ചിക്കാഗോ: എണ്‍പതുകളില്‍ നൂറുകണക്കിന് സ്റ്റേജുകളിലൂടെ മലയാളികളെ ചിരിപ്പിച്ച പാരഡി ഗാനങ്ങളുടെ കുലപതി വി.ഡി. രാജപ്പന് അമേരിക്കന്‍ മലയാളികളുടെ ആദരം. ഹാസ്യകഥാപ്രസംഗത്തിന് പുതിയ നിര്‍വചനം നല്കിയ വി.ഡി. രാജപ്പന്, എന്തും ഏതും കഥാപ്രസംഗത്തിന് വിഷയമാക്കാമെന്നു തെളിയിച്ചു. പൊത്തുപുത്രി, ചികയുന്ന സുന്ദരി തുടങ്ങിയ നിരവധി കഥാപ്രസംഗങ്ങളും പാരഡി ഗാനങ്ങളുമായി കേരളത്തിലുടനീളം ചിരിയുടെ മേളം തന്നെ ഒരുക്കിയ രാജപ്പനെ ചിക്കാഗോ സോഷ്യല്‍ ക്ലബും കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍ ക്ലബും സംയുക്തമായി 50,000 രൂപ പാരിതോഷികം നല്‍കിയാണ് ആദരിച്ചത്. ചിക്കാഗോ സോഷ്യല്‍ ക്ലബിനെ പ്രതിനിധീകരിച്ച് പീറ്റര്‍ കുളങ്ങരയും, സിറ്റിസണ്‍ ക്ലബിനെ പ്രതിനിധീകരിച്ച് അച്ചന്‍കുഞ്ഞ് കണ്ടംചിറയും വി.ഡി രാജപ്പന്റെ വീട്ടിലെത്തി പാരിതോഷികം നല്കി. ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ഡോ. ജോര്‍ജ് മാത്യുവും സന്നിഹിതനായിരുന്നു. കഴിഞ്ഞവര്‍ഷം പ്രശസ്തനായ കായികതാരത്തെ ചിക്കാഗോ സോഷ്യല്‍ ക്ലബ് ആദരിച്ചിരുന്നു. ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാഠെടുക്കുന്നതായി പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു. ജോയി നെല്ലാമറ്റം അറിയിച്ചതാണിത്.
Comments