You are Here : Home / USA News

ആതുരസേവനത്തിന്റെ വഴിത്താരയില്‍ അച്ചനോടൊപ്പം മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌­ളോറിഡയും - സജി കരിമ്പന്നൂര്‍

Text Size  

Story Dated: Wednesday, March 16, 2016 01:34 hrs UTC

റാമ്പാ, ഫ്‌­ളോറിഡ: എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. നല്ല ശമരിയാക്കാരനെ നയിച്ചത് ഇതേ വികാരമാണ്. ലോകത്തിന്റെ നീതി ശാസ്ത്രത്തിന് വിധേയരായി മറ്റുള്ളവര്‍ പ്രവര്‍ത്തിച്ചപ്പോള്‍ ശമരിയാക്കാരന്‍ ഒരു പടികൂടി മുന്‍പോട്ടു പോയി. കൊള്ളക്കാരുടെ കൈയ്യില്‍ അകപ്പെട്ട് അര്‍ദ്ധപ്രാണനായി കിടന്ന യാത്രികനെ കണ്ടിട്ട് നിസംഗതനായി മാറിക്കടന്നു പോകാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അധിക്ഷേപിക്കുന്നവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, കരണത്തടിക്കുന്നവന് മറ്റുകാരണം കാണിച്ചു കൊടുക്കുകയും, മേലങ്കി ചോദിക്കുന്നവന് പുറം കുപ്പായം കൂടി നല്‍കുകയും ചെയ്ത ഗുരുവിന്റെ പാത പിന്‍തുടര്‍ന്നുകൊണ്ട് ഇതാ മറ്റൊരു നല്ല ശമരിയാക്കാരന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍. ഈ സ്‌­നേഹവായ്പിലും കരുതലിലും, സഹാനുഭൂതിയിലും, പങ്കാളിയാകുവാന്‍ അമേരിക്കന്‍ മലയാളി സമൂഹത്തോട് അച്ചന്‍ അഭ്യര്‍ത്ഥിക്കുന്നു. നിസ്വാര്‍ത്ഥമതികളായ ഇവരുടെ ജീവിതം കൊണ്ട് കാണിച്ചു തന്ന കനല്‍ വഴികളെ ഭൂമിയെ സമ്പന്നമാക്കുവാന്‍ സര്‍വ്വമതസ്ഥരോടും നാം കരുണ കാണിക്കേണ്ടിയിരിക്കുന്നു. ഈ സഹനത്തിന്റെ കരുതലുകളിലൂടെ സഞ്ചരിച്ചതുകൊണ്ടാവണം സ്വന്തം വൃക്ക, താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ലോകത്തിന്റെ ഏതോ കോണിലുള്ള ഒരു മനുഷ്യന് ദാനം ചെയ്യുവാന്‍ ഫാദര്‍. ഡേവിസ് ചിറമേലിനു തോന്നിയത്. അതില്‍ മതമില്ലായിരുന്നു, രക്തബന്ധങ്ങളുടെ പവിത്രത ഇല്ലായിരുന്നു. വര്‍ണ്ണവൈജാത്യങ്ങളില്ലായിരുന്നു. മനുഷ്യത്വമെന്ന ഒരേ ഒരു വികാരം മാത്രം. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്വന്തം കിഡ്‌­നി ദാനം ചെയ്യുവാന്‍ നിരവധി പേര്‍ മുന്‍പോട്ടു വന്നു. എറണാകുളത്തെ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയായിരുന്നു തുടക്കക്കാരന്‍. തുടര്‍ന്ന് അദ്ദേഹത്തിന്റെ വൃക്ക സ്വീകരിച്ച ആളിന്റെ ഭവനത്തിലെ ഒരംഗം, തന്റെ വൃക്ക മറ്റൊരു ആവശ്യക്കാരന് നല്‍കുവാന്‍ തയ്യാറായി. അവിടെ 'കിഡ്‌­നി ചെയിന്‍' എന്ന പ്രസ്ഥാനം പിറവി എടുക്കുകയായിരുന്നു. അച്ചന്‍ തുടര്‍ന്നു പറഞ്ഞു. കിഡ്‌­നി ഫെഡറേഷന്‍ എന്ന പേരില്‍ ആഗോളവ്യാപകമായി ഈ പ്രസ്ഥാനം ഇന്ന് പടര്‍ന്ന് പന്തലിച്ച് പ്രവര്‍ത്തിച്ച് വരുന്നു. 