You are Here : Home / USA News

കുട്ടനാടൻ പുഞ്ച പാട്ടുകളുമായി ഫോമാ ജലമേള ജൂലൈ 9-ന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, March 10, 2016 11:40 hrs UTC

മയാമി: കുട്ടനാടൻ പുഞ്ചയിലെ, തിത്തൈ തക തെയ് തെയ് തോം.... ജലരാജാക്കൻമാരായ കാരിച്ചാലും ചമ്പക്കുളവും പായിപ്പാടും ചെറുതനയും വെള്ളം കുളങ്ങരയുമൊക്കെ ആലപ്പുഴ പുന്നമടക്കായലിന്റെ വിരിമാറിലൂടെ ഇടിവെട്ട് പോലെ കുതിച്ച് പായുന്ന ഓർമ്മകളെ അമേരിക്കൻ ഐക്യ നാടുകളിൽ പുനർജീവിപ്പിക്കുകയാണ് ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) അന്താരാഷ്ട്ര കൺവൻഷന്റെ സംഘാടകർ. 2016 ജൂലൈ ഏഴ് മുതൽ പത്ത് വരെ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ചാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ഫ്ലോറിഡ ഹോളിവുഡിലെ ടി.വൈ. പാർക്കിലെ ഏക്കറു കണക്കിന് വിസ്താരമായി കിടക്കുന്ന ലേക്കിലായിരിക്കും ജല മേള നടക്കുന്നത്. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലെ ഫോമാ അംഗ സംഘടനകളിൽ നിന്നായി ബോട്ട് ക്ലബുകൾ രജിസ്ട്രേഷൻ തുടങ്ങി കഴിഞ്ഞെന്ന്, വള്ളംകളി മത്സരത്തിന് ചുക്കാൻ പിടിക്കുന്ന ജോണെറ്റ് സെബാസ്റ്റ്യൻ പറഞ്ഞു. വിവിധ അമേരിക്കൻ സംസ്ഥാനങ്ങളിലും കാനഡയിലുമായി ചിതറി പാർക്കുന്ന മലയാളി കുടുംബങ്ങൾക്ക് രണ്ടു വർഷങ്ങളിലൊരിക്കൽ ജാതി മത ഭേതമെന്യേ ഒരുമിച്ചു കൂടുവാനും, കുറച്ചു ദിവസങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആഘോഷിക്കാനും, കലാകായിക മത്സരങ്ങളിൽ പങ്കെടുത്തു, ഒത്തൊരുമിച്ചു കുറച്ചു സമയം പങ്കിടുവാൻ എന്ന ആശയത്തെ മുൻ നിർത്തി ആരംഭിച്ച അന്തരാഷ്ട്ര കൺവൻഷൻ ഒരോ പ്രാവശ്യവും വിത്യസ്തമാക്കാനുള്ള യത്നത്തിലാണ് അതാത് കാലത്തെ ഭരണ സമിതി. ഈ പ്രാവിശ്യം ജലമേള, യുവജനോത്സവം, യുവജനങ്ങൾക്കായി യൂത്ത് നൈറ്റ്, എന്ന് വേണ്ട ഒരു ഉത്സവമായിരിക്കും ഫോമാ കൺവെഷനെന്ന് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേലും ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡും ട്രഷറാർ ജോയി ആന്തണിയും അഭിപ്രായപ്പെട്ടു. ഫോമായുടെ ഇത് വരെയുള്ള കൺവൻഷനുകളിൽ നിന്നും വിത്യസ്തമായി, അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയിൽ, നാട്ടിലെ കാലാവസ്ഥയിൽ തന്നെ നടത്തപ്പെടുന്നത്, പങ്കെടുക്കുന്നവർക്ക് തികച്ചും വിത്യസ്തമായ അനുഭവമായിരിക്കുമെന്ന് കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ് (ജോസ്) പറഞ്ഞു. ഈ കൺവെൻഷനിൽ പങ്കെടുത്തു, കുറച്ചു ദിവസം ആഘോഷകരമാക്കുവാൻ അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ മലയാളികളേയും ഫ്ലോറിഡയിലേക്ക് സംഘാടകർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ആനന്ദൻ നിരവേൽ (ഫോമാ പ്രസിഡന്റ്) 954 675 3019, ഷാജി എഡ്‌വേർഡ് (ഫോമാ ജനറൽ സെക്രട്ടറി) 917 439 0563, ജോയി ആന്തണി (ഫോമാ ട്രഷറാർ) 954 328 5009, മാത്യു വർഗീസ്‌ (കൺവൻഷൻ ചെയർമാൻ) 954 234 1201, ജോണറ്റ് സെബാസ്റ്റ്യൻ (ജലമേള ചെയർമാൻ) 305 323 5248, ജോയ് കുറ്റ്യാനി (നാഷണൽ കോർഡിനേറ്റർ) 954 708 6614, ബാബു കല്ലിടിക്കൽ (ജനറൽ കൺവീനർ) 954 593 6882, ജോസ്മാൻ കാരേടൻ (കേരള സമാജം ഫ്ലോറിഡ പ്രസിഡന്റ്) 954 558 2245, ജെയിംസ് ദേവസ്യ (നവകേരള ആർട്സ് ക്ലബ് പ്രസിഡന്റ്) 954 297 7017.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.