You are Here : Home / USA News

അഗ്‌­നിയായി എരിഞ്ഞ പ്രാര്‍ഥനകളില്‍ ജ്വലിച്ച് ഗീതാമണ്ഡലം

Text Size  

Story Dated: Thursday, March 03, 2016 03:13 hrs UTC

ചിക്കാഗോ: ആത്മനിര്‍വൃതിയുടെ ധന്യനിമിഷത്തില്‍ ഗീതാമണ്ഡലം യാഗശാലപോലെ ജ്വലിച്ചു. എങ്ങും അഗ്‌­നിയായി എരിഞ്ഞ ഭക്തരുടെ പ്രാര്‍ഥനകള്‍, ദേവീസ്തുതികള്‍, വായ്ക്കുരവകള്‍, ശരണമന്ത്രങ്ങള്‍. ഒടുവില്‍ ദേവിയുടെ അനുഗ്രഹം പൊങ്കാലക്കലങ്ങളില്‍ തിളച്ചുതൂവിയപ്പോള്‍ ദേശാന്തരങ്ങള്‍ക്കപ്പുറത്ത് പൊങ്കാലയുടെയും മകം തൊഴലിന്റെയും നിര്‍വൃതി പരന്നു. ചരിത്രത്തിന്റെ ഭാഗമായി മാറിയ ചിക്കാഗോ പൊങ്കാല, മകം ഉത്സവം ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഗീതാമണ്ഡലം സെന്ററില്‍ നടന്നത്. സ്ത്രീകളുടെ ഹൃദയമുരുകിയുള്ള പ്രാര്‍ഥനകളുംകൂടിയാണ് എങ്ങും നിറഞ്ഞുനിന്നത്. പൊങ്കാല അര്‍പ്പിക്കാനും മകംതൊഴലിനുമായി കാണപ്പെട്ട സ്ത്രീകളുടെ അഭൂതപൂര്‍വമായ തിരക്ക് ഗീതാമണ്ഡലത്തെ ശ്രീകോവില്‍പോലെ ഭക്തിയുടെ നിര്‍ച്ചാര്‍ത്തണിയിച്ചു. വ്രതശുദ്ധിയുടെ നാളുകള്‍ പിന്നിട്ടാണ് ഗീതാമണ്ഡലത്തിലും വിശ്വാസത്തിന്റെ പ്രഭപരത്തുന്ന പൊങ്കാല,മകം ഉത്സവം നടന്നത്. മഹിഷാസുരവധത്തിനു ശേഷം ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാലനിവേദ്യം നല്കി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്. തന്റെ നേത്രാഗ്‌­നിയില്‍ മധുരാനഗരത്തെ ചുട്ടെരിപ്പിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നിവേദ്യം അര്‍പ്പിക്കുന്നുവെന്നും സങ്കല്പമുണ്ട്. അന്നപ്പൂര്‍ണേശ്വേരിയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ഠിച്ച് അഭീഷ്ടസിദ്ധി കൈവരിക്കാനാണ് സ്ത്രീകള്‍ പൊങ്കാലയിടുന്നത്. ഭക്തരുടെ പ്രാര്‍ഥനകള്‍ അഗ്‌­നിയായി എരിയുമ്പോള്‍ ദേവിയുടെ അനുഗ്രഹം പൊങ്കാലക്കലങ്ങളില്‍ തിളച്ചുതൂവും. അതൊരു ആത്മനിര്‍വൃതിയുടെ ധന്യനിമിഷമാണ്. ശ്രീകോവിലില്‍ നിന്നും കൈമാറുന്ന അഗ്‌­നിയാണ് പൊങ്കാല അടുപ്പിലേക്ക് പകരുന്നത്. ദേവീസ്തുതികളുടെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പണ്ടാര അടുപ്പിലേക്കും തീ പകര്‍ന്നുപിടിക്കും. അവിടെ നിന്നും ഭക്തരുടെ കൈകളിലേക്ക് അഗ്‌­നികൈമാറും. സ്ത്രീകള്‍ ഹൃദയമുരുകിയുള്ള പ്രാര്‍ഥനയുമായി പൊങ്കാലക്കലങ്ങള്‍ക്കു പിന്നില്‍ നിരക്കും. ദേവീ ദര്‍ശനത്തിന്റെ ആത്മപുണ്യംതേടുകയാണ് മകംതൊഴലിലൂടെയും. ഭക്തമനസുകള്‍ അനുഗ്രഹവരദായിനിയായ ചോറ്റാനിക്കര അമ്മയുടെ ശ്രീകോവിലിനു