You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനം ജീവകാരുണ്യ പ്രവര്‍ത്തന വേദിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 15, 2016 02:09 hrs UTC

അന്യരുടെ മുതല്‍ ആഗ്രഹിക്കുന്നതു തെറ്റാണെങ്കില്‍ അന്യരുടെ അവയവം ആഗ്രഹിക്കുന്നത് ശരിയാണോ? അന്യരുടെ അവയവം സ്വീകരിച്ച് സ്വന്തം വിധിയെ തോല്‍പിക്കാന്‍ ശ്രമിക്കുന്നതില്‍ എത്രകണ്ട് ധാര്‍മ്മകതയുണ്ട്? സ്വന്തം കിഡ്‌നി ദാനം ചെയ്ത ഫാ. ഡേവീസ് ചിറമേലിനോടായിരുന്നു ചോദ്യം. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കമ്മിറ്റിയുടേയും, ന്യൂയോര്‍ക്ക് ചാപ്റ്ററിന്റേയും പ്രവര്‍ത്തനോദ്ഘാടന വേദിയായിരുന്നു രംഗം. ഫാ. ഡേവീസ് നല്‍കിയ ചിന്തോദ്ദീപകമായ മറുപടിയില്‍ അന്യന്റെ മുതല്‍ ആഗ്രഹിക്കുന്നതാണ് തെറ്റാണെന്നു പറഞ്ഞു. പക്ഷെ ആരും അന്യരല്ല. നമുക്കുള്ളതൊന്നും നമ്മുടേത് മാത്രമല്ല. അതു പങ്കുവെയ്ക്കാനുള്ളതാണ്. അവയവങ്ങള്‍ നല്‍കുന്നതിലൂടെ വിധിയെ അല്ല തോല്പിക്കുന്നത്. ദുര്‍വിധിയെ ആണ്. കിഡ്‌നി നഷ്ടമായപ്പോള്‍ ആത്മഹത്യയ്‌ക്കൊരുങ്ങിയ ഒരാളുടെ കഥ അദ്ദേഹം ചൂണ്ടിക്കാട്ടി. അതറിഞ്ഞ് സഹപ്രവര്‍ത്തകര്‍ കിഡ്‌നി മാറ്റിവെയ്ക്കാന്‍ 12 ലക്ഷം രൂപ പിരിച്ചുകൊടുത്തു. പക്ഷെ കിഡ്‌നി എവിടെ? അവിടെ കിഡ്‌നി കൊടുത്തയാള്‍ ഒരാളെ ജീവിതത്തിലേക്കാണ് തിരിച്ചുകൊണ്ടുവന്നത്. അത് അധാര്‍മ്മികമാണോ? ജീവിതത്തില്‍ റിസ്‌ക് ഇല്ലാത്തതൊന്നുമില്ല. റിസ്‌ക് എടുക്കാത്തവര്‍ക്ക് ജീവിത വിജയവുമില്ല. കൊളംബസ് യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ അതിനു വേണ്ടിവരുന്ന ചെലവിനെപ്പറ്റിയാണ് രാജാവ് ചിന്തിച്ചത്. എന്നാല്‍ കൊളംബസ് പറഞ്ഞത് പുതിയ ലോകം കണ്ടുപിടിച്ചാല്‍ ഉണ്ടാകാവുന്ന നേട്ടങ്ങളെപ്പറ്റി മാത്രമാണ് താന്‍ ആലോചിക്കുന്നതെന്നാണ്. നെഗറ്റീവായ ചിന്താഗതി നമുക്ക് ദോഷമേ ആകു. നമുക്ക് നമ്മോടുതന്നെ വിശ്വാസ്യത കാണാനിക്കാനുവുന്നില്ലെങ്കില്‍ നമ്മുടെ ജീവിതം വ്യര്‍ത്ഥമായി. ഡേവിസ് എന്ന ഞാന്‍ തന്നെയാണ് ആദ്യം നന്നാകേണ്ടത്. കൊടുക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കിട്ടുന്നവന് അതു നല്‍കുന്നത് താത്കാലിക സന്തോഷമാണ്. കൊടുക്കുന്നവന്റെ സന്തോഷം എന്നും നിലനില്‍ക്കും. അമേരിക്ക എന്നത് ഒരു ലൈഫ് സ്റ്റൈല്‍ ആണ്. ലൈഫ് ഇല്ലെങ്കില്‍ അതൊരു സ്റ്റൈല്‍ ആയി മാറും. അതു സംഭവിക്കരുത്. പിതാവിന് കിഡ്‌നി