'ഡയാലിസിസി'­നായി ഒരു രോഗിക്ക് ആവശ്യമായി ഒരു വര്‍ഷത്തെ ചിലവ് അമേരിക്കന്‍ മലയാളി സമൂഹത്തോട് ആവശ്യപ്പെടുകയാണ് ഫാദര്‍ ചിറമേല്‍. ഇതിനു വേണ്ടി വരുന്ന ചിലവ് അറിയുമ്പോള്‍ ഒരു പക്ഷേ നാം ഒന്ന് അമ്പരപ്പെട്ടേക്കും. വെറും ഒരു ഡോളര്‍ വീതം ആഴ്ചയില്‍ മാറ്റിവെച്ച് ഒരു വര്‍ഷത്തേക്ക് '52 ഡോളര്‍' നല്‍കുക. "one dollar revolution USA" എന്നാണ് ഈ സംരംഭത്തിന് ഇദ്ദേഹം പേരിട്ടിരിക്കുന്നത്. തികച്ചും സുതാര്യമാണ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍. തുറന്ന പുസ്തകങ്ങളാണ് കണക്കുകള്‍ 'frdavischiramel.com'എന്ന 'വെബ്‌­സൈറ്റ്' സന്ദര്‍ശിച്ചാല്‍ അത് ബോധ്യമാകും. ' വണ്‍ ഡോളര്‍ യുഎസ്എ'യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും അംഗത്വ കാര്‍ഡ് അപ്പോള്‍ തന്നെ നല്‍കുന്നതാണ്. 'അടുത്തുനില്‍പ്പോരനുജനെനോക്കാന്‍ അക്ഷികളില്ലാത്തോര്‍­ ക്കരൂപനീശ്വരനദൃശ്യനായാല്‍ അതിലെന്താശ്ചര്യം.' സമൂഹത്തോടുള്ള അച്ഛന്റെ ഈ ചോദ്യം വളരെ പ്രസക്തമാണ്. ജാതിമത പരിഗണനകള്‍ക്കതീതമായി മാനവീകത ബോധത്തോടെ പ്രവര്‍ത്തിക്കുന്ന നല്ല കുറെ മനുഷ്യരാണ് കിഡ്‌­നി ഫെഡറേഷനോടൊപ്പം പ്രവര്‍ത്തിക്കുന്നത്. പണ്ഡിതനും, പാമരനുമടക്കം, പണക്കാരനും പാവപ്പെട്ടവനുമടക്കം, ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുറെയേറെ മനുഷ്യര്‍. പ്രശസ്തി ആഗ്രഹിച്ചതല്ല, ചാര്‍ത്തപ്പെട്ടതാണ് എന്ന് പ്രവര്‍ത്തകരുടെ സാക്ഷ്യപത്രം. രോഗത്തെ അതിജീവിക്കുന്ന ജീവിതങ്ങളുടെ ആരും പറയാത്ത കഥകള്‍ പിന്നാപുറങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. ഗുണഭോക്താക്കള്‍ പലരും നിരാലംബരായിരുന്നു. രോഗം മൂലം ജീവിതം താറുമാറായ ജീവിതഘടികാരങ്ങള്‍. അവരെ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാന്‍ സാധിച്ചു. ഇത് പ്രത്യാശയുടെ ഒരു തുടക്കം ആയിരുന്നു. ഇതിലെ പുതുനാമ്പുകള്‍ ജീവിത്തിലേക്കുള്ള പ്രയാണങ്ങളായിരുന്നു. കാലിടറിയവന് കൈത്താങ്ങായി അവര്‍ പരസ്പരം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ ലഭിച്ച ആന്തരികസുഖം പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കി. ഈ സംസ്­കരിക്കപ്പെട്ട വിശുദ്ദിയും, വിശാലതയുമാണ് സംരംഭത്തെ ഇപ്പോഴും മുന്‍പോട്ട് നയിക്കുന്നത്. "മറ്റുള്ളവര്‍ നിനക്ക് ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നത് എന്താണോ അത് നീ അവര്‍ക്കായി ചെയ്യുക.' എന്ന സ്വര്‍ണ്ണനിയമം ഈ നല്ല ഇടയന്‍ ലോകത്തിന് കാണിച്ചു കൊടുക്കുക കൂടിയാണ് ഇതുവഴി ചെയ്യുന്നത്. നിരാലംബരായ അയര്‍ക്കാരനെ സഹായിക്കുക വഴി ധര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണമായി ലോകം അംഗീകരിച്ച പ്രസ്തുത പ്രമാണത്തെ ഇദ്ദേഹം ശിരസാവഹിക്കുന്നതായിക്കാണാം. രണ്ടരപ്പതിറ്റാണ്ടിലേറെയായി ഫ്‌­ളോറിഡായിലെ റ്റാമ്പായില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌­ളോറിഡ (എം.