You are Here : Home / USA News

ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനം ന്യു യോര്‍ക്കില്‍ ശനിയാഴ്ച

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, March 09, 2016 12:48 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഈ ശനിയാഴ്ച (മാര്‍ച്ച് 12) സംഘടിപ്പിക്കുന്ന സോഷ്യല്‍മീഡിയയെപ്പറ്റിയുള്ള സെമിനാറിനും, പ്രവര്‍ത്തനോദ്ഘാടനത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എന്ന വിഷയത്തെപ്പറ്റി ഇന്ത്യാ എബ്രോഡ് ഡപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ പി. രാജേന്ദ്രന്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേര്‍ പാനലിസ്റ്റുകളായി ചര്‍ച്ച നയിക്കും. നാം അഭിമുഖീകരിക്കുന്ന കാര്യങ്ങളാണ് നമ്മുടെ ചിന്താഗതിയേയും ലോകത്തേയും നിര്‍ണ്ണയിക്കുന്നത്. വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുന്‍കാലങ്ങളില്‍ മാസങ്ങളും ആഴ്ചകളും എടുത്തുവെങ്കില്‍ ഇപ്പോള്‍ അനുനിമിഷം വാര്‍ത്തകളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുകയാണ്. കലാപങ്ങളുണ്ടാക്കാനും അത് ആളിക്കത്തിക്കാനും സോഷ്യല്‍മീഡിയ ആയുധമായി മാറുന്ന ദുരവസ്ഥയുമുണ്ട്. അതേസമയം, മുല്ലപ്പൂവിപ്ലവം പോലുള്ള സാമൂഹിക-രാഷ്ട്രീയ മാറ്റത്തിനും സോഷ്യല്‍മീഡിയ വഴിയൊരുക്കുന്നു. സോഷ്യല്‍ മീഡിയയുടെ ഏറ്റവും വലിയ ഇര പ്രിന്റ് മീഡിയയാണ്. വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അച്ചടിച്ച് പത്രം വരാന്‍ കാത്തിരിക്കേണ്ടതില്ലല്ലോ. ഈ സ്ഥിതിവിശേഷത്തെ വന്‍കിട പത്രങ്ങള്‍ ഏതു രീതിയിലാണ് നേരിടുന്നതെന്നതും ചര്‍ച്ചാവിഷയമാണ്. ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ മൂന്നുമണിക്കാരംഭിക്കുന്ന സെമിനാറിലേക്കും, ആറുമണിക്ക് തുടങ്ങുന്ന സമ്മേളനത്തിലേക്കും മാധ്യമരംഗത്തോട് താത്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി നാഷണല്‍ ട്രഷറരും സമ്മേളനത്തിന്റെ കോാര്‍ഡിനേറ്ററുമായ് ജോസ് കാടാപ്പുറം അറിയിച്ചു. പൊതുസമ്മേളനത്തില്‍ വിവിധ സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കും. പ്രസ്‌ക്ലബ് ദേശീയ സമിതികളുടേയും ന്യൂയോര്‍ക്ക് ചാപ്റ്ററിനേയും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സമ്മേളനത്തില്‍ അവതരിപ്പിക്കും. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായ കാലത്ത് മാധ്യമ പ്രവര്‍ത്തകരുടെ ഒത്തുകൂടലിനു പ്രധാന്യമുണ്ട്. ഇലക്ഷന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പുതുമകള്‍ കണ്ടെത്തുന്നതിനും സഹായകമായ നിര്‍ദേശങ്ങളും ചര്‍ച്ചകളില്‍ അവതരിപ്പിക്കപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.