You are Here : Home / USA News

കെ.എച്ച്.എന്‍.എ മിഷിഗണ്‍ വനിതാവേദി ഉദ്ഘാടനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 12, 2016 12:26 hrs UTC

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഷിഗണ്‍ വനിതാവേദി ദക്ഷിണേന്ത്യയിലെ പ്രശസ്ത യുവ കര്‍ണ്ണാട്ടിക് സംഗീതജ്ഞരായ ചിന്മയ സഹോദരിമാര്‍ (ഉമ & രാധിക) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മാതൃസ്വാഭിമാന്‍ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ട്രോയ് സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ട സ്ത്രീ കൂട്ടായ്മയിലാണ് മിഷിഗണ്‍ വനിതാവേദി രൂപീകരിക്കപ്പെട്ടത്. സനാതനധര്‍മ്മം വിഭാവനം ചെയ്യുന്ന ഭാരത സ്ത്രീയുടെ ഭാവശുദ്ധിയെ സംബന്ധിച്ച് കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി. സകല ജന്മങ്ങളും ജൈവീകമായും ആദ്ധ്യാത്മികമായും തന്റെ മാതാവിനോട് അഭേദ്യമായി കടപ്പെട്ടിരിക്കുന്നുവെന്നു ഉദ്ധവഗീതയെ ഉദ്ധരിച്ച് സാക്ഷ്യപ്പെടുത്തിയ അദ്ദേഹം, മഹത്തരമായതെല്ലാം മാതൃത്വത്തിന്റെ ഊര്‍ജ്ജത്തിലൂടെ ഉയിര്‍കൊള്ളുന്നതാണെന്നും പറഞ്ഞു. മോട്ടോര്‍സിറ്റി ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 2017 ലോക ഹൈന്ദവ സംഗമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും, അവിടെ പ്രതീക്ഷിക്കുന്ന വലിയ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചും റീജിണല്‍ വൈസ് പ്രസിഡന്റ് ഡോ. ഗീതാനായര്‍ വിശദീകരിച്ചു. ഭാരതീയ വൈഷ്ണവ ശൈവ സങ്കല്‍പ്പങ്ങളിലെ അജയ്യശക്തിയായ ലളിതാംബികയെ പ്രകീര്‍ത്തിക്കുന്ന ലളിതസഹസ്രനാമാവലിയുടെ ചൈതന്യരഹസ്യം തുടര്‍ന്ന് സംസാരിച്ച ബിനു പണിക്കര്‍ വ്യക്തമാക്കി. പരമമായ ശക്തിയുടെ സ്രോതസ് ശക്തമായ ആത്മീയതയാണെന്ന് അനുഭവവേദ്യമാക്കിയ ആയിരം നാമാവലികളുടെ സമൂഹപാരായണവും നടന്നു. വനിതാവേദി അന്തര്‍ദേശീയ സമിതിയംഗം ബിന്ദു പണിക്കരുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങുകള്‍ ചിന്മയ സഹോദരിമാരായ ഉമയും രാധികയും ചേര്‍ന്ന് ആലപിച്ച സംഗീതവിരുന്നോടെ സമാപിച്ചു. സഹസ്രനാമ ജപത്തിനു ബിനി പണിക്കര്‍, പ്രസന്ന മോഹന്‍, ശ്രീജ ശ്രീകുമാര്‍, ഉഷാ കുമാര്‍, ഷോളി നായര്‍, ദേവികാ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.