എ.സി. എഫ്) ഇതിനോടകം നിരവധി കര്‍മ്മപരിപാടികള്‍ ആവിഷ്­കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. പരിചിതപഥങ്ങളില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ടുകൊണ്ട്, "one dollar revolution USA" എന്ന സംരംഭത്തില്‍ തങ്ങളും ഫാദര്‍ ചിറമേലിനോടൊപ്പം ഒരു സഹകാരിയാവുകയാണ്. ഈ ഉദ്യമത്തിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത് സജി കരിമ്പന്നൂര്‍ (813 263 5302) സോണി കുളങ്ങര (813 453 2224) എന്നിവരാണ്. കൂടാതെ, ഡൊണേ­ഷന്‍ ഹോട്ട്‌ലൈനായി macftampa@gmail.com എന്ന വെബ്‌സൈ­റ്റു­മായി ബന്ധപ്പെടാവുന്നതാണ്. പ്രസ്തുത കനിവിന്റെ ഉറവില്‍ പങ്കാളികളാകുവാന്‍ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളോടൊപ്പം എം.എ.സി.എഫ് പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്ത്, സെക്രട്ടറി രാജീവ് നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 23 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌­ളോറിഡായുടെ സുവര്‍ണ്ണജൂബിലി ആസ്ഥാനമന്ദിരമായ കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (കെ.സി.സി) വെച്ച് "വണ്‍ ഡോളര്‍ റെവ­ല്യൂ­ഷന്‍ യു.­എ­സ്.എ വിത്ത് എം.­എ.­സി.­എഫ് കാമ്പ­യിന്‍ നടക്കും. യോഗത്തില്‍ ഫാ. ഡേവിസ് ചിറമേല്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കിഡ്‌­നി ഫെഡറേഷനെക്കുറിച്ച് അദ്ദേഹം വിശദമായ സംസാരിക്കും. താമ്പായിലെ സാമുദായിക, സാംസ്­കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ പ്രസ്തുത യോഗത്തില്‍ സംബന്ധിക്കുന്നതാണ്. "one dollar revolution USA" യുടെ അംഗത്വവിതരണവും അന്ന് നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന എം.എ.സി.എഫ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. ടോമി മ്യാല്‍ക്കരപ്പുറത്ത്, സജി മഠത്തിചേട്ട്, റ്റി.ഉണ്ണികൃഷ്ണന്‍, രാജീവ് നായര്‍, ജയിംസ് ഇല്ലിക്കല്‍, ഏബ്രഹാം ചാക്കോ, ഷീലാ ഷാജു, ഫാ.റ്റോംസണ്‍ ചാക്കോ, ജസ്റ്റിന്‍ ജയമോന്‍, രാമപ്രസാദ് ദൊരാജ്, ഷാജി ജോസഫ്, ഷോണി ഏബ്രഹാം , സുനില്‍ വറുഗീസ്, തോമസ് ജോര്‍ജ്, വറുഗീസ് ഏബ്രഹാം, സാല്‍മോന്‍ മാത്യൂ, സാജന്‍ കോരത്, ഷീലാക്കുട്ടി. കിഡ്‌­നി ഫൗണ്ടേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ഫാദര്‍ ഡേവിഡ് ചിറമേലുമായി നേരിട്ട് ഫോണ്‍ ഇന്റര്‍വ്യൂവിലൂടെ ലഭിച്ചവയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.