഹന്‍ കുമാറിനെയും, കോചെയര്‍മാനായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗോപിനാഥ് കുറുപ്പിനെയും തെരഞ്ഞെടുത്തുവെന്ന് പ്രസിഡന്റ് ജി.കെ.പിള്ളയും, ജനറല്‍ സെക്രട്ടറി സുനില്‍ നായരും ട്രഷറര്‍ പൊന്നു പിള്ളയും അറിയിച്ചു. ഡോ. മോഹന്‍ കുമാര്‍ ഹ്യൂസ്റ്റണ്‍ ഏരിയായില്‍ പരക്കെ അറിയപ്പെടുന്ന ഒരു ഹൃദ്രോഗ വിദഗ്ദ്ധന് ആണ്. കൊല്ലത്തു ജനിച്ചു വളര്‍ന്ന ഡോ. കുമാര്‍ തന്റെ മെഡിക്കല്‍ ബിരുദം 1979ല്‍ തിരുവനതപുരത്ത് നിന്നും നേടി. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കല്‍ ബ്രാഞ്ച് ഗാള്വെസ്റ്റനില് നിന്ന് 1996ല്‍ ഇന്റേണല്‍ മെഡിസിനും, തുടര്‍ന്ന് 1999ല്‍ കാര്‍ഡിയോ വാസ്കുലര്‍ ഡിസീസില്‍ ഫെലോഷിപ്പും കരസ്ഥമാക്കി. ജി.എച്.എന്‍.എസ്.എസ്സിലെ ലൈഫ് മെമ്പര്‍ ആയ ഡോ. കുമാറിന്റെ കുടുംബം എന്നും എന്‍.എസ്.എസ്. ഹ്യൂസ്റ്റണിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എ.കെ.എം.ജി.യുടെ 2013ല്‍ ഹ്യൂസ്റ്റണില്‍ വച്ച് നടന്ന കണ്‍വന്‍ഷന്റെ കോചെയര്‍മാനായി പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കാരണമായി എന്ന് പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു. ശ്രീ ഗോപിനാഥ് കുറുപ്പ്, ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് പ്രസിഡന്റ്, നായര്‍ ബനവലന്റ് അസോസിയേഷന് പ്രസിഡന്റ്, മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്‍ഡിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്, ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നീ നിലകളിലുള്ള പ്രവര്‍ത്തനത്തിലൂടെ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ശ്രീ. കുറുപ്പ് നായര്‍ ബനവലന്റ് അസോസിയേഷന് പ്രസിഡന്റായിരിക്കുമ്പോഴാണ് അമേരിക്കയിലും ക്യാനഡയിലും പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളെ വിളിച്ചുകൂട്ടി ന്യൂയോര്‍ക്കില്‍ വച്ച് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന സമാരംഭിച്ചത്. എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്കില്‍ നടന്ന ആദ്യ കണ്വന്ഷന് കണ്‍വീനര്‍, എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ്, കെ.എച്ച്.എന്‍.എ. എക്സിക്യുട്ടീവ് മെമ്പര്‍, ബോര്‍ഡ് മെമ്പര്‍, ന്യൂയോര്‍ക്കില്‍ നടന്ന കെ.എച്ച്.എന്‍.എ. കണ്വന്ഷന് കണ്‍വീനര്‍ എന്ന നിലയിലും സ്തുത്യര്‍ഹമായ സേവനം കാഴ്ച്ച വച്ചിട്ടുണ്ട്.
Comments