- സതീശന് നായര്‍
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഒന്നാമത് വാര്‍ഷികാഘോഷ പരിപാടികള്‍ അറോറ ബാലാജി ക്ഷേത്രാങ്കണത്തിലുള്ള പഞ്ചവടി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. രഘുനാഥന് നായരുടെ പ്രാര്‍ത്ഥനാഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ പ്രസിഡന്റ് എം.എന്‍.സി നായര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് ബാലചന്ദ്രന് സദിനെ സ്വാഗതം ചെയ്തു. എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ. പിള്ള മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷക്കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എം.എന്‍.സി നായര്‍ വിശദമായി സംസാരിക്കുകയും അതോടൊപ്പം തന്നെ സെക്രട്ടറി ജയരാജ് നാരായണന് തയാറാക്കിയ കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ മനോഹരമായ ഒരു വീഡിയോ പ്രദര്‍ശനവും നടന്നു. ദേശീയ സംഘടനയുടെ പ്രസിഡന്റ് ജി.കെ. പിള്ള, അടുത്തവര്‍ഷം ഹൂസ്റ്റണില്‍ നടത്തുവാന്‍ പോകുന്ന എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് കണ്‍വന്‍ഷന്റെ പുരോഗതിയെക്കുറിച്ച് വിശദമായി സംസാരിക്കുകയും എന്‍.എ.ജി.സിയുടെ പ്രവര്‍ത്തനങ്ങളെ വളരെ പ്രശംസിക്കുകയും, കൂടാതെ എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു. ദേശീയ സംഘടനയുടെ വൈസ് പ്രസിഡന്റും നാമം ചെയര്‍മാനുമായ മാധവന് നായര്‍, സെക്രട്ടറി സുനില്‍ നായര്‍, ട്രഷറര്‍ പൊന്നുപിള്ള, ജോയിന്റ് ട്രഷറര്‍ ബാലു മേനോന് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ദേശീയ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കണ്വന്ഷന് രജിസ്ട്രേഷന്, മറ്റ് വിവിധ സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും ദേശീയ നേതാക്കള്‍ സംസാരിച്ചു. കൂടാതെ ഏവരേയും ഹൂസ്റ്റണ്‍ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്തു. പൊന്നു പിള്ളയും ബാലു മേനോനും ചേര്‍ന്ന് ഒന്നാമത് വാര്‍ഷിക കേക്ക് മുറിച്ചു. ചടങ്ങില്‍ സംസാരിച്ച സതീശന് നായര്‍ ജാതിമത വേര്തിരിവുകള്ക്കടിമപ്പെടാതെ എല്ലാ വിഭാഗങ്ങളോടും കൈകോര്‍ത്തുകൊണ്ട് പരസ്പര വിദ്വേഷങ്ങള്‍ മറന്ന് കൂട്ടായി പ്രവര്‍ത്തിക്കാനും, ഏതൊരു സംഘടനയായാലും നേട്ടങ്ങള്‍ കൈവരിക്കുന്ന മുതിര്‍ന്നവരേയും, കുട്ടികളേയുമൊക്കെ ആദരിക്കുകയും ബഹുമാനിക്കുകയും, അംഗീകരിക്കുകയും മറ്റുള്ളവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുകയും വേണമെന്നും പ്രത്യേകം എടുത്തുപറഞ്ഞു. സംഘടനയിലെ യുവജനങ്ങളുടെ കൂട്ടായ്മയായ "യുത്ത് അലൈന്‍സി'നുവേണ്ടി ജയ്സണ്‍ പിള്ള, രാകേഷ് നായര്‍, വരുണ്‍ എസ്. നായര്‍, സച്ചിന് പിളള തുടങ്ങിയവര്‍ അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ച് വിശദമായി സംസാരിച്ചു. നാലുപേരുടേയും കാഴ്ചപ്പാടുകള്‍ വേദിയിലിരുന്ന യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വളരെയേറെ സംതൃപ്തി നല്കി. ഷിക്കാഗോയില്‍ ഈ സംഘടനയുടെ രൂപീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും മറ്റ് വിവിധ പ്രവര്‍ത്തനമേഖലകളില്‍ നിറസാന്നിധ്യവും വഹിക്കുന്ന ശിവന് മുഹമ്മയെ അദ്ദേഹത്തിനു ലഭിച്ച പുതിയ സ്ഥാനലബ്ദിയില്‍ (പ്രസ്ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റ്) അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശസ്ത നര്‍ത്തകിയും ഡാന്‍സ് അധ്യാപികയുമായ സന്ധ്യാ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തനൃത്യങ്ങള്‍ ചടങ്ങിനെ ആനന്ദഭരിതമാക്കുകയും ഓംകാരം ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ രഘുനായര്‍, രാജ് നായര്‍, അരവിന്ദ് പിള്ള, ദീപക് നായര്‍, അജി പിള്ള എന്നിവരുടെ അയ്യപ്പ ഭജന ചടങ്ങിനെ ഭക്തിസാന്ദ്രമാക്കുകയും ചെയ്തു. സന്ധ്യാ രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. വരുണ്‍ എസ് നായര്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. വിജി. എസ്. നായര്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
Comments