You are Here : Home / USA News

ഗീതാ മണ്ഡലം ശിവരാത്രി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 12, 2016 12:23 hrs UTC

മിനി നായര്‍

 

ഷിക്കാഗോ: ശിവമന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഗീതാമണ്ഡലം ശിവഭക്തിയുടെ നെയ്ദീപങ്ങളില്‍ പ്രകാശപൂരിതമായി. ശിവസ്തുതികളും വ്രതവുംചേര്‍ന്ന ഭക്തിയുടെ നിറവിലാണ് ഗീതാമണ്ഡലം ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം ആഘോഷിച്ചത്. ശിവപ്രീതിക്കായി ഓം നമശിവായ മന്ത്രങ്ങളുമായി ഭക്തര്‍ വ്രതാനുഷ്ഠാനത്തിന്റെ പരമകോടിയില്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു. ശിവപഞ്ചാക്ഷരി മന്ത്രംജപിച്ച് വ്രതംനോറ്റാല്‍ സര്‍വപാപങ്ങളും ഇല്ലാതാകുമെന്നാണ് ശിവരാത്രിയുടെ പ്രത്യേകത. ഈ ദിവസം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ശിവാര്‍ച്ചനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഫലമേറെയെന്നാണ് ശിവരാത്രിയുടെ പുണ്യം. ഇതിനായി ഗീതാമണ്ഡലമൊരുക്കിയ ശിവരാത്രി മഹോത്സവം അക്ഷരാര്‍ഥത്തില്‍ ഭക്തര്‍ക്ക് സമ്മാനിച്ചത് ശിവ ഭക്തിയുടെ മറ്റൊരു പരമാനന്ദമായതലമാണ്. ചിരാതുകളില്‍ നെയ്ദീപങ്ങള്‍ തെളിഞ്ഞ രാത്രിയില്‍ ഉറങ്ങാതെ ശിവസ്തുതികളും പഞ്ചാക്ഷരീ മന്ത്രങ്ങളും ഓം നമ:ശ്ശിവായ മാത്രവും ജപിച്ച് ഭക്തര്‍ നിദ്രയെ ജയിച്ചപ്പോള്‍ ഭക്തര്‍ക്ക് ലഭിച്ചത് നവ്യാനുഭൂതിയായിരുന്നു. ദേവ ദേവ മഹാദേവ നീലകണ്ട്ഠ നമോസ്തുതേ കര്‍ത്തൂമിച്ച്യായമ്യഹം ദേവാ ശിവ രാത്രി വൃതം തവ തവ പ്രഭാവ ദേവേശ നിര്‍വിഘ്‌­ന ഭവേദിതി "അല്ലയോ ദേവാദി ദേവനായ മഹാദേവ, നീലകണ്ട്ഠാ ! അവിടുത്തേക്ക് ഈ ഭക്തരുടെ വിനീതമായ പ്രണാമം . അവിടുത്തെ ഭക്തരായ ഈ ഞങ്ങള്‍ ശിവരാത്രി വൃതം അനുഷ് ഠിക്കുവാന്‍ ആഗ്രഹിക്കുന്നു. മഹാദേവ അങ്ങയുടെ അനുഗ്രഹത്താല്‍ നിര്‍വിഘ്‌­നം ശിവരാത്രി വൃതം പൂര്‍ണമാകുവാന്‍ കഴിയേണമേ!!!. എന്ന പ്രാര്‍ഥനയോടെയാണ് തുടക്കമായത്. ഗണേശ അഥര്‍വോപനിഷത് മന്ത്രത്താല്‍ വിനായക പ്രീതി വരുത്തിയതിനു ശേഷമായിരുന്നു പ്രധാന പുരോഹിതന്‍ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ ശിവരാത്രി പൂജകള്‍ ആരംഭിച്ചത്. ഈ വര്‍ഷത്തെ ശിവരാത്രിയില്‍ മംഗള സ്വരൂപിയായ മഹാദേവനെ നാല് ഭാവത്തില്‍ (സര്‍ലോക ഗുരു ഭാവമായ ദക്ഷിണാമൂര്‍ത്തി, സംഹാര ഭാവമായ നടരാജന്‍, രോഗരക്ഷക ഭാവമായ വൈദീശ്വരന്‍, അവസാനം