കൊടുത്ത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന പുത്രന്റെ വീട് സന്ദര്‍ശിച്ചേഷമാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. നമ്മുടെ ജീവിതത്തിനു ക്വാളിറ്റി ഉണ്ടോ എന്നു നാം പരിശോധിക്കേണ്ടതുണ്ട്. തെറ്റു ചെയ്യുന്നവരല്ല അതു തിരുത്താത്തവരാണ് പാപികള്‍ എന്നതു മറക്കരുത്. താന്‍ കിഡ്‌നി ദാനം ചെയ്തതറിഞ്ഞ് വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി തന്നെ വിളിച്ച് ഒരു കിഡ്‌നി ദാനം ചെയ്യാമെന്നറിയിക്കുകയായിരുന്നു . ആ കിഡ്‌നി ലഭിച്ചയാളുടെ വീട്ടിലെ ഒരാള്‍ മറ്റൊരാള്‍ക്ക് കിഡ്‌നി ദാനം ചെയ്യണമെന്ന 'കിഡ്‌നി ചെയിന്‍' പദ്ധതിയുടെ തുടക്കം ഇതായിരുന്നു. ഒട്ടേറെ പേര്‍ക്ക് അതു പ്രയോജനപ്രദമായി. അമേരിക്കന്‍ മലയാളികള്‍ ആഴ്ചയില്‍ ഒരു ഡോളര്‍ നല്‍കിയാല്‍ ഒരു വര്‍ഷം കൊണ്ട് ഒരു രോഗിക്ക് ഡയാലിസിസ് നടത്താം. ഇത്തരം ചെറിയ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കരുത്- അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ വച്ച് പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ സംഭാവന പ്രസിഡന്റ് ഡോ. കൃഷ്ണകിഷോര്‍ അദ്ദേഹത്തിനു കൈമാറി. ഫൊക്കാനയുടെ സംഭാവനയുടെ ആദ്യഗഡു ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെയും നല്‍കി. അധ്യക്ഷതവഹിച്ച നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ധാരാളംപേര്‍ അംഗത്വത്തിനു താത്പര്യം പ്രകടിപ്പിക്കുന്നതിനാല്‍ അംഗത്വ മാനദണ്ഡം പുനപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ചാപ്റ്ററുകള്‍ക്കും രൂപംനല്‍കും. കേരളത്തിലെ മീഡിയ അക്കാഡമിയുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങളും, സ്‌കോളര്‍ഷിപ്പ് പദ്ധതിയും നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. വിവിധ സംഘടനകളുമായി ഉറ്റബന്ധം പുലര്‍ത്തുകയും സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്ന ദൗത്യം സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതം ആശംസിച്ച ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട് മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ വിവരിച്ചു. നാഷണല്‍ ട്രഷറര്‍ ജോസ് കാടാപ്പുറം ആയിരുന്നു എം.