മുന്നില്‍ മകം തൊഴും. ചോറ്റാനിക്കര മകം വില്ല്വമംഗലം സ്വാമികള്‍ക്കു കുംഭമാസത്തിലെ മകം നാളില്‍ സര്‍വാഭരണവിഭൂഷിതയായി ദേവിദര്‍ശനം നല്കിയതിനെ അനുസ്മരിച്ചാണ് മകം തൊഴല്‍. കന്യകമാര്‍ക്ക് ഇഷ്ടമാംഗല്യവും, സുമംഗലികള്‍ക്കു നെടുമാംഗല്യവും, ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. അനുഗ്രഹത്തിനും അഭീഷ്ടസിദ്ധിക്കും ഐശ്വര്യത്തിനുവേണ്ടിയുള്ള ഈ ഉത്സവം ഗീതാമണ്ഡലം സെന്ററിനെ ശ്രദ്ധേയമാക്കി. മഹാഗണപതി പൂജകളോട് കൂടിയാണ് ഈ വര്‍ഷത്തെ ഉത്സവം ആരംഭിച്ചത്. വിജയ രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ലളിതാ സഹസ്രനാമ അര്‍ച്ചന നടന്നു.തുടര്‍ന്നു പ്രധാന പുരോഹിതന്‍ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും അന്നപൂര്‍ണേശ്വേരിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. ശേഷം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സ്ത്രീ ഭക്തജനങ്ങള്‍ ദേവിസന്നിധിയില്‍ നിന്നും കൊണ്ടുവന്ന അഗ്‌­നിയില്‍ നിന്നും പൊങ്കാല അടുപ്പുകളിലേക്കു അഗ്‌­നി പകര്‍ന്നു. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിക്കുന്നു. അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത്. ഇത്തരത്തില്‍ തയാറാക്കിയ പായസം പുരോഹിതന്‍ ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. പിന്നീട് അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍ വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടന്നു. തുടര്‍ന്ന് മംഗള ആരതിയും നടത്തിയാണ് 2016 ലെ മകം പൊങ്കാല ഉത്സവത്തിന് പരിസമാപ്തിയായത്. ഇതിന്റെ വിജയത്തിനുപിന്നില്‍ നിസ്വാര്‍ഥമായി പ്രയത്‌­നിച്ച വലിയൊരു കൂട്ടായ്മയുമുണ്ട് ലക്ഷ്മി നാരായണ ശാസ്ത്രികളാണ് പൂജകള്‍ക്കു നേതൃത്വം നല്കിയത്. ഉത്സവ പരിപാടികള്‍ക്ക് രമ നായര്‍, മണി ചന്ദ്രന്‍, തങ്കമ്മ അപ്പുകുട്ടന്‍, രേഷ്മി ബൈജു തുടങ്ങിയവരാണ്. ഭക്തരുടെ പിന്തുണയ്ക്കും ജയചന്ദ്രന്‍ നന്ദി അറിയിച്ചു. ഈ വര്‍ഷം നടക്കുവാന്‍ പോകുന്ന എല്ലാ ഉത്സവങ്ങള്‍ക്കും ഭക്ത ജനങ്ങളില്‍ നിന്ന് ഇതുപോലെയുള്ള സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം ദേവിക്കു മുന്നില്‍ ജയചന്ദ്രനും മണി ചന്ദ്രനും ഗീതാമണ്ഡലത്തിനു വേണ്ടി അഞ്ച് നിലവിളക്ക് സമര്‍പ്പിച്ചതില്‍ നന്ദി പ്രകാശിപ്പിക്കുന്നതായി ട്രഷറര്‍ അപ്പുകുട്ടന്‍ അറിയിച്ചു. വാര്‍ത്ത അയച്ചത്: മിനി നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.