ആരാധനാ ഭാവമായ ലിംഗ ഭാവത്തിലും) ശ്രീ രുദ്രവും ചമകവും പാരായണം ചെയ്തുകൊണ്ടാണ് നവകാഭിഷേകം നടത്തിയത്. ശിവരാത്രിയെപ്പറ്റി ഐതിഹ്യങ്ങളേറെയുണ്ട്. ഇതില്‍ രണ്ട് ഐതീഹ്യങ്ങള്‍ പ്രധാനമാണ്. അതിലൊന്ന്, ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള പാലാഴി കടച്ചില്‍ പുരോഗമിച്ചപ്പോള്‍ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയില്‍ പതിച്ചാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍കണ്ട് പരമശിവന്‍ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവെന്നാണ് ഐതിഹ്യം. മറ്റൊന്ന്, ലോകൈകനാഥനായ പരമശിവനു ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍് വേണ്ടി പാര്‍വതിദേവി ഉറക്കമൊഴിച്ചു പ്രാര്‍ഥിച്ചത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ശിവരാത്രി ആചരിക്കുന്നത് എന്നുമാണ്. ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ ശാന്തിമയമാക്കുന്നു എന്ന മഹാസത്യം ആണ് ശിവരാത്രിയിലൂടെ നാം പഠിക്കുന്നത് എന്ന് ശ്രീ ഗോപാലകൃഷ്ണന്‍ വിശദികരിച്ചു. തുടര്‍ന്ന് ഭജനയും ശിവ മന്ത്രാഭിക്ഷേകവും ശിവ അഷ്ടോത്തര അര്‍ച്ചനയും നടത്തി. പിന്നീട് ദീപാരാധനയും മന്ത്ര പുഷ്പാഭിക്ഷേകവും നടത്തി 2016 ലെ ശിവരാത്രിയുടെ ആദ്യ പാദത്തിനു ഭക്തിസാന്ദ്രമായ സമാപനംകുറിച്ചു. രാത്രി മുഴുവന്‍ ഭക്തര്‍ ശിവസ്തുതികളും പഞ്ചാക്ഷരീ മന്ത്രങ്ങളും ജപിച്ച് ഉറക്കമൊഴിച്ച് ഗീതാമണ്ഡലം ആസ്ഥാനത്തുതന്നെ കഴിച്ചു കൂടി. സര്‍വ പാപങ്ങളും തീര്‍ക്കുന്നതാണ്് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം എന്നും പ്രസിഡന്റ്­ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഗീതാ മണ്ഡലത്തിന്റെ ഈ വര്‍ഷത്തെ മറ്റു പ്രോഗ്രാമുകളെക്കുറിച്ച് ട്രേഷേരുര്‍ ശേഖരന്‍ അപ്പുക്കുട്ടന്‍ വിശദികരിച്ചു. തുടര്‍ന്ന് ശിവരാത്രി പൂജക്ക് നേതൃത്വം നല്കിയ പ്രധാന പുരോഹിതന്‍ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ക്കും ശിവരാത്രി മഹോത്സവം സ്‌­പോണ്‍സര്‍ ചെയ്ത നിഷാ ചന്ദ്രനും, ഷിവി ജയിനും മഹോത്സവത്തിന് നേതൃത്വം നല്കിയ എല്ലാ സംഘാടകര്‍ക്കും പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും സെക്രട്ടറി ബൈ്ജു മേനോന്‍ നന്ദി പറഞ്ഞു..

തയാറാക്കിയത്: മിനി നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.