ജോബി ജോര്‍ജ്
ഫിലഡല്‍ഫിയ: മണ്ണിനും മാനത്തിനും മധ്യേ താളമേളങ്ങളോടെ, വാദ്യാഘോഷങ്ങളോടെ പാടി ഉയര്‍ന്ന ഗാനവീചികള്‍ മനുഷ്യമനസ്സുകളില്‍ ക്രിസ്തു ജാതനാകുന്ന അനുഭൂതിയിലേക്ക് ആനയിച്ചു. വിണ്ണും, വാനവരും പാടുന്ന ദേവഗാനംപോലെ ജനമനസുകളില്‍ പെയ്തിറങ്ങിയ ഗാനാലാപനം ഗായസംഘം അതീവ ഹൃദ്യമാക്കി. താരകവഴിയേ തൊഴുത്തിലേക്ക് നീങ്ങിയ ഇടയന്മാരെ ഓര്‍ക്കുമ്പോള്‍ നമുക്കും ആവഴി നീങ്ങാന്‍ പ്രചോദനമാകുന്ന ഘോഷയാത്ര മനോഹാരിതയേകി. ക്രൈസ്തവ സമൂഹം സ്നേഹവും ഐക്യവും പങ്കിട്ട് വിഭിന്ന ക്രൈസ്തവ സഭാ മക്കള്‍ ക്രിസ്തുവില്‍ ഒന്നാണെന്ന് ഉദ്ഘോഷിച്ച് ഒരിക്കല്‍ക്കൂടി ക്രസ്മസിനു വേദിയൊരുക്കി. ഏക്യൂമെനിക്കല്‍ ക്രസ്മസിനു അടിത്തറ പാകിയ ഫിലഡല്‍ഫിയയിലെ ക്രൈസ്തവ സമൂഹം ഐക്യപാതയില്‍ മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയെന്നോണം ജീവകാരുണ്യ രംഗത്തും സ്വന്തം കൈയ്യൊപ്പ് പതിച്ച് ചരിത്രമെഴുതി. കേരളത്തിലും അമേരിക്കയിലും നിരവധി ജീവകാരുണ്യ പദ്ധതികള്‍ക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയത് തിളകമക്കമാര്ന്ന നേട്ടമാണ്. വിശ്വാസപ്രഘോഷണം ഉയര്‍ത്തിപ്പിടിച്ച് നാം ഒന്നിച്ച് ദൈവത്തെ ആരാധിക്കുമ്പോള്‍ സഭാവിഭാഗ വ്യത്യാസമില്ലാതെ സ്നേഹം ഒന്നിപ്പിക്കുന്നു. ഭിന്നിപ്പിക്കുകയല്ല സ്നേഹം വളര്‍ത്തുകയാണ് വേണ്ടതെന്ന് ഇരുപത്തൊമ്പതാമത് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. ഇത് പ്രവാസി സമ്മേളനമാണ്. മലയാള ക്രൈസ്തവ കൂട്ടായ്മയാണ്. മാര്‍പാപ്പ ഇതര സഭകളേയും മതങ്ങളേയും കൈനീട്ടി സ്വീകരിച്ചു. ക്രൈസ്തവ സമൂഹം ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ന് രാജ്യങ്ങള്‍ ഭീതിയുടെ നിഴലിലാണ്. ധീരതയുടെ സന്ദേശമാണ് ക്രിസ്മസ്. പിതാവ് എല്ലാവര്ക്കും ക്രിസ്മസ്- പതുവത്സരാഘോഷങ്ങള് നേര്‍ന്നു. ചെയര്മാന് ഫാ. ജോണിക്കുട്ടി ജോര്‍ജ് എക്യൂമെനിക്കല്‍ പ്രസ്ഥാനം സമൂഹത്തിന് നന്മ പകരുന്നുവെന്നും അതില്‍ സഹകരിക്കുന്ന എല്ലാ ഇടവകകള്‍ക്കും വൈദീകര്‍ക്കും നന്ദി പറയുന്നുവെന്നും അറിയിച്ചു. വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. മുഖ്യാതിഥി മാര്‍ ജേക്കബ് അങ്ങാടിയത്ത് നിറദീപം തെളിയിച്ചു. ചെയര്മാന് ഫാ. ജോണിക്കുട്ടി ജോര്‍ജ് ക്രിസ്മസ് ട്രീ തെളിയിച്ചു. റവ.ഫാ. എം.കെ. കുര്യാക്കോസിനേയും, വെരി റവ.കെ. മത്തായി കോര്എപ്പിസ്കോപ്പയേയും വൈദീകവൃത്തിയില്‍ നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിനു പ്രശംസാഫലകം നല്കി ആദരിച്ചു. ചാരിറ്റി കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ് ചാരിറ്റി പ്രൊജക്ടിനെ കുറിച്ച് വിശദമാക്കി. സിറിയയിലെ ക്രിസ്ത്യന്‍ സഹോദരങ്ങളെ സഹായിക്കാന്‍ പദ്ധതിയുടെ വിഹിതം നല്‍കുമെന്ന് അറിയിച്ചു. ഏറ്റവും അധികം തുക സമാഹരിച്ചത് ഇതാദ്യമാണ്. റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്ക് സമ്മാനദാനം തദവസരത്തില്‍ നിര്‍വഹിച്ചു. റിയാ ട്രാവല്‍സ്, ഡോ. സക്കറിയ ജോസഫ് എന്നിവര്‍ സ്പോണ്‍സര്‍മാരായി. എഡിറ്റര്‍ കുര്യന് മത്തായി നേതൃത്വം നല്കി പ്രസിദ്ധീകരിച്ച സുവനീര്‍ മുഖ്യാതിഥി മാര്‍ അങ്ങാടിയത്ത് ഫാ. എം.കെ. കുര്യാക്കോസിന് ആദ്യപ്രതി നല്കി പ്രകാശനം നിര്‍വഹിച്ചു. എക്യൂമെനിക്കല്‍ പ്രാര്‍ത്ഥനയ്ക്ക് കോര്‍ഡിനേറ്റര്‍ ഫാ. ഗീവര്‍ഗീസ് ജോണ്‍ നേതൃത്വം നല്കി. വിവിധ വൈദീകര്‍ തുടര്‍ന്ന് പ്രാര്‍ത്ഥന നയിച്ചു. എക്യൂമെനിക്കല്‍ ക്വയര്‍ ബിജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ആലപിച്ച ഗാനങ്ങള്‍ ഇമ്പകരമായി "പിറന്ന നാളില്‍....' എന്ന ഗാനം നീണ്ട കരഘോഷത്തോടെ സദസ് സ്വീകരിച്ചു. കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിജി ജോസഫ് വിവിധ പള്ളികളില്‍ നിന്നുള്ള കലാപരിപാടികള്‍ കോര്‍ത്തിണക്കിയത് കണ്ണിന് ദൃശ്യവിരുന്നൊരുക്കി. സെക്രട്ടറി സജീവ് ശങ്കരത്തില്‍ സ്വാഗതം ആശംസിച്ചു. രേഖ ഫിലിപ്പും, സജീവും എം.സിമാരായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൃത്യസമയത്ത് പരിപാടികള്‍ ആരംഭിച്ച് സമയക്ലിപ്തത പാലിച്ചതില്‍ കമ്മിറ്റി അംഗങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു
Comments