സി. അമേരിക്കയിലെ മാധ്യമങ്ങളും സംഘടനകളും പ്രവര്‍ത്തനങ്ങളില്‍ നിലനിര്‍ത്തുന്ന സഹകരണ മനോഭാവം ചൂണ്ടിക്കാട്ടിയ ജോസ് കാടാപ്പുറം ട്രെസ്റ്റേറ്റ് മേഖലയിലെ എല്ലാ പ്രധാന സംഘടനകളുടെയും നേതാക്കള്‍ സമ്മേളനത്തിനെത്തിയത് പ്രസ് ക്ലബിനു നല്‍കുന്ന അംഗീകാരമാണെന്നു പറഞ്ഞു. തഹ്‌സീന്‍ മുഹമ്മദ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. കേരളത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മാധ്യമങ്ങള്‍ മനപൂര്‍വ്വം കാണാതെപോകുന്നതായി ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ജോലിക്കുവന്ന ബംഗാളികള്‍ വലിയ മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടാക്കുന്നത്.അവരെപറ്റി കഥകള്‍ അന്യഭാഷകളില്‍ ഉണ്ടാവുന്നു. പക്ഷെ കേരളം അവരെ കണ്ട മട്ടില്ല. ഇതു ഭാവിയില്‍ ഗുണമോ ദോഷമോ എന്നു വിലയിരുത്തേണ്ടതുണ്ട്. കേരളത്തില്‍ ചെറിയ മനുഷ്യരെ സംബന്ധിക്കുന്നതൊന്നും വര്‍ത്തയല്ല. അമേരിക്കയില്‍ ആ സ്ഥിതി ഇല്ല. വര്‍ത്തയില്‍ ജനാധിപത്യമുണ്ട്‌. വലിയ ആള്‍ അല്ലെങ്കില്‍ താര പദവി നല്‍കി വാര്‍ത്താ സ്രോതസാക്കും. ഉദാഹരണം സരിത തന്നെ. ന്യൂയോര്‍ക്കില്‍ ചെരുപ്പില്ല്ലാതെ മഞ്ഞില്‍ നടന്ന പിച്ചക്കാരനു പോലീസ് ഓഫീസര്‍ ഷൂ വാങ്ങിക്കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസില്‍ വാത്തയായിരുന്നു. പക്ഷെ ചെറിയ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യന്‍ മീഡിയകളുടെ കണ്ണില്‍പ്പെടുന്നില്ല. വാര്‍ത്ത ചുറ്റുപാടും ഉണ്ടെങ്കിലും മാധ്യമങ്ങള്‍ അതു കാണാതെപോകുന്നു. സൂപ്പര്‍ ഹിറ്റായി 'എന്നു നിന്റെ മൊയ്തീന്‍' എന്ന സിനിമയിലെ മൊയ്തീനെ കോഴിക്കോട്ടെ പത്രക്കാര്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷെ ആ അപൂര്‍വ്വ പ്രേമകഥ അവരൊന്നും കണ്ടെത്തിയില്ല. പറഞ്ഞുമില്ല. ബന്യാമിന്റെ ആടുജീവിതത്തില്‍ നജീബ് അടിമപ്പണിയില്‍ നിന്ന് രക്ഷപെടുന്നുണ്ട്. ഇവിടെ പക്ഷെ അതുണ്ടാവാത്ത സംഭവങ്ങളുമുണ്ട്. ജൂറി ഡ്യൂട്ടിക്ക് അര്‍ഹതയില്ലെങ്കിലും ചെന്നില്ലെന്നു പറഞ്ഞു അറസ്റ്റ് ചെയ്യപ്പെട്ട് ജയിലാകുകയും അധികൃതരുടെ മുന്നില്‍ വച്ച് നിരാഹാരം കിടന്നു മരിക്കുകയും ചെയ്ത ലിവിറ്റ ഗോമസിന്റെ ജീവിതം ഒരു ഉദാഹരണം. ഒരു പൂച്ചയുടെ പേരില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന മലയാളിയായ മൃഗഡോക്ടര്‍ ഷര്‍ലി കോശി തുടങ്ങിയവരുടെ കഥയൊക്കെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം എത്ര ഛിന്നഭിന്നമാണെന്നു തെളിയിക്കുന്നു-ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടി. നിയുക്ത ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര സംഘടനകളും പ്രസ് ക്ലബും തമ്മില്‍ നിലനിര്‍ത്തേണ്ട അതിര്‍വരമ്പുകള്‍ ചൂണ്ടിക്കാട്ടി. രണ്ടും ഒന്നായാല്‍ മാധ്യമങ്ങള്‍ക്ക് വിമര്‍ശനബുദ്ധ്യാ കാര്യങ്ങള്‍ കാണാന്‍ പ്രയാസമാകുമെന്നു ചൂണ്ടിക്കാട്ടി. ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് തിരുവനന്തപുരത്തെ കാന്‍സര്‍ സെന്ററിനുവേണ്ടി നിര്‍മ്മിച്ചുനല്‍കുന്ന കെട്ടിടത്തെപ്പറ്റിയും മയാമിയില്‍ നടക്കുന്ന കണ്‍വന്‍ഷനെപ്പറ്റിയും വിവരിച്ചു. ഭാഷയിലെ സഭ്യതയായിരുന്നു ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ പരാമര്‍ശിച്ചത്. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാന്‍ (ഡാളസ്) പ്രസ്‌ക്ലബിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍ ടാജ് മാത്യു, വൈസ് ചെയര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മാത്യു വര്‍ഗീസ്, റജി ജോര്‍ജ്, നാഷണല്‍ ജോയിന്റ് ട്രഷറര്‍ തോമസ് തൈമറ്റം (ഫ്‌ളോറിഡ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെപ്പറ്റി നടന്ന ഡിബേറ്റിന് നാഷണല്‍ വൈസ് പ്രസിഡന്റ് രാജു പള്ളത്ത് നേതൃത്വം നല്‍കി. ഇന്ത്യാ എബ്രോഡ് ഡപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ പി. രാജേന്ദ്രന്‍, ഡോ. ഷാജി പൂവത്തൂര്‍, ഡോ. കൃഷ്ണകിഷോര്‍, ഡോ. സാറാ ഈശോ, ഫിലിപ്പോസ് ഫിലിപ്പ്, ലാലി കളപ്പുരയ്ക്കല്‍ തുടങ്ങിയവരായിരുന്നു പാനലിസ്റ്റുകള്‍. ഡോ. ലീന മോഡറേറ്ററായിരുന്നു. ജിമ്മി ജോണ്‍ (കാനഡ), സുനില്‍ ട്രൈസ്റ്റാര്‍, പ്രിന്‍സ് മാര്‍ക്കോസ്, സിബി ഡേവിഡ്, മഹേഷ്, ഷിജോ പൗലോസ്, ബിനു തോമസ്, ഏബ്രഹാം തര്യന്‍, ജോസ് ഏബ്രഹാം, ഫിലഡല്‍ഫിയയില്‍ നിന്നെത്തിയ ജോബി ജോര്‍ജ്, ജീമോന്‍ ജോര്‍ജ്, ജോര്‍ജ് ഓലിക്കല്‍, അരുണ്‍ കോവാട്ട് തുടങ്ങിയ ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ട്രഷറര്‍ ജോയി ഇട്ടന്‍, മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ഫൊക്കാന ആര്‍.വി.പി ജിബി തോമസ്, ജെ.എഫ്.എ ചെയര്‍ തോമസ് കൂവള്ളൂര്‍, ഫിലഡല്‍ഫിയയില്‍ നിന്നെത്തിയ തമ്പി ചാക്കോ, ബോബി ജേക്കബ്, ഫൊക്കാന വിമന്‍സ് ഫോറം നേതാവ് ലീല മാരേട്ട്, സണ്ണി കല്ലൂപ്പാറ, ഡോ. ജോണ്‍ ഈശോ, സജി ഏബ്രഹാം, ആനി ലിബു തുടങ്ങി ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.