129 നിരപരാധികളെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കുകയും അനേകം വ്യക്തികളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത പാരീസ് ഭീകരാക്രമണത്തില്‍ ക്നാനായ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അതീവ ദുഖം പ്രകടിപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. നവംബര്‍ 15-ന് ഞായറാഴ്ച ഡസ്പ്ലെയിന്‍സിലുള്ള സംഘടനയുടെ സ്ഥാപക നേതാവുകൂടിയായ ജോസ് പുല്ലാപ്പള്ളിയുടെ വസതിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ലോകത്തെമ്പാടും ഭീതിപരത്തി തുടര്‍ച്ചയായി നടത്തുന്ന കൂട്ടക്കുരുതികളേയും തീവ്രവാദ പ്രവര്‍ത്തനങ്ങളേയും അപലപിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച കാനാ പ്രസിഡന്റ് സാലു കാലായില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്ക് വേണ്ടിയും, പരിക്കേറ്റവര്‍ക്ക് വേഗം സൗഖ്യമേകുവാനും പ്രാര്‍ത്ഥിച്ചു. ഭീകരാക്രമണത്തിന്റെ ഞടുക്കത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ലാത്ത ഫ്രഞ്ച് ജനതയോട് കാനാ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഈ ആക്രമണം ഫ്രഞ്ച് ജനതയോട് മാത്രമല്ല, മാനവരാശിയോട് തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെമ്പാടും ഭീതിയും, നാശവും വിതച്ച് പടരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും മത-വര്‍ഗ്ഗ തീവ്രവാദവും ഉന്മൂലനം ചെയ്യാന്‍ എല്ലാ രാഷ്ട്രങ്ങളും ജനതയും കൈകോര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭീകരവാദികളുടെ മുഖ്യശത്രു അമേരിക്കയാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ നമ്മുടെ ഉദാര കുടിയേറ്റ നിയമത്തില്‍ ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതുവഴി ഭീകരവാദികളുടെ അമേരിക്കന്‍ മണ്ണില്‍ പ്രവേശിക്കാനുള്ള ശ്രമങ്ങളെ തടയണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോട് പ്രമേയത്തിലൂടെ കാനാ അപേക്ഷിച്ചു. ജോസഫ് മുല്ലപ്പള്ളി (പി.ആര്.ഒ). അറിയിച്ചതാണിത്.
Comments